കർഷകർക്ക് ആശ്വാസം! കാട്ടുമൃഗ സാന്നിധ്യമറിയാൻ എ.ഐ കാമറയുമായി റിഷാൻ

എൻ.കെ. റിഷാൻ
കരുവാരകുണ്ട്: വന്യമൃഗശല്യത്തിൽ പൊറുതിമുട്ടുന്ന കർഷകർക്ക് ആശ്വാസമേകി എ.ഐ സാങ്കേതികവിദ്യയുമായി യുവ എൻജിനീയർ. കരുവാരകുണ്ട് തരിശ് സ്വദേശി റിഷാനാണ്, വന്യമൃഗങ്ങളുടെ സാന്നിധ്യം നേരത്തേ തിരിച്ചറിഞ്ഞ് ചിത്രം സഹിതം ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശമെത്തിക്കുന്ന എ.ഐ കാമറ വികസിപ്പിച്ചിരിക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കർഷകർ നേരിടുന്നത്. ഇതിന് പരിഹാരം എന്ന ചിന്തയിൽനിന്നാണ് കാമറയുടെ രൂപകൽപനയെന്ന് റിഷാൻ പറയുന്നു.
വന്യമൃഗഭീഷണിയിൽനിന്ന് കർഷകരെ ശാശ്വതമായി മുക്തമാക്കുന്ന ഈ സാങ്കേതികവിദ്യക്ക് മലയോര കർഷകരുടെ പിന്തുണ വേണം. സർക്കാറിന്റെ സാമ്പത്തികസഹായംകൂടി ലഭിച്ചാൽ ഇത് വികസിപ്പിക്കാൻ കഴിയുമെന്നും റിഷാൻ പറയുന്നു. തൃശൂർ എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം നേടിയ റിഷാൻ തരിശിലെ നെച്ചിക്കാടൻ ഹംസയുടെ മകനാണ്.
