കൊയിലാണ്ടിയിൽ സ്കൂട്ടർ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് എം.ബി.ബി.എസ് വിദ്യാർഥികൾ



കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാടിൽ ഇന്ന് പുലർച്ചയുണ്ടായ വാഹനാപകടത്തിൽ മൂന്ന് എം.ബി.ബി.എസ് വിദ്യാർഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളജ് വിദ്യാർഥികളാണ് മൂന്നു പേരും. ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ച രണ്ടരയോടെയാണ് ദാരുണമായ സംഭവം നടന്നത്.

നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

നിലവിൽ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.