ദ്വീപിൽ സന്നാഹം; ഇന്ത്യ- ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനുമായുള്ള ത്രിദിന മത്സരത്തിന് ഇന്ന് തുടക്കം

കൊളംബോ: ഈ മാസം 15ന് തുടങ്ങുന്ന ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുടെ സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനുമായുള്ള ത്രിദിന മത്സരത്തിൽ സ്പിൻ ബൗളിങ്ങിനെതിരെ പ്രകടനം മെച്ചപ്പെടുത്താനാകും ഇന്ത്യയുടെ ശ്രമം. ന്യൂസിലൻഡിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും നാട്ടിൽ നടന്ന ടെസ്റ്റുകളിൽ സ്പിൻ ബൗളിങ്ങിന് മുന്നിലാണ് ഇന്ത്യൻ ബാറ്റർമാർ തകർന്നടിഞ്ഞത്. ശ്രീലങ്കയുടെ സ്പിന്നർമാരും വെല്ലുവിളിയാകാനാണ് സാധ്യത. ഗാലെയിൽ ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് പരിശീലനത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും പൂർണ സജ്ജരായിരിക്കണമെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ താരങ്ങളോട് പറഞ്ഞിട്ടുണ്ട്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ പൂർണമായും തയാറായിരിക്കണമെന്നാണ് കോച്ചിന്റെ ഉപദേശം. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ ചില മുൻനിര ബാറ്റർമാർ കൊളംബോയിലേക്ക് പറക്കുന്നതിനുമുമ്പ് സ്പിന്നിനെതിരെ ഏറെ നേരെ പരിശീലനം നടത്തിയിരുന്നു.
ഇന്ന് തുടങ്ങുന്ന ത്രിദിന മത്സരം ലങ്കയിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യൻ താരങ്ങൾക്ക് മനസ്സിലാക്കാൻ അവസരമാകുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. ടീമംഗങ്ങളിൽ ഏറെയും ആദ്യമായാണ് ലങ്കയിൽ ടെസ്റ്റിനിറങ്ങുന്നത്. 2017ലാണ് ഇന്ത്യ അവസാനമായി ഇവിടെ ടെസ്റ്റ് പരമ്പര കളിച്ചത്. കെ.എൽ രാഹുൽ, കുൽദീപ് യാദവ്, രവീന്ദ്ര ജദേജ എന്നിവർക്ക് മാത്രമേ ലങ്കയിൽ ടെസ്റ്റ് കളിച്ച് പരിചയമുള്ളൂ.
പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ പേസർ മുഹമ്മദ് സിറാജ് ഇന്ത്യയുടെ ബൗളിങ്ങിനെ നയിക്കും. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവരും പേസർമാരായി ടീമിലുണ്ട്. ബുംറക്ക് പകരം ആഖിബ് നബിയാണ് ടീമിലുള്ളത്. സ്പിന്നർമാരായി മാനവ് സുതാർ, സരാൻഷ് ജെയിൻ എന്നിവരുമുണ്ട്. ബാറ്റിങ്ങിൽ സായ് സുദർശൻ, റിഷഭ് പന്ത് തുടങ്ങിയവർ ടീമിന് പ്രതീക്ഷയാണ്. ധ്രുവ് ജുറലും ടീമിലുണ്ട്. കഴിഞ്ഞ മാസം ഗാലെയിൽ ശ്രീലങ്ക എക്കെതിരെ ഇന്ത്യ എ ടീമിന് വേണ്ടി ബ്രാറും ജെയിനും തിളങ്ങിയിരുന്നു. ശ്രീലങ്കക്കായി മൂന്ന് ടെസ്റ്റുകൾ കളിച്ച സൊണാൽ ദിനുഷ നയിക്കുന്ന എസ്.എൽ.സി ടീമിൽ പേസർമാരായ വിശ്വ ഫെർണാണ്ടോ, ലാഹിരു കുമാര, സ്പിന്നർമാരായ ഇസിത വിജേസുന്ദര, രമേശ് മെൻഡിസ് എന്നിവർ ഉൾപ്പെടുന്നു.
