എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

വള്ളിക്കുന്ന്: ദേശീയപാതയിൽ വാഹനപരിശോധനക്കിടെ രാസലഹരിയായ എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികനായ യുവാവിനെ ഹൈവേ പൊലീസ് പിടികൂടി. ചെറുകാവ് ഐക്കരപ്പടി സ്വദേശി കുന്നേക്കാട്ട് വീട്ടിൽ കെ. അരുണ്‍ ദാസാണ് പിടിയിലായത്. ഇയാളിൽനിന്ന് ഒരു ലക്ഷത്തോളം രൂപയും കണ്ടെത്തി.
വെള്ളിയാഴ്ച വൈകീട്ടോടെ കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിക്കടുത്ത് സ്പിന്നിങ് മിൽ ഭാഗത്ത് രാമനാട്ടുകരയിൽനിന്ന് ചേളാരി ഭാഗത്തേക്കുള്ള സർവിസ് റോഡിലായിരുന്നു സംഭവം. ഹൈവേ പൊലീസ് എസ്.ഐ ശശി കുണ്ടറക്കാടിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. തുടർന്ന് ഇയാളെ തേഞ്ഞിപ്പലം പൊലീസിന് കൈമാറി.
രാത്രിയോടെ തേഞ്ഞിപ്പലം എസ്.എച്ച്.ഒ കെ. ഷുഹൈബ്, എസ്.ഐ രാജേഷ് കുമാർ, ഡാൻസാഫ് ടീം എന്നിവർ ചേർന്ന് പ്രതി ഒറ്റക്കു താമസിക്കുന്ന ചേലേമ്പ്ര ചേലൂപ്പാടത്തെ ഫ്ലാറ്റിൽ പരിശോധന നടത്തി. ഇവിടെനിന്ന് വിൽപനക്കായി സൂക്ഷിച്ച അര കിലോ കഞ്ചാവും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
