കാളപ്പോരിന്റെ വീറും ചാണക്യതന്ത്രങ്ങളും; ലൂയിസ് ഡ ലാ ഫുവന്റെ, സ്പാനിഷ് പടയുടെ ഭീഷ്മാചാര്യൻ

2026 ലോകകപ്പിന്റെ ഫൈനൽ വേദിയിലേക്ക് ലാ റോഹ നടന്നു കയറുമ്പോൾ, ഫുട്ബാൾ ലോകം ഒന്നടങ്കം നോക്കുന്നത് ഡഗ്ഔട്ടിലെ ആ 65-കാരനിലേക്കാണ്. ഒരു പത്രപ്പരസ്യത്തിൽ നിന്ന് തുടങ്ങി ലോകകപ്പ് ഫൈനൽ വരെയെത്തിയ ഡ ലാ ഫുവന്റെയുടെയും സ്പെയിന്റെയും അവിശ്വസനീയമായ ഉദയത്തിന്റെ കാവ്യാത്മകമായ കഥ.. അത് വല്ലാത്തൊരു കഥയാണ്.

ലൂയിസ് ഡ ലാ ഫുവന്റെ. മൂന്ന് വർഷം മുൻപ് സ്പെയിൻ പരിശീലകനായി ചുമതലയേൽക്കുമ്പോൾ മാധ്യമങ്ങൾ കളിയാക്കി ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു: “ആരാണ് ലൂയിസ് ഡ ലാ?”. ഇന്ന്, ഒന്നിനു പുറകെ ഒന്നായി കിരീടങ്ങൾ നേടി സ്പെയിനെ ലോക ഫുട്ബാളിന്റെ നെറുകയിൽ എത്തിച്ച് ആ പരിഹാസങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയിരിക്കുകയാണ്.

പതിനൊന്ന് മത്സരങ്ങൾക്ക് ശേഷം 2011 ഒക്ടോബറിൽ അലാവെസ് എന്ന മൂന്നാം ഡിവിഷൻ ക്ലബിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ഫുവന്റെയുടെ കരിയർ ഏതാണ്ട് അവസാനിച്ചതായിരുന്നു. അടുത്ത മാസം ആരെങ്കിലും തന്നെ വിളിക്കുമെന്ന് അദ്ദേഹം കരുതി, എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആ ഫോൺ ശബ്ദിച്ചില്ല. ഒന്നര വർഷത്തോളം കൈയിൽ ഒരു ജോലിപോലുമില്ലാതെ അദ്ദേഹം നടന്നു. എന്നാൽ ആ പ്രതിസന്ധിഘട്ടത്തിലും അദ്ദേഹം ഫുട്ബാളിനെ കൈവിട്ടില്ല.

ഇതിഹാസ പരിശീലകൻ മാഴ്സെലോ ബിയൽസയുടെ അത്‌ലറ്റിക് ബിൽബാവോയിലെ പരിശീലന സെഷനുകൾ കാണാൻ അഞ്ച് മാസത്തോളമാണ് ഫുവന്റെ പോയത്. ബിയൽസയുടെ തന്ത്രങ്ങൾ അദ്ദേഹം ക്യാമറയിൽ പകർത്തി പഠിച്ചു. ആ ഇരുണ്ട നാളുകളിൽ അദ്ദേഹം പഠിച്ച പാഠങ്ങളാണ് പിൽക്കാലത്ത് സ്പാനിഷ് കളിശൈലിയെ മാറ്റിമറിക്കാൻ അദ്ദേഹത്തെ സഹായിച്ചത്.

2013 മേയിൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ പത്രത്തിൽ നൽകിയ ഒരു കോച്ചിംഗ് ജോലി പരസ്യമാണ് സ്പെയിൻ ഫുട്ബാളിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ചത്. ആ പരസ്യത്തിന് അപേക്ഷിച്ച ഫുവന്റെ സ്പാനിഷ് യൂത്ത് സിസ്റ്റത്തിന്റെ ചുമതലയേറ്റെടുത്തു. അവിടെ നിന്നും അദ്ദേഹം താഴെത്തട്ടിൽ നിന്ന് ഒരു ടീമിനെ പടിപടിയായി കെട്ടിപ്പടുത്തു.

2015-ൽ സ്പെയിൻ അണ്ടർ-19 ടീമിനൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, 2018-ൽ മെഡിറ്ററേനിയൻ ഗെയിംസ് സ്വർണം, 2019-ൽ ജർമനിയെ തോൽപ്പിച്ച് അണ്ടർ-21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, 2021-ൽ ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ എന്നിങ്ങനെ അദ്ദേഹത്തിന്റെ വിജയയാത്ര അവിശ്വസനീയമായിരുന്നു.

പഴയ സ്പാനിഷ് ടീമുകളിൽ വലിയ ക്ലബ് വൈരങ്ങളും ഈഗോകളും പ്രകടമായിരുന്നു. എന്നാൽ ഫുവന്റെ ഇതിനെയെല്ലാം സ്നേഹം കൊണ്ട് അലിയിപ്പിച്ചു കളഞ്ഞു. അദ്ദേഹം ടീമിൽ കൊണ്ടുവന്ന ഏറ്റവും വലിയ തന്ത്രം ‘കുടുംബം’ എന്ന ആശയമായിരുന്നു. യൂത്ത് ടീം മുതൽ തന്റെ കൂടെ വളർന്ന കളിക്കാരെയാണ് അദ്ദേഹം സീനിയർ ടീമിലും നട്ടെല്ലാക്കിയത്.

റോഡ്രി, ഉനായ് സിമോൺ, ഡാനി ഓൽമോ, മിഖേൽ മെറിനോ, ഫാബിയൻ റൂയിസ്, കുക്കറെയ്യ എന്നിവരെല്ലാം ഫുവന്റെയുടെ തണലിൽ വർഷങ്ങളായി ഒരുമിച്ച് വളർന്നവരാണ്. മികച്ച ഫോമിലുള്ള ഒന്നാം നിര ഗോളി ഡേവിഡ് രായയെ ബെഞ്ചിലിരുത്തി തന്റെ വിശ്വസ്തനായ ഉനായ് സിമോണിനെ വല കാക്കാൻ ഇറക്കുന്ന ഫുവന്റെയുടെ തീരുമാനത്തിൽ തന്നെ അദ്ദേഹത്തിന് തന്റെ കുട്ടികളോടുള്ള അചഞ്ചലമായ വിശ്വാസം എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്.

കളിക്കാരുമായി കേവലം പ്രൊഫഷണൽ ബന്ധമല്ല, മറിച്ച് അങ്ങേയറ്റത്തെ ആത്മബന്ധമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്ന ഓരോ വാക്കുകളും കളിക്കാർ പൂർണ്ണ മനസ്സോടെ കളത്തിൽ പ്രാവർത്തികമാക്കി. തന്ത്രപരമായ വലിയ മാറ്റങ്ങളാണ് അദ്ദേഹം സ്പാനിഷ് ടീമിൽ കൊണ്ടുവന്നത്. ലൂയിസ് എൻറിക്വെയുടെ കാലത്ത് സ്പെയിൻ കളിച്ചിരുന്ന വിരസമായ, ലക്ഷ്യമില്ലാത്ത പാസിംഗ് ശൈലിക്ക് ഫുവെന്റെ അന്ത്യം കുറിച്ചു.

പകരം മികച്ച പന്തടക്കത്തോടെയുള്ള അതിമനോഹരമായ പോസെഷൻ ഗെയിമും, എതിരാളികളെ വരിഞ്ഞുമുറുക്കുന്ന തരത്തിൽ മിഡ്‌ഫീൽഡ് ഓവർലോഡ് ചെയ്ത് കളി നിയന്ത്രിക്കുന്ന തന്ത്രവുമാണ് അദ്ദേഹം ടീമിൽ വിജയകരമായി നടപ്പിലാക്കിയത്.

ഇതിനൊപ്പം ലമീൻ യമാൽ, നിക്കോ വില്യംസ് തുടങ്ങിയ യുവ വിങ്ങർമാർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി സ്പെയിന്റെ ആക്രമണങ്ങൾക്ക് അദ്ദേഹം മൂർച്ച കൂട്ടി. മധ്യനിരയിൽ കളി പൂർണ്ണമായും നിയന്ത്രിച്ചുകൊണ്ട് മനോഹരമായ പാസിംഗ് ഗെയിമിലൂടെ ഗോൾ അവസരത്തിനായി കാത്തിരിക്കും, പന്ത് നഷ്ടപ്പെടുമ്പോൾ തന്നെ തിരിച്ചുപിടിക്കുന്ന ഉയർന്ന പ്രസ്സിംഗ് ശൈലിയും സ്പെയിനെ കൂടുതൽ അപകടകാരികളാക്കി.

2023-ൽ നേഷൻസ് ലീഗ് കിരീടവും,2024-ൽ യൂറോ കപ്പും നേടിക്കൊണ്ട് ഫുവന്റെ താൻ വെറുമൊരു ഫെഡറേഷൻ കോച്ച് മാത്രമല്ല, ലോകോത്തര തന്ത്രജ്ഞനാണെന്ന് തെളിയിച്ചു. 2010-ൽ വിൻസെന്റ് ഡെൽ ബോസ്ക് സ്പെയിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിന് ശേഷം, അതേ മാനവികതയും ദീർഘവീക്ഷണവുമുള്ള ഒരു പരിശീലകനെയാണ് ഇപ്പോൾ ഫുവന്റെയിലൂടെ സ്പെയിന് ലഭിച്ചിരിക്കുന്നത്.

ഫുവന്റെ ഇന്നും പഴയ ചങ്ങാതിമാർക്കൊപ്പം കഫേകളിൽ പോകാനും സാധാരണക്കാരനായി ജീവിക്കാനും ഇഷ്ടപ്പെടുന്നു. അലാവെസിൽ നിന്ന് പുറത്താക്കപ്പെട്ട ആ പഴയ 50-കാരനിൽ നിന്ന്, ലോകകപ്പ് ഫൈനൽ വേദിയിൽ എത്തിനിൽക്കുന്ന ഈ 65-കാരനിലേക്കുള്ള ദൂരം കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലമാണ്. ഫൈനലിൽ കിരീടം നേടാനായാൽ, ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ വീണ്ടെടുപ്പിന്റെ കാവ്യമെന്ന് ലോകം ലൂയിസ് ഡ ലാ ഫുവന്റെയുടെ ജീവിതത്തെ വാഴ്ത്തും.