ഒടുവിൽ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി അവരെത്തി; പൊട്ടിക്കരഞ്ഞ് ആ മാതാവും
നെടുമങ്ങാട്: സംസ്കാരചടങ്ങുകള്‍ക്ക് എത്താതിരുന്ന കൂട്ടുകാർ നെഞ്ചുനീറുന്ന കുറ്റബോധത്തോടെയും വിങ്ങിപ്പൊട്ടുന്ന മനസ്സുമായി ദിവസങ്ങൾക്കുശേഷം നിതിൻ രാജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി. പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ മകന്റെ സുഹൃത്തുക്കളെ ചേർത്തുപിടിച്ച് ആ മാതാവും.
കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന മകനെ നഷ്ടപ്പെട്ട നിതിൻ രാജിന്റെ മാതാവിന്റെ നിലവിളി കണ്ടുനിന്ന എല്ലാവരെയും ഈറനണിയിച്ചു. മകനൊപ്പമിരുന്ന് പഠിച്ച, അതേ പ്രായത്തിലുള്ള കുട്ടികളെ കണ്ടപ്പോള്‍ അവരുടെ കൈകളില്‍ ചേര്‍ത്തുപിടിച്ച് മാതാവ് ആര്‍ത്തലച്ചു കരയുകയായിരുന്നു. മകൻ നഷ്ടപ്പെട്ട മാതാവിന്റെ നൊമ്പരം ഉഴമലക്കലെ വീട്ടിലെത്തിയ സഹപാഠികളുടെ നെഞ്ചുലച്ചു. എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സുഹൃത്തുക്കളുടെ കരഞ്ഞതോടെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ അധ്യാപകരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് മരിച്ച നിതിൻ രാജിന്റെ വീട്ടില്‍ വൈകാരികരംഗങ്ങള്‍.
അഞ്ചരക്കണ്ടി കോളജിൽ നിന്നുള്ള പെണ്‍കുട്ടികളും ആണ്കുട്ടികളുമടടക്കം 31 വിദ്യാർഥികളാണ് നിതിന്റെ വീട്ടിലെത്തിയത്. നിതിന്റെ മരണശേഷം ഒരാഴ്ച കഴിഞ്ഞാണ് തങ്ങൾ എത്തിയതെന്ന കുറ്റബോധം അവരിൽ പലരിലും കണ്ടു. തനിക്കിനി ആരുമില്ലെന്നു പറഞ്ഞ് കരഞ്ഞ മാതാവിനെ തങ്ങൾ ഒപ്പമുണ്ടെന്നും വിഷമിക്കരുതെന്നും പറഞ്ഞ് അവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ‘എന്റെ കുട്ടു എവിടെ, അവനെപ്പോഴാണ് വരുന്നത്’ എന്നു ചോദിച്ച് നിതിന്റെ കൂട്ടുകാരെ ചേര്‍ത്തുപിടിച്ച് അമ്മ കരഞ്ഞതോടെ കുട്ടികളും പൊട്ടിക്കരയുകയായിരുന്നു.
നിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോളജില്‍ സമരത്തിലായിരുന്ന സഹപാഠികള്‍, കുറ്റാരോപിതരായ അധ്യാപകനെ പുറത്താക്കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കോളജ് മാനേജ്മെന്റിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സഹപാഠികള്‍ സംസ്കാര ചടങ്ങിന് എത്താതിരുന്നത്.
പോകുന്നവർക്ക് സ്വന്തം റിസ്കിൽ പോകാമെന്നാണ് കോളജ് അധികൃതർ പറഞ്ഞത്. ഇതുവരെ കോളജ് അധികൃതരാരും വീട്ടിൽ വന്നില്ല. കഴിഞ്ഞദിവസം വീട്ടിലെത്തിയ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ ഇതിനെ വിമർശിച്ചിരുന്നു.
