ചിഹ്നമായതിനാൽ ‘ചക്ക’ മൂടുന്നു, കൈപ്പത്തിയും മൂടി വെക്കേണ്ടതല്ലേ? -ടി.പി. സെൻകുമാർ



കൊച്ചി: പോളിങ് ബൂത്തിന്റെ 100 മീറ്റർ ചുറ്റളവിലുള്ള തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ മറച്ചുവെക്കുന്നതിന്റെ ഭാഗമായി ട്വന്റി 20യുടെ ചിഹ്നമായ ചക്ക, ചാക്ക് ഉപയോഗിച്ച് മൂടിവെച്ചതിനെതിരെ മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി. സെൻകുമാർ. കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്ക്കാം എങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേയെന്നും അതല്ലേ അതിലെ നിയമപരമായ ഔചിത്യമെന്നും സെൻ കുമാർ ചോദിച്ചു.

‘പ്ലാവിൽ കായ്ച്ചു നിൽക്കുന്ന ചക്ക വരെ മായ്ക്കുന്നു. അതായത് ഒരു പോളിങ് ബൂത്തിന്റെ 100 മീറ്റർ ചുറ്റളവിൽ യാതൊരുവിധ അടയാളങ്ങളും കാണരുത് എന്ന് പറഞ്ഞാണ് ചക്ക വരെ മറച്ചു പിടിച്ചത്. അങ്ങനെയാണെങ്കിൽ “കൈപ്പത്തി ” എന്ത് ചെയ്യും ? ഇത് ഞാൻ നേരത്തേ പറഞ്ഞതാണ്. കൈപ്പത്തി എന്ന ചിഹ്നം കോൺഗ്രസ്സിന് കൊടുത്തത് വളരെ തെറ്റാണ്.

പോളിങ് ബൂത്തിലും എല്ലായിടത്തും കൈപ്പത്തി കാണിക്കാൻ പറ്റും. അതാരാണ് മൂടുന്നത് ? ഇത് ഇരട്ടത്താപ്പല്ലേ ? ഇലക്ഷൻ കമ്മീഷന്റെ ആയാലും മറ്റാരുടെ ആയാലും’ -സെൻ കുമാർ ചോദിച്ചു.

‘അങ്ങനെയാണെങ്കിൽ കൈപ്പത്തി ചിഹ്നമായി അനുവദിക്കുന്നതിൽ എന്ത് നിയമസാധുതയാണ് ഉള്ളത് ? കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്ക്കാം എങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ? അതല്ലേ അതിലെ നിയമപരമായ ഔചിത്യം ? അതോ കൈപ്പത്തി ഒരാളുടെ ശരീരത്തിൽ ഉള്ളതുകൊണ്ട് തന്നെ ആ ചിഹ്നം ഒരു ഇലക്ഷൻ ചിഹ്നമായി കൊടുക്കാതിരിക്കലല്ലേ ശരിയായ നടപടി ? കാരണം കൈവീശി കാണിക്കുന്നുന്നത് നിർത്താൻ കൈപ്പത്തി ചിഹ്നത്തിന് പകരം മറ്റൊരു ചിഹ്നം കോൺഗ്രസ്സിന് നൽകുന്നതല്ല ശരിയായ നടപടി ? ചക്ക മൂടിവെച്ചവർക്ക് ഇതിന് ഉത്തരമുണ്ടോ ?’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.