ചിലമ്പൊച്ചയും തീക്കൂനകളും വീണ്ടും സജീവം; ഉത്തരമലബാർ കാത്തിരുന്ന തെയ്യക്കാലത്തിന് തുടക്കം

കണ്ണൂർ: ഇനി കേരളത്തില്‍ മഞ്ഞക്കുറിക്കാലം. തീപ്പന്തങ്ങളേന്തി തീക്കൂനയിലേക്ക് ചാടി നിറഞ്ഞാടുന്ന ദൈവകോലങ്ങള്‍ കേരളത്തിന് വെറുമൊരു കാഴ്ചയല്ല, മണ്ണിലിറങ്ങുന്ന ദൈവങ്ങളാണ്. അതേ, തിരുവായുധങ്ങളേന്തി തിരുപ്പുടവയണിഞ്ഞ് വീണ്ടും തെയ്യങ്ങളെത്തുകയാണ്. കാവുകളിലെ ചിലമ്പൊച്ചയും മേളപ്പെരുക്കങ്ങളും കരസ്പര്‍ശത്താല്‍ ഭക്തര്‍ക്ക് ഊര്‍ജ്ജമാകും. സങ്കടങ്ങള്‍ക്ക് കാതോര്‍ത്ത് സ്നേഹ വചനങ്ങള്‍ ചൊല്ലുമ്പോള്‍ ഭക്തരുടെ മനസില്‍ പ്രതീക്ഷയുടെ കനല്‍ തെളിയും.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശത്തുനിന്നും ധാരാളം പേര്‍ തെയ്യകാലത്ത് ഉത്തരമലബാറിലെത്താറുണ്ട്. ടൂറിസം മേഖലയെ സമ്പന്നമാക്കുന്നു ഓരോ തെയ്യകാലവും. എല്ലാവര്‍ഷവും തെയ്യം കെട്ടിയാടുന്ന കാവുകളുണ്ട്, ചിലയിടത്ത് ഒരു വര്‍ഷം ഇടവിട്ടും മറ്റു ചിലയിടത്ത് രണ്ടോ മൂന്നോ വര്‍ഷത്ത ഇടവേളകളിലും കളിയാട്ടങ്ങള്‍ നടത്താറുണ്ട്. വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടക്കുന്ന പെരൂങ്കളിയാട്ടങ്ങളുമുണ്ട്. വിശ്വാസവും കാര്‍ഷിക സംസ്കാരവും ചേരുന്ന തുലാപ്പത്തിന് കാവുകളിലും ദേവസ്ഥാനമുള്ള തറവാടുകളിലും അനുഷ്ഠാനങ്ങള്‍ നടക്കും.

ഈ വർഷം തെയ്യാട്ടമുണ്ടെങ്കിലും ഇല്ലെങ്കിലും പത്താമുദയ ദിവസം ആചാരനുഷ്ഠാനങ്ങൾ നടക്കും. തുലാപ്പത്തിനാണ് എല്ലാ കാവുകളും ഉണരുന്നത്. എന്നാൽ, തുലാം ഒന്ന് മുതൽ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങും. കളിയാട്ടത്തിന് തുടക്കമിട്ട് അരങ്ങിലെത്തുന്നത് തിമിരി പാടത്ത് വലിയ വളപ്പിൽ ചാമുണ്ഡിയാണ്. പുലയസമുദായക്കാരാണ് വലിയ വളപ്പിൽ ചാമുണ്ഡിയെ കെട്ടുന്നത്. ‘വേലം പക്കൽ കോലം’ എന്ന ചൊല്ലുണ്ട് കോലത്തു നാട്ടിൽ. പയ്യന്നൂർ പെരുമാളിന്റെ അധീനതയിലുള്ള കാവുകളിലും ദേവസ്ഥാനങ്ങളിലും വേലന്മാർ കെട്ടിയാടുന്ന തെയ്യങ്ങൾ തുലാം ഒന്നു മുതൽ 11 വരെ എല്ലാ ദിവസങ്ങളിലുമുണ്ട്.

പെരുമാളിന്റെ തട്ടകത്തിലെ കുണ്ടോർ ചാമുണ്ഡിയുടെ കളിയാട്ടമെന്നാണ് 11 ദിവസത്തെ തെയ്യങ്ങളെ പറയുക. പയ്യന്നൂർ മമ്പലം തെക്കടവൻ തറവാട് ദേവസ്ഥാനത്താണ് തുടക്കം. തുലാം ഒന്നിനും രണ്ടിനുമാണിത്. തുലാം രണ്ട്, മൂന്ന് തീയതികൾ പയ്യന്നൂർ കൊറ്റിയിലെ പിലാങ്കു തറവാട് ദേവസ്ഥാനത്തും മൂന്ന്, നാല് തീയതികളിൽ കൊറ്റിയിലെ കുത്തൂർ തറവാട് ദേവസ്ഥാനത്തും നാല്, അഞ്ച് തീയതികളിൽ പയ്യന്നൂർ തൊട്ടേൻ തറവാട് ദേവസ്ഥാനത്തും അഞ്ച്, ആറ് തീയതികളിൽ പയ്യന്നൂർ ഉത്തമന്തിൽ കിഴക്കേ വീട് തറവാട് ദേവസ്ഥാനത്തും ആറ്, ഏഴ് തിയതികളിൽ എടവലത്ത് തറവാട് ദേവസ്ഥാനത്തും ഏഴ് എട്ട് തിയതികളിൽ പുളുക്കൂൽ തറവാട് ദേവസ്ഥാനത്തും എട്ട്, ഒൻപത് തിയതികളിൽ കലശപ്പുരത്തറവാട് ദേവസ്ഥാനത്തും ഒൻപത്, 10 തീയതികളിൽ പുല്ലായ്ക്കൊടി തറാവാട് ദേവസ്ഥാനത്തും 10, 11 തിയതികളിൽ എടാടൻ തറവാട് ദേവസ്ഥാനത്തും തെയ്യങ്ങൾ കെട്ടിയാടും.

11-ന് അരയി കാർത്തികച്ചാമുണ്ഡിക്കാവിലെ തെയ്യങ്ങൾ പുഴകടന്ന് (അള്ളട ദേശത്ത്) കാസർകോടൻ ഗ്രാമങ്ങളിലെത്തും. അള്ളട ദേശത്ത് ആദ്യം അരങ്ങുണരുന്നത് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാർക്കാവിലായിരുന്നു. 2024-ലിൽ വെടിക്കെട്ട് അപകടമുണ്ടായതിനാൽ ഇവിടെ ഇക്കുറിയും കളിയാട്ടവിളക്ക് തെളിയുന്നില്ല. 2027 ൽ ചാമുണ്ഡിയമ്മയുടെ പുന-പ്രതിഷ്ഠയും ബ്രഹ്‌മകലശോത്സവവും നടത്തിയ ശേഷമേ ഇനി തെയ്യങ്ങൾ അരങ്ങിലെത്തൂ. അണിയലങ്ങൾ മിനുക്കിയും ഉടയാടകൾ പുതുക്കിയുമെല്ലാം കോലധാരികളും മുന്നൊരുക്കത്തിലാണ്.