സോളാർ കേസിൽ മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടി നിർത്തിവെക്കണമെന്ന ഹരജി കോടതി തള്ളി



കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹരജി കോടതി കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിതള്ളി. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികൾ നിർത്തിവയ്ക്കണം എന്നതായിരുന്നു ആവശ്യം. സോളാർ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചനയാണ് എന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി.

സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ നാല് പേജ് കൂട്ടിച്ചേർത്തു എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതി നടപടികൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോടതി നടപടികൾക്ക് അമിത പ്രാധാന്യം ലഭിക്കുന്നു. അത് തനിക്ക് ദോഷമായി ബാധിക്കും എന്ന് കാണിച്ചാണ് കെ.ബി ഗണേഷ് കുമാർ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം. ഇതാണ് കോടതി തള്ളിയത്.

സോളാർ ഗൂഢാലോചന കേസിൽ പരാതിക്കാരിയുടെ കത്ത് ഗണേഷ്‌കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് കൈമാറിയിരുന്നതായി സരിതയുടെ മുൻ അഭിഭാഷകനായിരുന്ന അഡ്വ:ഫെനി ബാലകൃഷ്ണൻ മൊഴി നൽകിയിരുന്നു.

പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന പ്രദീപ് കുമാറിനും, ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിനും കത്ത് കൈമാറിയിരുന്നതായാണ് ഫെനി ബാലകൃഷ്ണൻ മൊഴി നൽകിയിട്ടുള്ളത്. ഫെനി ബാലകൃഷ്ണന്റെ മൊഴി പൂർണ്ണമായും രേഖപെടുത്തിയിട്ടില്ല. ഉമ്മൻ ചാണ്ടിയെ പീഡനകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായി മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന സുധീർ മലയിൽ കോടതിയിൽ ഹാജരായി മൊഴി നൽകിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.