ഐ.പി.എല്ലിൽ മെഗാ ട്രേഡ്; പഞ്ചാബിന് ഹാർദിക്കിനെ കൊടുക്കും, പകരം അർഷദീപിനെ വാങ്ങാൻ മുംബൈ

മുംബൈ: അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2027 ഐപിഎൽ സീസണിന് മുന്നോടിയായി പാണ്ഡ്യയെ പഞ്ചാബ് കിങ്സിന് കൈമാറി, പകരം ഇന്ത്യൻ ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ മുംബൈ സ്വന്തമാക്കും. ട്രേഡ് ഡീൽ സംബന്ധിച്ച കാര്യങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി താല്പര്യം അറിയിച്ചിട്ടുണ്ടെന്നും ഇ.എസ്.പി.എൻ ക്രിക്ക്ഇൻഫോ വ്യക്തമാക്കി. കളിക്കാരുടെ ലിഖിത സമ്മതം 24 മണിക്കൂറിനുള്ളിൽ ലഭ്യമാകുമെന്നും ഇതിന് ശേഷമായിരിക്കും അന്തിമ ചർച്ചകളും ഐപിഎല്ലിന്റെ ഔദ്യോഗിക അംഗീകാരമെന്നും ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2026 സീസണിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ടീമിൽ വലിയ മാറ്റങ്ങൾക്ക് മുംബൈ മാനേജ്മെന്റ് തുടക്കമിട്ടത്. സീസണിന് പിന്നാലെ ടീം വിടാനുള്ള ആഗ്രഹം ഹാർദിക് മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒഴികെയുള്ള മിക്ക ടീമുകളുമായും മുംബൈ ട്രേഡിനായി ചർച്ച നടത്തിയിരുന്നു.
ജസ്പ്രീത് ബുംറയ്ക്കൊപ്പം പന്തെറിയാൻ മികച്ചൊരു ഫാസ്റ്റ് ബോളറെ മുംബൈ തിരയുകയായിരുന്നു. 2025 മെഗാ ലേലത്തിൽ 12.5 കോടി രൂപയ്ക്ക് വാങ്ങിയ ട്രെന്റ് ബോൾട്ട് കഴിഞ്ഞ സീസണിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ബോൾട്ടിനെ റിലീസ് ചെയ്യുന്നതിനൊപ്പം എല്ലാ ഘട്ടങ്ങളിലും ബൗൾ ചെയ്യാൻ ശേഷിയുള്ള അർഷദീപിനെ ടീമിലെത്തിക്കുന്നത് മുംബൈക്ക് വൻ കരുത്താകും. വാങ്കഡെയിൽ കളിച്ച അവസാന ഐപിഎൽ മത്സരത്തിൽ അർഷ്ദീപ് പ്ലെയർ ഓഫ് ദി മാച്ച് ആയിരുന്നു.
2019-ൽ അരങ്ങേറിയ ശേഷം ആദ്യമായാണ് അർഷ്ദീപ് പഞ്ചാബ് അല്ലാതെ മറ്റൊരു ടീമിനായി കളിക്കുന്നത്. പഞ്ചാബിനായി 96 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
2024-ൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈയിലെത്തി രോഹിത് ശർമയ്ക്ക് പകരം നായകനായ ഹാർദിക്കിന് പ്രതീക്ഷിച്ച വിജയം കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കളിച്ച 39 മത്സരങ്ങളിൽ 15 എണ്ണത്തിൽ മാത്രമാണ് മുംബൈ ജയിച്ചത് (24 തോൽവി). 0.625 എന്ന വിജയ അനുപാതം കുറഞ്ഞത് 30 മത്സരങ്ങളിൽ നായകനായവരിൽ ഐപിഎല്ലിലെ ഏറ്റവും മോശം റെക്കോർഡാണ്. അതേസമയം ഗുജറാത്ത് ടൈറ്റൻസിൽ 31 മത്സരങ്ങളിൽ 22 ജയം നേടി 2.444 എന്ന മികച്ച വിജയ അനുപാതം ഹാർദിക്കിനുണ്ടായിരുന്നു.
പുതിയ സീസണിന് മുന്നോടിയായി കോച്ചിങ് സ്റ്റാഫിനെയും മുംബൈ അഴിച്ചുപണിതു. കീറൺ പൊള്ളാർഡ് പുതിയ ഹെഡ് കോച്ചാകും. റോബിൻ ഉത്തപ്പ (ബാറ്റിങ് കോച്ച്), മിച്ചൽ മക്ലീനഗൻ (ബൗളിങ് കോച്ച്), ടി. ദിലീപ് (ഫീൽഡിങ് കോച്ച്) എന്നിവരും മുംബൈയുടെ സപ്പോർട്ട് സ്റ്റാഫിൽ ചേരും.
