മഞ്ചേരി സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതിക്ക് 75 കോടി

മഞ്ചേരി നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിൽ ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സംസാരിക്കുന്നു
മഞ്ചേരി: മഞ്ചേരി സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതിക്കായി 75 കോടി രൂപ അനുവദിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും നഗര വികസന പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത ജനപ്രനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘടന പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെ റോഡുകളുടെ നവീകരണം, സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതി, മണ്ഡലത്തിലെ മറ്റു പദ്ധതികള്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കണമെങ്കില്‍ സ്ഥലം ഉടമകള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ ഉള്‍പ്പടെ എല്ലാവരും സഹകരിക്കണം.
ഭൂമി ഏറ്റെടുത്ത് റോഡ് നിർമിക്കുക എളുപ്പമല്ല. അതിനാല്‍ സൗജന്യമായി ഭൂമി വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയാറാകണം. എങ്കില്‍ കാലതാമസമില്ലാതെ പദ്ധതികള്‍ നടപ്പാക്കും. റോഡ് വികസനത്തിന് ആവശ്യത്തിന് പണം ലഭ്യമാക്കും. കഴിഞ്ഞ 10 വര്‍ഷമായി റോഡ് വികസനം നടക്കാത്ത പ്രദേശങ്ങള്‍ മലപ്പുറം ജില്ലയിലുണ്ട്. അത്തരം പ്രദേശങ്ങളിലേക്ക് വികസനമെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുറക്കല്‍ ജങ്ഷനില്‍ ഫ്ലൈഓവര്‍ നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിലെ വിദഗ്ധ സംഘം പരിശോധന നടത്തും.
മേൽപാലം നിർമിക്കണമെങ്കില് ഭൂമി സൗജന്യമായി ലഭിക്കണം. അതിനുള്ള പ്രവര്‍ത്തനം ജനപ്രതിനിധികള്‍ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അഡ്വ. എം. റഹ്മത്തുല്ല എം.എല്‍.എ, നഗരസഭ ചെയര്പേഴ്സൻ വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, മുന്‍ എം.എല്‍.എ അഡ്വ. യു.എ. ലത്തീഫ് എന്നിവര്‍ നഗര വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും നിലവിലുള്ള സ്ഥിതിയും മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു.
നഗരസഭയിലെ റോഡ് ഇംപ്രൂവ്മെൻറ് പദ്ധതി
ജസീല ജങ്ഷന്, സെന്‍ട്രല്‍ ജങ്ഷന് നവീകരണം, നടപ്പാത നിർമിച്ച് ടൈല്‍സ് പതിച്ചുള്ള ബ്യൂട്ടിഫിക്കേഷന്, നഗരസഭയിലെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന ചെറിയ റോഡുകളുടെ വികസനം, റിങ് റോഡുകള്‍, ബൈപാസ് റോഡുകളുടെ വീതികൂട്ടല്‍ എന്നിവയാണ് പദ്ധതിയിലുണ്ടാവുക. നെല്ലിപ്പറമ്പ് മുതല്‍ സെന്‍ട്രല്‍ ജങ്ഷന് വരെ വീതി കൂട്ടി നവീകരിക്കും. മരത്താണി മുതല്‍ കിടങ്ങഴി വരെയും, കിടങ്ങഴി മുതല്‍ രാമംകുളം വരെയെും, രാമംകുളം മുതല്‍ പട്ടര്‍കുളം വരെയും ആറു കിലോമിറ്റര്‍ ദൂരമുള്ള റോഡുകള്‍ നവീകരിക്കും.
മലബാര്‍ ഹോസ്പിറ്റല്‍ മുതല്‍ കിടങ്ങഴി വരെയുള്ള തോടോരം പദ്ധതിയുടെ ഒന്നാം ഘട്ടം 660 മീറ്റര്‍ ദൂരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. മഞ്ചേരി-ഒലിപ്പുഴ റോഡ് നവീകരണം ഉടന്‍ തുടങ്ങും.
മഞ്ചേരി മുതല്‍ ഒഴലിപ്പുഴ വരെ 16 കിലോമീറ്റര്‍ റോഡ് നവീകരണത്തിന് 86 കോടിയുടെ പദ്ധതി തയാറാക്കും. 2016ല്‍ തുക വികയിരുത്തിയെങ്കിലും നിർമാണം നീണ്ടുപോയി. തുടര്‍ന്ന് എസ്റ്റിമേറ്റ് റിവൈസ് ചെയ്തു 136 കോടിയായി. എന്നാല്‍, അന്ന് ധനവകുപ്പ് അനുമതി നല്‍കിയില്ല. വിഷയം ചര്‍ച്ചയില്‍ വന്നതോടെ മന്ത്രി വിഷയത്തില്‍ ഇടപെടുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
കിഫ്ബിയില്‍ അനുവദിച്ച ഈ റോഡ് കെ.ആര്.എഫ്.ബിയാണ് നിർമിക്കുന്നത്. നിലവില്‍ ഏഴു മീറ്റര്‍ വീതിയുള്ള റോഡ് 13.6 മിറ്ററാക്കി മാറ്റും. റോഡ് റബറൈസ്ഡ് ചെയ്യും. ടൈല്‍സ് പതിച്ച് നടപ്പാത നിർമിക്കും. വിളക്കുകള്‍ സ്ഥാപിച്ച് ബ്യൂട്ടിഫിക്കേഷന് നടത്തും.
കൈയേറ്റം കണ്ടെത്താന്‍ റവന്യൂ സംഘമെത്തും
റോഡ് വികസനത്തിന് തടസ്സമായി നില്ക്കുന്ന കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിനായി റവന്യൂ വകുപ്പില്‍നിന്നും പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. റവന്യൂമന്ത്രി എ.പി. അനില്‍കുമാറുമായി ചര്‍ച്ച നടത്തി ഈ മാസംതന്നെ സംഘത്തിന് രൂപം നല്‍കും. കൈയേറ്റം കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഒഴിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അഡ്വ. എം. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. ചെയര്പേഴ്സൻ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എ അഡ്വ. യു.എ. ലത്തീഫ്, നഗരസഭ വൈസ് ചെയര്പേഴ്സൻ അഡ്വ. ബീന ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ സക്കീര്‍ വല്ലാഞ്ചിറ, കെ.പി. ഉമ്മര്‍, റിസ്വാന സാദിഖ്, എം.വി. അബൂബക്കര്‍, ഷാനിബ ഫൈസല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഹുസൈന് മേച്ചേരി, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡൻറ് പി.പി. കബീര്‍, ജനറല്‍ സെക്രട്ടറി കെ.കെ.ബി. മുഹമ്മദാലി, യു.ഡി.എഫ് മണ്ഡലം ചെയര്മാന് റഷീദ് പറമ്പന്‍, വി.പി. ഫിറോസ്, ഹുസൈന് വല്ലാഞ്ചിറ, അഡ്വ. പി. അബൂസിദ്ദീഖ്, നിവില്‍ ഇബ്രാഹീം, നഗരസഭ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ്, പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടിവ് എൻജിനീയര്‍മാരായ കെ. മുഹമ്മദ് ഇസ്മായില്‍, മുഹമ്മദ് ഷാഫി, കെ.ആര്.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയര്‍ എ. പ്രകാശന്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. കെ.കെ. അബ്ദുല്‍ മജീദ്, വൈസ് പ്രിന്‍സിപ്പൽ ഡോ. പി.എസ്. ഷീന എന്നിവര്‍ സംസാരിച്ചു.
