കോതമംഗലത്ത് പുഴയിൽ വീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

എറണാകുളം: എറണാകുളം കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. മൂവരും കോതമംഗലം ബസേലിയസ് ഡെന്റൽ കോളജിലെ വിദ്യാർത്ഥികളാണ്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു.
ഇന്ന് ഉച്ചയോടെയാണ് ഒമ്പത് പേരടങ്ങുന്ന സംഘം പുഴയിലേക്ക് കുളിക്കാനെത്തിയത്. അതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശം ആയതിനാലും മൊബൈൽ കവറേജ് ഇല്ലാത്തതിനാലും അപകടവിവരം പുറത്തറിയാൻ ഏറെ സമയമെടുത്തു. പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകട സാധ്യത മുൻനിർത്തി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ ഇത് അവഗണിക്കുകയാണെന്ന് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോസ് ബേബി പറഞ്ഞു.
