ഓവർബ്രിഡ്ജ് നിർമാണം: ചളിക്കുളമായി ചെറമംഗലം

ചളിക്കുളമായി മാറിയ ചെറമംഗലത്തെ റോഡ്
പരപ്പനങ്ങാടി: റെയിൽവേ ഓവർബ്രിഡ്ജ് നിർമാണത്തെ തുടർന്ന് വഴിയടഞ്ഞ് ചെറമംഗലം പ്രദേശവാസികൾ. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികളുടെ യാത്രയാണ് ഏറെ ദുഷ്കരം. അറ്റത്തങ്ങാടി, തിരിച്ചലങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ മുരിക്കൽ വഴി പരപ്പനങ്ങാടിയിലൂടെ ചെറമംഗലം അങ്ങാടിയിലേക്കെത്താൻ കിലോമീറ്ററുകൾ ചുറ്റിവളയേണ്ടി വരികകയാണ്. ആശുപത്രിയിലെത്തേണ്ടവരും ഏറെ പ്രയാസപ്പെടുകയാണ്. താൽക്കാലികമായെങ്കിലും ഗതാഗത സൗകര്യമൊരുക്കുകയും നിലവിലുള്ള റെയിൽവേ ഓവുപാലങ്ങൾ ഗതാഗതത്തിന് തുറക്കുകയും ചെയ്താൽ ഒരു പരിധി വരെ ദുരിതത്തിന് പരിഹാരമാകുമെന്ന് വ്യാപാരി ഷിനോജ് സുകുമാരനും പ്രദേശവാസിയായ മാധ്യമപ്രവർത്തകൻ മംഗളം മുഹമ്മദും പറഞ്ഞു.
റെയിൽവേ ചാമ്പ്ര വഴി ബദൽ ഗതാഗത സൗകര്യമൊരുക്കാൻ നഗരസഭ അധികൃതർ റെയിൽവേ അധികൃതരുമായി ബന്ധപ്പെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ചെറമംഗലം തിരിച്ചലങ്ങാടി വഴി നാട്ടുകാർ ഇടപെട്ട് നിർമിക്കുന്ന റോഡ് നഗരസഭ ഏറ്റെടുത്ത് ചെറമംഗലം റെയിൽവേ ഓവുപാലം വഴി ടൗണിലേക്ക് ബന്ധിപ്പിക്കണമെന്ന് അറ്റത്തങ്ങാടിയിലെ ഓട്ടോഡ്രൈവർ മമ്മുതു ആവശ്യപ്പെട്ടു.
