വൻ പദ്ധതികളുമായി റബർ ബോർഡ്; ടാപ്പിങ് ഇനി വൈകീട്ടും

കേളകം: തൊഴിലാളിക്ഷാമം മൂലം പ്രതിസന്ധിയിലായ റബർ മേഖലയെ സജീവമാക്കാനും പുതിയ തലമുറയെ ടാപ്പിങ് തൊഴിലിലേക്ക് ആകർഷിക്കാനും സമഗ്ര പദ്ധതികളുമായി റബർ ബോർഡ്. പരമ്പരാഗത രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി, പുലർച്ചെയ്ക്ക് പകരം വൈകുന്നേരങ്ങളിൽ ടാപ്പിങ് നടത്തുന്നതിനെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങൾ റബർ ബോർഡ് പുറത്തുവിട്ടു.
റബർ ബോർഡ് ചെയർമാന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിവിധ ജില്ലകളിലെ ടാപ്പിങ് തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ പ്രഖ്യാപനങ്ങൾ.
പ്രധാന തീരുമാനങ്ങളും പുതിയ പദ്ധതികളും:
വൈകുന്നേരങ്ങളിൽ ടാപ്പിങ്: വൈകുന്നേരം അഞ്ചിനു ശേഷം ടാപ്പിങ് നടത്തുന്നത് വഴി കൂടുതൽ പാലുത്പാദനത്തിന് സാധ്യതയുണ്ടെന്ന് റബർ ബോർഡിന്റെ ഗവേഷണ വിഭാഗം കണ്ടെത്തി. ഇത് പുലർച്ചെ ഇരുട്ടിലെ ജോലി ഒഴിവാക്കി തൊഴിലാളികൾക്ക് കൂടുതൽ അനുയോജ്യമായ സമയം തെരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും.
യുവജനങ്ങൾക്ക് പരിശീലനവും ആനുകൂല്യങ്ങളും: യുവതീ-യുവാക്കളെ മേഖലയിലേക്ക് ആകർഷിക്കാൻ ശാസ്ത്രീയ പരിശീലനം നൽകും. പഠനത്തോടൊപ്പമോ മറ്റ് ജോലികൾക്കൊപ്പമോ വൈകുന്നേരങ്ങളിൽ ടാപ്പിങ് ചെയ്ത് അധിക വരുമാനം കണ്ടെത്താം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രത്യേക യൂണിഫോം, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉറപ്പാക്കും.
സുരക്ഷയും ക്ഷേമപദ്ധതികളും: പാമ്പുകടി, കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണങ്ങൾ എന്നിവ നേരിട്ടാൽ ചികിത്സാ സഹായവും നൽകും. കൂടാതെ നിലവിലുള്ള ഇൻഷുറൻസ്, പെൻഷൻ പദ്ധതികളെക്കുറിച്ച് തൊഴിലാളികളിൽ ബോധവൽക്കരണം ശക്തമാക്കും.
ഐ.എൻ.ആർ.കെ കണക്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം: തോട്ടമുടമകളെയും പരിശീലനം ലഭിച്ച ടാപ്പിങ് തൊഴിലാളികളെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കും. ഇത് തൊഴിലാളികൾക്ക് കൃത്യമായ തൊഴിലും തോട്ടമുടമകൾക്ക് ആവശ്യാനുസരണം തൊഴിലാളികളെയും ഉറപ്പാക്കും.
തൊഴിലാളി ക്ഷാമത്താൽ ടാപ്പിങ് മുടങ്ങിക്കിടക്കുന്ന തോട്ടങ്ങളെ വീണ്ടും സജീവമാക്കി, ശാസ്ത്രീയ രീതികളിലൂടെയും ക്ഷേമ-ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും റബർ മേഖലയെ തിരികെ നേട്ടത്തിലെത്തിക്കുകയാണ് ബോർഡിന്റെ ലക്ഷ്യം.
