സ്കൂട്ടറിൽ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; രണ്ട് മക്കൾക്ക് ഗുരുതര പരിക്ക്

തിരൂർ: മക്കളോടൊപ്പം സ്കൂട്ടറിൽ പോകവേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വട്ടത്താണി വലിയപാടം സ്വദേശി മേലെവീട്ടിൽ ഹിഷാമിന്റെ ഭാര്യ തസ്നി (35) ആണ് മരിച്ചത്.
പൂക്കയിൽ കൂട്ടായി തിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസ് തസ്നി ഓടിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായ പരിക്ക്. ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 7 മണിയോടെയാണ് കൂട്ടായിയിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ബസ് തിരൂർ ഭാഗത്തുനിന്നും ഉണ്യാൽ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ബസ് തെറ്റായ ദിശയിലൂടെയാണ് വന്നതെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തിൽ അടിയിൽപെട്ട സ്കൂട്ടറുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിർത്തിയത്. തസ്നി തൽക്ഷണം മരിച്ചു.
അപകടം നടന്ന ഉടനെ തന്നെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
