ഫണ്ട് ലഭിച്ചില്ല; പൂർത്തിയാകാതെ ഗീതയുടെ വീട് നിർമാണം

പണി പൂർത്തിയാകാതെ കിടക്കുന്ന ഗീതയുടെ വീട്
കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ ഗീതയുടെ വീട് നിർമാണം ഇനിയും പൂർത്തിയായില്ല. അവസാന ഗഡു ലഭിക്കാത്തതാണ് കാരണം. ഇതോടെ വന്യമൃഗശല്യത്തിനിടയിൽ കാര്യമായ അടച്ചുറപ്പില്ലാതെയാണ് ഗീതയും കുടുംബവും കഴിയുന്നത്. ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് ആദിവാസി ഉന്നതിയിലെ ഗീതയുടെയും വിനോദിന്റേയും വീട് നിർമാണം തുടങ്ങിയിട്ട് 12 വർഷത്തിലേറെയായി.
പ്ലാസ്റ്റിക്കുകൊണ്ട് മേഞ്ഞതും മറച്ചതുമായ ഷെഡിലായിരുന്നു ഒന്നര പതിറ്റാണ്ടോളം കഴിഞ്ഞത്. തറ നിർമാണം പൂർത്തിയാകാൻ രണ്ട് വർഷമെടുത്തു. ചുമരിന്റെ പടവ് തുടങ്ങുന്നതിന് രണ്ടാം ഗഡുവിനായി ബാങ്കിൽ ചെന്നപ്പോഴാണ് ഐ.ടി.ഡി.പി അധികൃതർ മുഖേന വനം വകുപ്പ് പ്രത്യേക ഉത്തരവിലൂടെ പണം തടഞ്ഞത്. വീട് വെക്കുന്ന സ്ഥലം വനം വകുപ്പിൻ്റേതാണെന്ന് പറഞ്ഞായിരുന്നു ഇത്.
