തമിഴ്നാട് തെരഞ്ഞെടുപ്പ്: അതിർത്തികളിൽ കർശന വാഹന പരിശോധന

നിലമ്പൂർ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തികളിൽ കർശന വാഹനപരിശോധന ഏർപ്പെടുത്തി. പൊലീസും റവന‍്യൂ വകുപ്പും ചേർന്നുള്ള സ്പെഷൽ ടീമാണ് അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന നടത്തുന്നത്. 24 മണിക്കൂറും പരിശോധനയുണ്ട്. നിയമവിരുദ്ധ വസ്തുക്കൾ സംസ്ഥാനത്തേക്ക് കടത്തുന്നത് തടയുകയാണ് ലക്ഷ‍്യം. അനധികൃതമായി പണവും മദ‍്യം ഉൾപ്പടെയുള്ള ലഹരിവസ്തുക്കളും തടയുക, വോട്ടർമാരെ സ്വാധീനിക്കാനുള്ള സമ്മാനങ്ങൾ എന്നിവ പിടികൂടും.

മതിയായ രേഖകളില്ലാതെ കടത്തുന്ന അരലക്ഷത്തിലധികം രൂപ കൈവശംവെച്ചാൽ പിടിച്ചെടുക്കും. ബിസിനസ് ആവശ‍്യത്തിനാണെങ്കിൽ ബിൽ, ഇൻവോഴ്സ് എന്നിവ കരുതണം. സ്വർണം കൈവശമുണ്ടെങ്കിലും ബിൽ നിർബന്ധമാണ്. 23നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് നാലിനാണ് ഫലപ്രഖ‍്യാപനം. ഈ കാലയളവുവരെ ചെക്ക് പോസ്റ്റിൽ പരിശോധന തുടരും.