രാഷ്ട്രീയ വിരോധം; തൂണേരിയിൽ ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മലം തള്ളി
നാദാപുരം: കോഴിക്കോട് തൂണേരിയിൽ ആർ.എം.പി. പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മലം തള്ളിയതായി കണ്ടെത്തി. തൂണേരി ചെക്കായിപ്പീടികക്ക് സമീപം തൂമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് കക്കൂസ് മാലിന്യം തള്ളിയത്. മനോജനും സഹോദരനും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറ്റിൽ നിന്നും ഞായറാഴ്ച രാവിലെ സഹോദരൻ വെള്ളം കോരിയെടുത്തതോടെയാണ് മലം കലർന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിണറ്റിൽ മലം തള്ളിയതായി കണ്ടെത്തി.
ആർ.എം.പി. രൂപവത്കരിച്ചത് മുതൽ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന മനോജിന് വ്യക്തിപരമായി ആരുമായും പ്രശ്നമൊന്നുമില്ലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പക്കാലത്ത് യു.ഡി.എഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പേരിലുള്ള രാഷ്ട്രീയ വിരോധത്തിന്റെ പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ കുറ്റക്കാരെ എത്രയുംപെട്ടെന്ന് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു.
