‘ഞങ്ങളുടെ വോട്ട് ആർക്കെന്ന് ചോദിക്കരുത്, ഒരിക്കലും പറയില്ല; ഫലം വന്നാൽ അവകാശവാദം ഉന്നയിക്കില്ല’ -കാന്തപുരത്തിന്റെ മകൻ അബ്ദുൽ ഹക്കീം അസ്ഹരി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിന്റെ വോട്ടുകൾ ഒരു മുന്നണിയിലേക്കും ഏകീകരിക്കപ്പെട്ടിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മകനും എസ്.വൈ.എസ് ദേശീയ പ്രസിഡന്റുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി. മുസ്ലിം ന്യൂനപക്ഷങ്ങൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരാണ്. എ.പി വിഭാഗം പരസ്യമായി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാറില്ലെന്നും ആർക്കായിരുന്നു തങ്ങളുടെ പിന്തുണ എന്നത് ഫലം വരുന്ന ദിവസം അറിയാമെന്നും അബ്ദുൽ ഹക്കീം അസ്ഹരി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
‘വോട്ട് ആർക്ക് എന്ന് ഇലക്ഷന് മുമ്പാണ് പറയുന്നതെങ്കിൽ അർത്ഥമുണ്ട്. ഇനി റിസൾട്ട് വന്നതിനുശേഷം പറയുന്നതിലേ കാര്യമുള്ളൂ. മുസ്ലിം വോട്ടുകൾ ഏകീകരിക്കുക എന്നത് ഇവിടെ ഉണ്ടായിട്ടില്ല. മുസ്ലിംകൾ പലതട്ടിലും പല രാഷ്ട്രീയത്തിലും പല പാർട്ടിയിലും ആണല്ലോ. സ്വാഭാവികമായും മുസ്ലിംകൾ അങ്ങനെ തന്നെയാണ് എക്കാലത്തും വോട്ട് ചെയ്യാറുള്ളത്. മതത്തിന്റെ പേരിൽ വോട്ട് ഏകീകരിക്കാറില്ല.
ആർക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങളുടെ നിർദേശങ്ങൾ പ്രവർത്തകർക്ക് സംഘടന ചാനൽ വഴിയാണ് കൊടുക്കുന്നത്. അങ്ങനെയാണ് കാലങ്ങളായി നടന്നുവരുന്നത്. അത് ആർക്കാണ് എന്ന് ഇനി ചോദിക്കാൻ പാടില്ല. കാരണം, അത് ഒരിക്കലും പറയാറില്ല. അതുകൊണ്ടുതന്നെ റിസൾട്ട് വന്നാലും അവകാശവാദം ഉന്നയിക്കാൻ ഞങ്ങൾ ഉണ്ടാകില്ല’ -അദ്ദേഹം പറഞ്ഞു.
അതിനിടെ, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഉണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു. ‘എസ്.ഐ.ആറിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്ന വാശി ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉണ്ടായി. അതല്ലാതെ ഒരു മുന്നണിക്ക് അനൂകൂലമായി ഏകീകരിച്ചിട്ടില്ല’ -പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തൊണ്ണൂറിലധികം സീറ്റുമായി എൽ.ഡി.എഫ് ഭരണം നിലനിർത്തുമെന്നാണ് സി.പി.എമ്മിന്റെ അവകാശവാദം. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും സർക്കാർ നടപ്പാക്കിയ കാര്യങ്ങളും വർഗീയ സംഘർഷങ്ങളില്ലാത്ത പശ്ചാത്തലവുമെല്ലാം ജനങ്ങളിൽ മതിപ്പുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘എൽ.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം കിട്ടി. ജനങ്ങൾ നിശ്ചയദാർഢ്യത്തോടെ വിധിയെഴുതിക്കഴിഞ്ഞ കാര്യത്തിൽ യു.ഡി.എഫും ചില മാധ്യമങ്ങളും ചേർന്ന് വലിയ അവകാശവാദങ്ങൾ നിരത്തുകയാണ്. സാങ്കൽപ്പിക മന്ത്രിസഭ രൂപീകരണം പോലും നടത്തുന്നുണ്ട്. 2021ലെ തെരഞ്ഞെടുപ്പിനുശേഷവും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചുമെല്ലാം യു.ഡി.എഫും ചില മാധ്യങ്ങളും ചർച്ച നടത്തിയിരുന്നു. ഫലം വരുന്ന ദിവസംവരെ മാത്രമാണ് അതിന് ആയുസ്സ്. ഇത്തവണയും മറ്റൊന്നാകില്ല ഫലം’ -അദ്ദേഹം പറഞ്ഞു.
‘പോളിങ് ശതമാനത്തിലെ വർധന ഭരണവിരുദ്ധ വികാരത്തിന്റെ തെളിവായി കാണിച്ചാണ് പ്രചാരണം. ഇതിന് ഒരു അടിസ്ഥാനവുമില്ല. അസാധാരണ വോട്ട് വർധന ഉണ്ടായിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ 2.09 കോടി പേർ വോട്ട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇക്കുറി അത് 2.08 കോടിയായി കുറഞ്ഞു. നേരത്തേ 2.84 കോടി വോട്ടർമാരുണ്ടായിരുന്നത് എസ്.ഐ.ആറിനുശേഷം 2.17 കോടിയായി. ഇതാണ് പോളിങ് ശതമാനത്തിലെ വർധനവിൽ പ്രതിഫലിച്ചത്’ -എം.വി. ഗോവിന്ദൻ പറഞ്ഞു.
