ട്രാക്ക് മുറിച്ച് കടക്കുമ്പോൾ അപകടം സംഭവിച്ചാൽ നഷ്ട പരിഹാരം കിട്ടില്ല: ട്രൈബ്യൂണൽ ഉത്തരവ്

കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ കഴിയില്ലെന്ന് റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചു കടക്കുമ്പോൾ പരിക്കേറ്റ ചങ്ങനാശേരി സ്വദേശി തോമസ് ജോണിന്‍റെ അപേക്ഷയിലാണ് ട്രൈബ്യൂണൽ ഉത്തരവ്.

ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റുവെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് തോമസ് ആവശ്യപ്പെട്ടത്. എന്നാൽ തോമസിന്‍റെ വാദം തെറ്റാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

പ്ലാറ്റ് ഫോമിലേക്ക് പോകാൻ ബ്രിഡ്ജ് ഉള്ളപ്പോൾ അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്ന റെയിൽവേയുടെ വാദം കണക്കിലെടുത്താണ് സ്വന്തം ജാഗ്രതകുറവും നിയമ ലംഘനവും മൂലം അപകടം പറ്റുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കോടതി നിർദ്ദേശിച്ചത്.