മുൻ എം.എൽ.എയെക്കൊണ്ട് പാലം ഉദ്ഘാടനം ചെയ്യിപ്പിച്ച് നിലവിലെ എം.എൽ.എ; രാഷ്ട്രീയ മാതൃകയായി പൂഞ്ഞാർ

പൂഞ്ഞാർ: ജനക്ഷേമ,വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളും അവയുടെ പിതൃത്വം അവകാശപ്പെട്ടുള്ള വിവാദങ്ങളും കേരള രാഷ്ട്രീയത്തിൽ പതിവാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി രാഷ്ട്രീയ സൗഹൃദത്തിന്റെ മനോഹരമായ കാഴ്ചയാണ് പൂഞ്ഞാറിൽ നിന്നും പുറത്തുവരുന്നത്. എരുമേലി ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മുൻ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലാണ്. അതിനുള്ള വഴി ഒരുക്കിയതാവട്ടെ നിലവിലെ എം.എൽ.എയും.

പൂഞ്ഞാറിലെ നിലവിലെ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മുൻ എം.എൽ.എ ഈ ചടങ്ങിനെത്തിയത്. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്.

പദ്ധതിക്ക് ഫണ്ട് അനുവദിച്ച മുൻ എം.എൽ.എ തന്നെയാണ് അതിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ഏറ്റവും യോഗ്യനെന്ന് പറഞ്ഞാണ് നിലവിലെ എം.എൽ.എ അദ്ദേഹത്തെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. ചടങ്ങിന്റെ ശിലാഫലകത്തിലും വ്യക്തികളുടെ പേരുകൾക്ക് പകരം ‘പൂഞ്ഞാർ എം.എൽ.എ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത് എന്നത് ഈ മാതൃകയുടെ മാറ്റു കൂട്ടുന്നു.