പയ്യന്നൂരിൽ സി.പി.എം സ്ഥാനാർഥിക്കെതിരെ വി. കുഞ്ഞികൃഷ്ണൻ മത്സരിക്കും; പ്രഖ്യാപനം നാളെ


കണ്ണൂർ : സി.പി.എം കോട്ടയായ പയ്യന്നൂരിൽ സിറ്റിങ് എം.എൽ.എ  ടി.ഐ. മധുസൂദനനെതിരെ വി. കുഞ്ഞികൃഷ്ണൻ മത്സരിക്കുമെന്ന് റിപ്പോർട്ട്. സ്ഥാനാർഥി പ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക് ഔദ്യോഗികമായി നടക്കും. പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം ഉയർത്തിയ പരസ്യ വെല്ലുവിളികൾ പയ്യന്നൂരിലെ സി.പി.എമ്മിൽ വലിയ ഭിന്നതയ്ക്ക് കാരണമായിരുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലെ തിരിമറി, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതിലെ ക്രമക്കേട് തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് വി. കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ ഉന്നയിച്ചിരുന്നത്. അദ്ദേഹം നടത്തിയ ഈ വെളിപ്പെടുത്തലുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.

അതേസമയം, വി. കുഞ്ഞികൃഷ്ണനെ സ്ഥാനാർഥിയായി പിന്തുണയ്ക്കാനുള്ള കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. വി. കുഞ്ഞികൃഷ്ണൻ സ്ഥാനാർഥിയായാൽ അതിനെ ശക്തമായി എതിർക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ചരിത്രമുള്ളവരെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും, പയ്യന്നൂരിൽ പാർട്ടി സ്വന്തം സ്ഥാനാർഥിയെ തന്നെ നിർത്തണമെന്നുമാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്.