കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച, രണ്ട് കോടി വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ച രണ്ടു കോടി രൂപ മൂല്യമുള്ള സ്വർണാഭരണങ്ങൾ നഷ്ടമായി. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പൊലീസിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലകൾ, പാദസരങ്ങൾ, കമ്മലുകൾ ഉൾപ്പെടെയാണ് കാണാതായത്. രത്നക്കല്ലുൾപ്പെടെയുള്ള ആഭരണങ്ങൾ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. പത്നാഭ സ്വാമിയുടെ ചിത്രംകൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്. 2025 നവംബറിൽ ബംഗളൂരുവിൽ പോകുന്നതിനു മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്.
പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ ചെയിൻ – അര പവൻ, പിച്ചിപ്പുമൊട്ട് ഡിസൈനിലുള്ള സ്വർണ പാദസരം – 3 പവൻ, കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസരം – 2 പവൻ, വീതിയുള്ള ഇല ഡിസൈൻ 2 വളകൾ – 4 പവൻ ഇവയാണ് മോഷണം പോയ ആഭരണങ്ങളിലുള്ളത്.
ഇതിനു 10 ദിവസം മുമ്പ് ആഭരണം പുറത്തെടുത്ത് അടുക്കി വെച്ചിരുന്നു. കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. നാലുമാസം പൊലീസ് രഹസ്യമായ അന്വേഷിച്ചിട്ടും വസ്തുക്കൾ കണ്ടെത്താനായില്ലെന്നാണ് വിവരം. കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകും മോഷണത്തിനു പിന്നിലെന്നാണ് നിഗമനം.
