അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടം; പോക്സോ കേസ് പ്രതി ചാടിപ്പോയി, തിരച്ചിൽ ഊർജിതം

പത്തനംതിട്ട: പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽനിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. സ്റ്റേഷനിൽ തടവുകാരെ പാർപ്പിക്കാൻ സുരക്ഷിതമായ സെൽ ഇല്ലാത്തതാണ് പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്.

തിരുവല്ല ഷുഗർ ഫാക്ടറിയുടെ പഴയ കെട്ടിടത്തിലാണ് കാലങ്ങളായി പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്നത്. ലോക്കപ്പ് സൗകര്യമില്ലാത്തതിനാൽ തറയിൽ ഉറപ്പിച്ചിരിക്കുന്ന കൊളുത്തിൽ കൈവിലങ്ങ് ബന്ധിച്ചാണ് സാധാരണയായി പ്രതികളെ നിർത്തിയിരുന്നത്. ഈ കൊളുത്ത് ബലമായി ഇളക്കി മാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടത്തിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നതിലെ സുരക്ഷാ ഭീഷണിയും ഇതോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.

പ്രതി ആറ്റിലൂടെയാണോ പോയതെന്ന് സംശയമുണ്ട്. ഇവിടെ ഒരു വള്ളം കാണാതായിട്ടുണ്ട്. പ്രതിയുടെ ഭാര്യവീട് കണ്ണൂരാണ്. ഇവിടേക്കും പൊലീസുകാർ പോയിട്ടുണ്ട്. ബന്ധുവായ കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചതായി ആരോപണം ഉയർന്നത്. കുട്ടിയെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയ സമയത്ത് പ്രതിയെ സ്റ്റേഷനിൽ കസ്റ്റഡിയിൽ വെച്ചിരിക്കുകയായിരുന്നു.