രാജ്യത്തെ ആദ്യ കടലാസുരഹിത ജുഡീഷ്യൽ ജില്ലയായി വയനാട് പദ്ധതി മറ്റു ജില്ലകളിലേക്കും
കൽപറ്റ: രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന കടലാസുരഹിത ജുഡീഷ്യൽ സംവിധാനം വയനാട്ടിൽ വിജയകരമായി മുന്നോട്ട്. ഇന്ത്യയിലെ ആദ്യ സമ്പൂർണ പേപ്പർ രഹിത ജുഡീഷ്യൽ ജില്ലയായി വയനാട് മാറിയതോടെ വിപ്ലവകരമായ പദ്ധതിക്കാണ് തുടക്കമിട്ടത്. മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
കാലത്തിനൊപ്പം സഞ്ചരിക്കുന്നതോടൊപ്പം കേസുകൾ വേഗത്തിൽ തീർപ്പുകൽപിക്കുന്നതുൾപ്പെടെ സൗകര്യങ്ങൾക്കാണ് ഇന്ത്യൻ ജുഡീഷ്യറി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പദ്ധതി ജില്ലയിലെ കോടതികളിൽ സമ്പൂർണമായി നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. കേസുകൾ ഫയൽ ചെയ്യുന്നത് മുതൽ വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നതുവരെ ഒരിടത്തും ഇനി കടലാസ് ഉപയോഗിക്കില്ല എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഡേറ്റ സുരക്ഷ ഉറപ്പാക്കാനായി ഹൈകോടതിയുടെ ഐ.ടി വിഭാഗം നേരിട്ടാണ് സോഫ്റ്റ്വെയർ വികസിപ്പിച്ചത്. കേരള ഹൈകോടതിയുടെ ഐ.ടി വിഭാഗം വികസിപ്പിച്ചെടുത്ത ഡിസ്ട്രിക്ട് കോർട്ട് കേസ് മാനേജ്മെന്റ് സിസ്റ്റം (ഡി.സി.എം.എസ്) ആണ് ഡിജിറ്റൽ മാറ്റത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. കേസുകളുടെ തുടക്കം മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതും ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതുമെല്ലാം ഈ സിസ്റ്റം വഴി കമ്പ്യൂട്ടറിലായിരിക്കും. ജഡ്ജിമാരുടെ ഉത്തരവുകൾ സുരക്ഷിതമായ ഡിജിറ്റൽ ഒപ്പുകൾ ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നതിലൂടെ അവക്ക് പൂർണ നിയമസാധുതയും ഉറപ്പാക്കും. വിചാരണ സമയത്തും സാക്ഷിവിസ്താര സമയത്തുമെല്ലാം കോടതിയോട് പറയുന്ന കാര്യങ്ങൾ വേഗത്തിൽ റെക്കോഡ് ചെയ്ത് ഡിജിറ്റലാക്കുന്നതിലൂടെ വലിയ സമയം ലാഭിക്കാനാകുമെന്നാണ് മികച്ച നേട്ടം. സാക്ഷികൾ പറയുന്നത് ടൈപ് ചെയ്യാതെ സംസാരിക്കുന്നത് നേരിട്ട് എഴുത്താക്കി മാറ്റുന്ന വോയിസ് ടു ടെക്സ്റ്റ് സംവിധാനമാണ് ഉപയോഗിക്കുക. ഇത്തരത്തിൽ കോടതികളിൽ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകളിൽ വേഗത്തിൽ തീർപ്പുകൽപിക്കുന്നതിന് പദ്ധതി സാധ്യമാകുമെന്നാണ് വിലയിരുത്തൽ. കോടതി ചെലവ് കുറക്കാനും സഹായിക്കുമെന്നതിന് പുറമെ അഭിഭാഷകർക്കും കക്ഷികൾക്കും എവിടെയിരുന്നും കേസ് വിവരങ്ങൾ തത്സമയം പരിശോധിക്കാൻ സാധിക്കുമെന്നത് നീതിനിർവഹണം കൂടുതൽ ലളിതമാക്കും. ജഡ്ജിമാരെ സഹായിക്കുന്നതിനായി കേസ് രേഖകളുടെ സംഗ്രഹം തയാറാക്കാനും മൊഴികൾ തത്സമയം അച്ചടിച്ച രൂപത്തിലേക്ക് മാറ്റാനുമുള്ള അത്യാധുനിക സംവിധാനങ്ങൾ എ.ഐ സംവിധാനത്തിലൂടെയാണ് പ്രാവർത്തികമാക്കുക.
