എം.വി ഗോവിന്ദന് പകരം ഞാൻ പത്രസമ്മേളനം നടത്തിയെന്നത് തെറ്റായ ആരോപണം- എം.സ്വരാജ്


കൊച്ചി: എം.വി ഗോവിന്ദ് പകരം താൻ പത്രസമ്മേളനം നടത്തിയെന്ന് പറയുന്നത് വെറും ആരോപണം മാത്രമാണെന്നും ആരോപണങ്ങളെല്ലാം പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും എം.സ്വരാജ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൂട്ടായ രീതിയില്‍ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഗീയ ശക്തികളുടെയും പിന്തുണ വേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് തങ്ങള്‍. വര്‍ഗീയ സംഘടനക്കൊപ്പം നില്‍ക്കുന്ന സതീശന് മതേതരത്വം എന്ന വാക്ക് പറയാന്‍ അവകാശമില്ലെന്നും സ്വരാജ് പറഞ്ഞു.

കോഴ തട്ടിപ്പിലൂടെയും പിരിവുകളിലൂടെയും പണം അടിച്ചുമാറ്റുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നോക്കിയാല്‍ അത് കാണാനാകുമെന്നും സ്വരാജ് പറഞ്ഞു.

‘കുംഭകോണം എന്ന വാക്ക് രാജ്യത്തിന് സംഭാവന ചെയ്തത് കോണ്‍ഗ്രസാണ്. സീറ്റുകള്‍ വില്‍ക്കുക എന്നതിലൂടെ അഴിമതിയുടെ പുതിയ മുഖമായി കോണ്‍ഗ്രസ് മാറി. ഹരിയാനയില്‍ അടുത്തിടെ സംഭവിച്ചത് അതാണ്. കോണ്‍ഗ്രസിന്റെ ഉന്നതരായ കെ.സി വേണുഗോപാല്‍, പ്രിയങ്ക, കൊടിക്കുന്നില്‍ എന്നിവരാണ് ആരോപണവിധേയര്‍. പി.എ വഴി പണം കൈപ്പറ്റി എന്നത് കുറ്റസമ്മതമാണ്. ഗൗരവ്കുമാര്‍ വാട്‌സ്ആപ്പ് ചാറ്റുകളടക്കം തെളിവുകളായി പുറത്തുവിട്ടു. കുംഭകോണം സ്ഥിരീകരിക്കപ്പെട്ടു. അത് വെറും ആരോപണങ്ങളായി കാണാനാകില്ല. ബിഹാറില്‍ നിന്നും സമാനരീതിയില്‍ വിഷയം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എയാണ് ഈ പരാതിയും നല്‍കിയത്.

രാജ്യവ്യാപകമായി സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ കച്ചവടം നടത്തുകയാണ്. കോഴ തട്ടിപ്പ്, പിരിവിലൂടെയുള്ള പണം അടിച്ചുമാറ്റുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നോക്കിയാല്‍ പോലും ഇത് കാണാം. വന്‍ തോതില്‍ പണം ചിലവഴിച്ച് സീറ്റ് വിലക്ക് വാങ്ങിയവരെ മത്സരരംഗത്ത് കാണാം. ഭാവിയില്‍ ഇതെല്ലാം തെളിവുകള്‍ സഹിതം ഞങ്ങള്‍ പുറത്തുകൊണ്ടുവരും. വയനാട് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് പച്ചക്കള്ളങ്ങളാണ് കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നിട്ടും രക്തസാക്ഷി ഫണ്ട് എവിടെ എന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഒരു ചോദ്യത്തിന്റെ മറുപടി മറുചോദ്യമാണോ? 230 വീട് വെക്കാന്‍ മൂന്ന് ഏക്കര്‍ സ്ഥലമെന്ന കോണ്‍ഗ്രസ് വാദം സാക്ഷാല്‍ക്കരിക്കപ്പെട്ടാല്‍ മറ്റൊരു ലോകാത്ഭുതം തന്നെയായിരിക്കും അത്. കെ. കരുണാകരന്‍ സ്മാരകത്തിനായി 4 തവണയാണ് അവര്‍ പണം പിരിച്ചത്. എന്നാല്‍, രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരു അണ പോലും സിപിഎം ദുരുപയോഗം ചെയ്തിട്ടില്ല. കുടുംബത്തിനായും കേസിനായും അത് ഉപയോഗിക്കപ്പെട്ടു. ധനരാജിന്റെ കുടുംബത്തോട് ചോദിച്ചാല്‍ അക്കാര്യം അറിയാനാകും. അതേസമയം, വയനാട് ഫണ്ടില്‍ സംയുക്ത അക്കൗണ്ട് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കാന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും സ്വരാജ് ചോദിച്ചു. ‘ധനരാജ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒരു കള്ളന്‍ ചോദിച്ചാല്‍ പുറത്ത് വിടാനൊക്കുമോ? പാര്‍ട്ടിക്കാരില്‍ നിന്ന് പിരിച്ച ഫണ്ടാണ് അത്. കണക്കുകളെല്ലാം കൃത്യമായി തന്നെ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.