'വംശഹത്യ അവസാനിപ്പിക്കുക'; ഇസ്രായേൽ-ഓസ്ട്രിയ ഫുട്ബാൾ മത്സരത്തിനിടെ ബാനറുമായി ആംനസ്റ്റി

ലിൻസ് (ഓസ്ട്രിയ): യുവേഫ നാഷൻസ് ലീഗിൽ ഓസ്ട്രിയയും ഇസ്രായേലും തമ്മിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്ത് വംശഹത്യക്കെതിരെ പ്രതിഷേധവുമായി ആംനസ്റ്റി ഇന്റർനാഷണൽ. ഓസ്ട്രിയയിലെ ലിൻസിൽ നടന്ന മത്സരത്തിനിടെ “വംശഹത്യ അവസാനിപ്പിക്കുക”എന്നെഴുതിയ കൂറ്റൻ ബാനറാണ് ആംനസ്റ്റി പ്രവർത്തകർ ഉയർത്തിയത്. ഗസ്സയിലെ വംശഹത്യക്കും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റങ്ങൾക്കും പിന്തുണ നൽകുന്ന ഇസ്രായേൽ ഫുട്ബാൾ അസോസിയേഷനെ (ഐ.എഫ്.എ) അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതികളായ ഫിഫയും യുവേഫയും സസ്പെൻഡ് ചെയ്യണമെന്ന് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്കിടയിലും ഗസ്സയിൽ ഫലസ്തീനികളുടെ മരണവും ദുരിതവും തുടരുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഓസ്ട്രിയ കാമ്പയിനർ അലക്സാണ്ടർ വൈറോ പറഞ്ഞു. ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിഞ്ഞിട്ടും ലോക ഭരണകൂടങ്ങളും കായിക സംഘടനകളും വംശഹത്യക്കെതിരെ നടപടിയെടുക്കാതെ നിശ്ശബ്ദത പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫലസ്തീനികൾക്കെതിരായ വംശഹത്യ, വർണ്ണവിവേചനം, വെസ്റ്റ് ബാങ്കിലെ വംശീയ ശുദ്ധീകരണം, അനധികൃത അധിനിവേശം എന്നിവയിൽ നിന്ന് ലോക ശ്രദ്ധ തിരിക്കാൻ അനുവദിക്കില്ലെന്നും രാജ്യാന്തര നിയമലംഘനങ്ങൾ നടത്തുന്ന ഇസ്രായേലിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധിനിവിഷ്ട ഫലസ്തീൻ മണ്ണിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളെ ആഭ്യന്തര ലീഗുകളിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ ഇസ്രായേൽ ഫുട്ബോൾ അസോസിയേഷനെ സസ്പെൻഡ് ചെയ്യണമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആംനസ്റ്റി ഫിഫയോടും യുവേഫയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്താരാഷ്ട്ര നീതിപീഠത്തിന്റെ (ഐ.സി.ജെ) ഉപദേശക അഭിപ്രായം പോലും അവഗണിച്ച് ഇസ്രായേലിനെതിരെ നടപടിയെടുക്കില്ലെന്നാണ് കഴിഞ്ഞ മാർച്ചിൽ ഫിഫ വ്യക്തമാക്കിയത്. ഫിഫയുടെ ഈ നിലപാട് ഇസ്രായേലിന്റെ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കും അധിനിവേശത്തിനും പരോക്ഷമായി നിയമസാധുത നൽകുന്നതാണെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി.
ഇസ്രായേലുമായുള്ള വ്യാപാര ബന്ധങ്ങൾ വിച്ഛേദിക്കാനും യൂറോപ്യൻ യൂണിയൻ-ഇസ്രായേൽ അസോസിയേഷൻ കരാർ റദ്ദാക്കാനും ഓസ്ട്രിയ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളോട് ആംനസ്റ്റി ആഹ്വാനം ചെയ്തു. അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഉപരോധമേർപ്പെടുത്താൻ കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ അംഗങ്ങളായ എട്ട് രാജ്യങ്ങളുൾപ്പെടെ 12 രാഷ്ട്രങ്ങൾ തീരുമാനിച്ചിരുന്നെങ്കിലും ഓസ്ട്രിയ ഇതിൽ പങ്കാളിയായിരുന്നില്ല.
