എ.എ. റഹീം സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി



തിരുവനന്തപുരം: എ.എ. റഹീം എം.പി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയിയെ വര്‍ക്കലയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് എ.എ.റഹീമിനെ ജില്ലാ സെക്രട്ടറിയാക്കാന്‍ ധാരണയായത്. ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റാണ് റഹീം.

നിലവിൽ വർക്കല എം.എൽ.എയാണ് വി. ജോയ്. വർക്കലയിൽ ജയസാധ്യത കൂടുതൽ ജോയിക്കാണ് എന്ന കണ്ടെത്തലിനെ തുടർന്നാണ് വീണ്ടും അദ്ദേഹത്തെ തന്നെ പരിഗണിച്ചത്. ജോയി വീണ്ടും മത്സരിക്കുകയാണെങ്കിൽ ജില്ല സെക്രട്ടറിയായി പുതിയ ആളെ പാർട്ടി തെരഞ്ഞെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ.എമാർ മുഴുവൻ മത്സരിക്കാനാണ് സാധ്യത. സീറ്റുകൾ നിലനിർത്താൻ എല്ലാ സിറ്റിങ് എം.എൽ.എമാരും കളത്തിലിറങ്ങണമെന്നായിരുന്നു പാർട്ടി ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലുയർന്ന പൊതുവികാരം.

നേമം -മന്ത്രി വി. ശിവൻകുട്ടി, അരുവിക്കര -ജി. സ്‌റ്റീഫൻ, പാറശാല -സി.കെ. ഹരീന്ദ്രൻ, കാട്ടാക്കട -ഐ.ബി. സതീഷ്, നെയ്യാറ്റിൻകര -കെ. അൻസലൻ, ആറ്റിങ്ങൽ -ഒ.എസ്. അംബിക, വാമനപുരം -ഡി.കെ. മുരളി, കഴക്കൂട്ടം -കടകംപള്ളി സുരേന്ദ്രൻ, വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത് എന്നിവരും വീണ്ടും ജനവിധി തേടാൻ സാധ്യതയുണ്ട്.