യു.പി.ഐ ഇടപാടുകൾക്ക് അധികനിരക്ക്; തിരിച്ചടിയാകുമെന്ന് വ്യാപാരികൾ

ആലുവ: യു.പി.ഐ ഇടപാടുകൾക്ക് അധികനിരക്ക് ഈടാക്കുന്നത് ചെറുകിട-ഇടത്തരം സൂപ്പർമാർക്കറ്റുകൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. നിലവിൽ നിരവധി പ്രതിസന്ധികളോടെയാണ് സംസ്ഥാനത്തെ നാലായിരത്തിലധികം ചെറുകിട – ഇടത്തരം സൂപ്പർമാർക്കറ്റുകൾ മുന്നോട്ടുപോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇതിനിടയിലാണ് രണ്ടായിരം രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകളുമായി ബന്ധപ്പെട്ട അധികനിരക്ക് അടിച്ചേൽപിക്കുന്നത്. സൂപ്പർ മാർക്കറ്റുകളിൽ 90 ശതമാനത്തിലധികം ഇടപാടുകളും യു.പി.ഐ വഴിയാണ്. ഇതിൽ നല്ലൊരു ശതമാനവും വലിയ ബില്ലുകളായിരിക്കും.

ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ വേഗത്തിലും സൗകര്യപ്രദമായും പണമിടപാടുകൾ നടത്താൻ യു.പി.ഐ സംവിധാനം സഹായമായതിനാൽ വർഷങ്ങളായി ഈ രീതിയാണ് തുടരുന്നത്. ദിവസേന നൂറുകണക്കിന് ഇടപാടുകളും വലിയ തോതിലുള്ള യു.പി.ഐ പേയ്‌മെന്റുകളും സ്വീകരിക്കുന്ന സൂപ്പർമാർക്കറ്റുകൾക്ക് ഓരോ ഇടപാടിലും വരുന്ന അധിക ചാർജുകൾ വലിയ സാമ്പത്തിക ബാധ്യതയായി മാറുമെന്നും ഉടമകൾ ആശങ്കപ്പെടുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ പല വ്യാപാര സ്ഥാപനങ്ങളുടെയും ലാഭം ഗണ്യമായി കുറയുകയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരികയും ചെയ്യും. വൻകിട – കോർപറേറ്റ് സ്ഥാപനങ്ങൾക്കിടയിൽ ഏറെ പ്രയാസപ്പെട്ടാണ് ഇത്തരം വ്യാപാരികൾ പിടിച്ചു നിൽക്കുന്നത്. കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ വിതരണ ശൃംഖലയിൽ നിർണായക പങ്കുവഹിക്കുന്ന സൂപ്പർമാർക്കറ്റ് മേഖല രണ്ട് ലക്ഷത്തോളം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നേരിട്ടും പരോക്ഷമായും ഉപജീവനമാർഗം ഒരുക്കുന്നു.

സൂപ്പർമാർക്കറ്റുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് റീപാക്ക് ചെയ്ത് വിൽക്കുന്ന ഉൽപന്നങ്ങൾക്ക് ബാധകമായ അഞ്ച് ശതമാനം ജി.എസ്.ടി. വലിയ അളവിൽ വാങ്ങുന്ന ചില ഉൽപന്നങ്ങൾ ചെറിയ പാക്കറ്റുകളാക്കി ഉപഭോക്താക്കൾക്ക് വിൽക്കുമ്പോൾ റീപാക്കിങ് പ്രക്രിയയുടെ പേരിൽ അധിക നികുതി ബാധ്യതയുണ്ടാകുന്ന സാഹചര്യം മേഖലയ്ക്ക് വലിയ സാമ്പത്തിക സമ്മർദമാണ് സൃഷ്ടിക്കുന്നത്.