ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്; അഭിമാനമായി അബ്ദുറസാഖും അബ്ദുൽ സലാമും

മഞ്ചേരി: ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി മഞ്ചേരി തുറക്കൽ സ്വദേശികളായ പന്തപ്പാടൻ അബ്ദുറസാഖും വിളക്കുമഠത്തിൽ അബ്ദുൽ സലാമും.

ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ആംറസലിങ് (ഐ.എഫ്.എ) സംഘടിപ്പിച്ച ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലാണ് ഇരുവരും ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. ബംഗളൂരുവിൽ കഴിഞ്ഞ മാസം നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തെ തുടർന്നാണ് ഇരുവരും അന്തർദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

സീനിയർ ഗ്രാൻഡ് മാസ്റ്റേഴ്‌സ് പുരുഷവിഭാഗം റൈറ്റ് ഹാൻഡ് 95 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച അബ്ദുറസാഖ് ആറാം സ്ഥാനം നേടി. അൾട്രാ ഗ്രാൻഡ് മാസ്റ്റേഴ്‌സ് പുരുഷവിഭാഗം 78 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച അബ്ദുൽ സലാം പത്താം സ്ഥാനവും കരസ്ഥമാക്കി.