'രാഷ്ട്രീയ സംരക്ഷണമല്ല, നീതിയാണ് വേണ്ടത്'; പൊലീസ് മർദനത്തിൽ നീതി തേടി വി.എസ്. സുജിത്ത് വീണ്ടും രംഗത്ത്

തൃശൂർ: സംസ്ഥാന സർക്കാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്തിന്റെ തുറന്ന കത്ത്. സംസ്ഥാനത്ത് പൊലീസ് മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്താണ് ഫേസ്ബുക്ക് വഴി തുറന്ന കത്ത് പങ്കുവെച്ചത്. കുന്നംകുളം പൊലീസ് സ്‌റ്റേഷനിൽ വെച്ച് മർദനമേൽക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ പുറത്ത് കൊണ്ടുവന്ന് ഒരുവർഷം തികയുമ്പോഴാണ് സുജിത്ത് തുറന്ന കത്തുമായി രംഗത്തെത്തിയത്.
ഒരുവർഷം കഴിഞ്ഞിട്ടും നീതി എവിടെയെന്നും ഒരിക്കലെങ്കിലും പ്രവർത്തിച്ച് കാണിക്കൂവെന്നും നേതാക്കളോട് ആവശ്യപ്പെട്ടു.
പൊലീസ് മർദനമേറ്റ തന്നോട് അന്ന് നേതാക്കൾ പറഞ്ഞത് കൂടെയുണ്ടെന്നാണ്. നീതിക്കായി അവസാനം വരെ പൊരുതുമെന്നും തല്ലിയവരെ വകുപ്പിൽ നിന്നുവരെ പുറത്താക്കുമെന്നും നേതാക്കൾ പറഞ്ഞു. ആ വാക്ക് വിശ്വസിച്ചാണ് കാത്തിരുന്നത്. ഇന്ന് ഒരുവർഷം കഴിഞ്ഞു. നമ്മുടെ സർക്കാർ വന്നു. പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയും മറ്റൊരാൾ ആഭ്യന്തര മന്ത്രിയും ഇനിയൊരാൾ കെ.പി.സി.സി പ്രസിഡന്റായി തുടരുകയും ചെയ്യുന്നു. എന്നാൽ, സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് സുജിത്ത് ചോദിക്കുന്നുണ്ട്.
തനിക്ക് രാഷ്ട്രീയ സംരക്ഷണം വേണ്ടെന്നും നീതിയാണ് വേണ്ടതെന്നും സുജിത്ത് പറയുന്നു. ഒരു വർഷം നീതിക്കായി കാത്തിരുന്ന തന്നോട് ഇനി എന്താണ് പറയാനുള്ളതെന്ന് നേതാക്കളോട് ചോദിച്ചു. നീതി വൈകുന്നത് കാക്കിയിട്ട മർദകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാകരുതെന്ന് ഓർമിപ്പിച്ചാണ് കത്ത് അവസാനിപ്പിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു സുജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
2023-ലാണ് സുജിത്തിന് കുന്നംകുളം സ്‌റ്റേഷനിൽ വെച്ച് പൊലീസുകാരുടെ മർദനമേറ്റത്. പിന്നീട് രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് മർദനത്തിന്റെ സി.സി.ടി.വി ദൃശ്യം സുജിത്ത് പുറത്തുകൊണ്ടുവന്നത്. തുടർന്ന് നാലു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. തന്നെ മർദിച്ച എല്ലാവരേയും സർവിസിൽ നിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അന്ന് സുജിത്ത് പറഞ്ഞിരുന്നു.
സുജിത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കത്ത്
ഇന്നേക്ക്_ഒരു_വർഷം
തുറന്ന കത്ത്….
ഒരു വർഷം… എന്നിട്ടും നീതി എവിടെ?
പോലീസ് ലോക്കപ്പിൽ മർദ്ദനത്തിനിരയായ എന്നോട് അന്ന് എന്റെ നേതാക്കൾ പറഞ്ഞു.
“ഭയപ്പെടേണ്ട… ഞങ്ങൾ കൂടെയുണ്ട്.
നീതിക്കായി അവസാനം വരെ പൊരുതും… നിന്നെ തല്ലിയവരെ പോലീസ് ഡിപ്പാർമെന്റിൽ പുറത്താക്കും വരെ പോരാടും….
ആ വാക്കുകളിൽ വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു.
ഇന്ന് ഒരു വർഷം കഴിഞ്ഞിരിക്കുന്നു ,നമ്മുടെ സർക്കാർ വന്നു, പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയായി, മറ്റൊരാൾ ആഭ്യന്തരമന്ത്രിയായി, വേറൊരാൾ KPCC പ്രസിഡൻ്റായി തുടരുന്നു
പക്ഷേ ചോദിക്കുകയാണ്—
മർദ്ദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നമ്മുടെ സർക്കാർ എന്ത് നടപടി എടുത്തു?
അന്വേഷണം എവിടെയെത്തി?
നടപടി വൈകുന്നതിന് പിന്നിൽ എന്താണ്?
അന്ന് “കൂടെയുണ്ടാകും” എന്ന് പറഞ്ഞ നേതാക്കൾ ഇന്ന് എവിടെയാണ്?
അധികാരത്തിന്റെ മുന്നിൽ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്???
ഇത് ഒരു വ്യക്തിയുടെ മാത്രം പോരാട്ടമല്ല.
നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിക്കെതിരായ പോരാട്ടമാണ്…..
വാഗ്ദാനങ്ങൾ വേണ്ട.
നടപടി വേണം.
എനിക്ക് രാഷ്ട്രീയ സംരക്ഷണം വേണ്ട.
നീതി വേണം…..!!!!
ഒരു വർഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്?
“ഞങ്ങൾ കൂടെയുണ്ട്” എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ്,
ഒരിക്കൽ എങ്കിലും പ്രവർത്തിച്ച് കാണിക്കൂ….
നീതി വൈകുന്നത് കാക്കിയിട്ട മർദ്ദകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാകരുത് എന്നു മാത്രം ഓർമിപ്പിച്ച് എന്റെ കത്ത് ചുരുക്കുന്നു..
