‘ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഞാൻ തന്നെയാണ്, അതാണ് അവസാന വാക്ക്’; ക്രിസ്റ്റ്യാനോ റൊണാൾഡോ

ലിസ്ബൺ: താൻ നേടുന്ന ഗോളുകൾക്കും പ്രകടനത്തിനും അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 41കാരനായ താരം മനസ് തുറന്നത്. ദി അത്‌ലറ്റിക്കാണ് അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ പുറത്തുവിട്ടത്.‘എന്‍റെ പ്രകടനത്തിനും എന്റെ ഗോളുകൾക്കും ആളുകൾ അർഹിക്കുന്ന ക്രെഡിറ്റ് നൽകുന്നില്ല’ എന്നായിരുന്നു റൊണാൾഡോയുടെ വാദം.

കരിയറിന്റെ അവസാന ഘട്ടത്തിലും ഗോളടി തുടരുന്ന താരം തന്റെ പ്രകടനത്തെ ചിലർ ബോധപൂർവം കുറച്ചു കാണുന്നുവെന്നാണ് സൂചിപ്പിച്ചത്. കണക്കുകൾ തന്നെയാണ് റൊണാൾഡോയുടെ വാക്കുകൾക്ക് അടിവരയിടുന്നത്. ക്ലബ്ബുകൾക്കും പോർച്ചുഗൽ ദേശീയ ടീമിനുമായി 1337 മത്സരങ്ങളിൽ നിന്ന് 980 ഗോളുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഫുട്ബാൾ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത നേട്ടമാണിത്. ഇതിൽ ഏകദേശം പകുതിയോളം ഗോളുകളും (450 ഗോളുകൾ) റയൽ മഡ്രിഡിനായി 438 മത്സരങ്ങളിൽ നിന്നാണ് നേടിയത്.

റയലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ കൂടിയാണ് റൊണാൾഡോ. റയലിന് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 145 ഗോളുകളും, യുവന്റസിനായി 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകളും, പോർച്ചുഗൽ ദേശീയ ടീമിനായി 146 ഗോളുകളും താരം നേടിയിട്ടുണ്ട്. നിലവിലെ ക്ലബ്ബായ സൗദി ക്ലബ്ബ് അൽ നസറിനായി 156 മത്സരങ്ങളിൽ നിന്ന് 133 ഗോളുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. കരിയറിൽ 1000 ഗോളുകൾ എന്ന ചരിത്ര നേട്ടം ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന് ആത്മവിശ്വാസത്തോടെയുള്ള മറുപടിയായിരുന്നു റൊണാൾഡോ നൽകിയത്.

‘കാര്യങ്ങൾ സ്വാഭാവികമായി സംഭവിക്കണം. ഞാൻ 920 ഗോളുകളോ 925 ഗോളുകളോ 930 ഗോളുകളോ നേടിയാലും, ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഞാൻ തന്നെയാണ്, അതാണ് അവസാന വാക്ക്’ റൊണാൾഡോ പറഞ്ഞു. കണക്കുകൾ സ്വയം സംസാരിക്കും. ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിൽ എത്താൻ കഴിഞ്ഞാൽ അത് അത്ഭുതകരമായ കാര്യമായിരിക്കും, അതിനായി ഞാൻ പരിശ്രമിക്കുന്നുമുണ്ട്. പക്ഷെ ഞാൻ ദീർഘകാലത്തെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല’ താരം കൂട്ടിച്ചേർത്തു.

‘ഞാൻ ഭാവിയെക്കുറിച്ച് വല്ലാതെ ചിന്തിച്ചു കൂട്ടാറില്ല. വർത്തമാനത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്ക് ഫുട്ബാൾ കളിക്കാൻ തോന്നിയില്ലെന്നും വരാം. അല്ലെങ്കിൽ മടിയായിരിക്കും. എനിക്കത് കൃത്യമായി പറയാൻ അറിയില്ല,’ റൊണാൾഡോ വ്യക്തമാക്കി.