അവസാന നിമിഷത്തിൽ ഇംപാക്ട് സബിൽ മാറ്റം; നാലു വിക്കറ്റുമായി ചെന്നൈയുടെ വിജയ ശിൽപിയായ വിൻഡീസ് താരം

മുംബൈ: ഐ.പി.എല്ലിലെ വമ്പന്മാരായ മുംബൈ ഇന്ത്യൻസിന് നാണംകെട്ട തോൽവി സമ്മാനിച്ച മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മലയാളി താരം സഞ്ജു സാംസൺ ആണ് ആഘോഷങ്ങളിൽ നിറഞ്ഞുനിന്നത്. ഓപണറായിറങ്ങി, അവസാന പന്തുവരെ ഒരേ ആവേശത്തോടെ നിറഞ്ഞുനിന്ന് കൃഷ് ഭഗതിന്റെ അവസാന പന്ത് ബൗണ്ടറി പറത്തി സെഞ്ച്വറി തികച്ച സഞ്ജുവിന്റെ ദിനംതന്നെയായിരുന്നു വാംഖഡെയിലെ വ്യാഴാഴ്ച രാത്രി. എന്നാൽ, സഞ്ജുവിന്റെ പ്രകടനത്തിനൊപ്പം ശ്രദ്ധേയമായ കളിയുമായി ടീമിന് മത്സരത്തിൽ ആധികാരിക ജയം സമ്മാനിച്ച മറ്റൊരു താരംകൂടിയുണ്ട് ചെന്നൈ നിരയിൽ. ഇംപാക്ട് സബ് ആയി ക്രീസിലെത്തി, നോട്ടൗട്ട് ആവാതെ നിൽക്കുകയും, ഓപണിങ് ബൗൾ ചെയ്ത് മുംബൈ ബാറ്റിങ് നിരയുടെ നടുവൊടിക്കുകയും ചെയ്ത അകീൽ ജെറോം ഹൊസൈൻ എന്ന വെസ്റ്റിൻഡീസ് താരം. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ അകീൽ, അവസാന നിമിഷത്തിലെ ഒരു തീരുമാനത്തിലൂടെയാണ് വ്യാഴാഴ്ച ഇംപാക്ട് െപ്ലയർ ആയി ക്രീസിലെത്തുന്നത്. 19ാം ഓവറിൽ ക്രീസിലെത്തി രണ്ടു പന്ത് മാത്രം ബാറ്റ് ചെയ്ത് സഞ്ജു സാംസണിന് സ്ട്രൈക്ക് നൽകി. പിന്നാലെ, മുംബൈക്കെതിരെ ഓപണിങ് ഓവർ എറിയാനെത്തിയത് അകീൽതന്നെ. എറിഞ്ഞ ആദ്യ ഓവറിൽ, മുംബൈ ഓപണർ ഡാനിഷ് മലേവാറിനെ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈകളിലെത്തിച്ച് ആദ്യ പ്രഹരം നൽകി. നാല് ഓവറിൽ ഒരു മെയ്ഡൻ. സുപ്രധാന നാലു വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് വഴങ്ങിയത് വെറും 17 റൺസ്. സഞ്ജു റാഞ്ചിയ മത്സരത്തിൽ, ചെന്നൈയുടെ ബൗളിങ് ഡിപ്പാർട്മെന്റിനെ നയിച്ചത് ഈ ഇടംകൈയൻ ഓർതഡോക്സ് സ്പിൻ ബൗളറായിരുന്നു. കളി തുടങ്ങുമ്പോൾ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ മനസ്സിലെ പ്ലാൻ പ്രശാന്ത് വീറിനെ ഇംപാക്ട് സബ് ആയി ഇറക്കുകയായിരുന്നു. ടീം ടോട്ടൽ 200 കടത്തുകയെന്ന ലക്ഷ്യത്തിൽ പ്രശാന്ത് പാഡണിഞ്ഞ് ഡഗ് ഔട്ടിൽ തയാറായും നിന്നു. ഋതുരാജ് (22), സർഫറാസ് ഖാൻ (14), ശിവം ദുബെ (5), ബ്രൂവിസ് (21) എന്നിവർ കാര്യമായ സംഭാവനയില്ലാതെ പുറത്തായപ്പോൾ പ്രശാന്തിനെ ഇറക്കാനുള്ള സാഹചര്യവും ഒരുങ്ങി. എന്നാൽ, അവസാന ഓവറുകളിൽ കാർതിക് ശർമ (18) ചെറുത്തുനിൽപ് നടത്തുകയും മറുതലക്കൽ സഞ്ജു പുറത്താവാതെ നിൽക്കുകയും ചെയ്തതോടെയാണ് ബാറ്റർക്കു പകരം ഓൾറൗണ്ടർ ഓപ്ഷൻ എടുത്ത് അവസാന നിമിഷത്തിൽ അകീൽ ഹൊസൈനെ ടീം മാനേജ്മെന്റ് കളത്തിലേക്ക് വിളിച്ചത്. അവസരത്തിനൊത്തുയർന്ന താരം കളിയുടെ ഗതിമാറ്റുന്നതിൽ നിർണായക പങ്കു വഹിച്ചപ്പോൾ, ഇംപാക്ട് സബിന്റെ ഉപയോഗം എങ്ങനെ ഫലപ്രദമാക്കാമെന്നതിനും സാക്ഷ്യമായി.
