നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: വിസ്ഡം യൂത്ത്

തിരൂർ: സ്റ്റാർട്ടപ്പുകളുടെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ഇല്ലാതാക്കി നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം യൂത്ത് തിരൂരിൽ സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയിലും തൊഴിലവസര സൃഷ്ടിയിലും സ്റ്റാർട്ടപ്പുകൾ നിർണായക പങ്കുവഹിക്കുന്ന സാഹചര്യത്തിൽ, ഈ മേഖലയെ ദുരുപയോഗം ചെയ്ത് സാധാരണക്കാരിൽ നിന്ന് നിക്ഷേപം തട്ടിയെടുക്കുന്ന പ്രവണത വർധിക്കുന്നതായി കൗൺസിൽ ചൂണ്ടിക്കാട്ടി. “ആർട്ടിഫിഷ്യൽ ഇന്റലിജൻസ്”, “ബ്ലോക്ക്ചെയിൻ”, “ഡിജിറ്റൽ ആസ്തി”, “ഹൈ റിട്ടേൺ ഇൻവെസ്റ്റ്മെന്റ്” തുടങ്ങിയ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സമാഹരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ സുതാര്യമായ രജിസ്ട്രേഷൻ സംവിധാനം, നിർബന്ധിത സാമ്പത്തിക വെളിപ്പെടുത്തൽ, കൃത്യമായ ഓഡിറ്റിങ്, നിക്ഷേപക സംരക്ഷണ മാനദണ്ഡങ്ങൾ എന്നിവ നടപ്പാക്കണമെന്നും സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിച്ച് കുറ്റക്കാർക്ക് വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

അസാധാരണമായ ലാഭ വാഗ്ദാനങ്ങൾ, വ്യക്തതയില്ലാത്ത ബിസിനസ് മാതൃകകൾ, അമിത റഫറൽ സംവിധാനങ്ങൾ, പരിശോധിക്കാനാവാത്ത സാമ്പത്തിക അവകാശവാദങ്ങൾ എന്നിവയോട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിന് യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും കൗൺസിൽ ആഹ്വാനം ചെയ്തു. യഥാർത്ഥ നവസംരംഭങ്ങളെ സംരക്ഷിക്കുകയും സ്റ്റാർട്ടപ്പുകളുടെ പേരിൽ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ചെയ്യുന്നത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും വിസ്ഡം യൂത്ത് കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.

തൂഫാൻ കാറ്റലിസ്റ്റ്, ലഹരി വിരുദ്ധ ക്യാംപെയിൻ, ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ, ഡയലോഗ്, ട്രീറ്റ്, സ്വയംതൊഴിൽ, മുഖാമുഖം, ജില്ലാ കൗൺസിലുകൾ തുടങ്ങി അടുത്ത ആറു മാസകാലത്തേക്കുള്ള പ്രവർത്തന രൂപരേഖക്ക് അന്തിമരൂപം നൽകി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്‍റ് ടി. കെ. നിഷാദ് സലഫി അധ്യക്ഷത വഹിച്ചു.

‘ലഹരി മോചനം സാധ്യമാണ് ‘ തൂഫാൻ കാറ്റലൈസ് കാമ്പയിൻ പ്രഖ്യാപനം എം.എൽ.എ വി. എസ്. ജോയ് നിർവഹിച്ചു. ഡോ. വി പി ബഷീർ, പി. കെ. ശരീഫ് ഏലാങ്കോട്, താജുദ്ദീൻ സ്വലാഹി, ഡോ പി.പി നസീഫ്, പി.എച്ച്. മഹബൂബ്, ടി.കെ ഉബൈദ്, ഷമീൽ അരീക്കോട്, അമീർ അത്തോളി, സി. അബ്ദുറഹ്മാൻ, സഫീർ അൽ ഹികമി എന്നിവർ സംസാരിച്ചു.