കേരളപ്പിറവിയുടെ ചരിത്രസാക്ഷിയായി അരയാൽ

കൊട്ടാരക്കര: ഓടനാവട്ടം ജങ്ഷനിൽ പടർന്ന് പന്തലിച്ച് തണൽ വിരിച്ച് നിൽക്കുന്ന അരയാൽ കേരളപ്പിറവി ദിനത്തിന്റെ ചരിത്രസാക്ഷി. ഏഴു പതിറ്റാണ്ടുകൾക്ക് മുമ്പ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമായ 1956 നവംബർ ഒന്നിന് നാടെങ്ങും നടന്ന കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി ഓടനാവട്ടത്ത് അരയാൽനട്ട് ചരിത്രം രചിച്ചത് അന്ന് ഓടനാവട്ടത്ത് വസ്ത്ര വ്യാപാരിയായിരുന്ന കട്ടയിൽ മൂർത്തി വിളവീട്ടിൽ നീലാംബരനാണ്. ഓടനാവട്ടം പുത്തൻ പളളിക്കുടത്തിലെ (ഇന്ന് കെ.ആർ.ജി.പി.എം ഹയർ സെക്കൻഡറി സ്കൂൾ) അഞ്ച് വിദ്യാർഥികളെയാണ് ആൽമരം നടാൻ അദ്ദേഹം കൂടെ കൂട്ടിയത്. ഓടനാവട്ടം മാവിളയിൽ സ്കറിയ, ഓടനാവട്ടം പൊയ്കയിൽ ജോൺ, പരുത്തിയറ വേങ്ങവിളയിൽ രംഗനാഥൻ, കട്ടയിൽ കൊച്ചു തെക്കതിൽ എൻ. ജയദേവൻ, കടയ്ക്കോട് മാരൂർ വിശ്വംഭരൻ എന്നിവരായിരുന്നു അന്ന് ആൽമരം നട്ട് നനച്ച വിദ്യാർഥികൾ.
കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതാക്കളുടെ കോളിളക്കം സൃഷ്ടിച്ച പ്രസംഗങ്ങൾ ഈ ആലിൻ കീഴിൽ ഒരുക്കിയ വേദികളിൽ നടന്നിട്ടുണ്ട്. സംസ്ഥാനത്തെ നാല് മുഖ്യമന്ത്രിമാരും ഇ.എം.എസ് അടക്കമുള്ള രാഷ്ട്രീയ ആചാര്യന്മാരും ഈ ആലിൻ കീഴിൽ പ്രസംഗിച്ചിട്ടുണ്ട്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ രണ്ട് തവണ ഈ ആലിൻ ചുവട്ടിൽ സംസാരിക്കാൻ എത്തിയിരുന്നു. 1969 -70 കാലത്ത് മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ എം.എൽ.എ ആകുന്നത് കൊട്ടാരക്കര അസംബ്ലി മണ്ഡലത്തിൽ നിന്ന് ഉപതെരഞ്ഞടുപ്പിലൂടെയാണ്. ഈ അവസരത്തിലാണ് അദ്ദേഹം ഓടനാവട്ടത്തെ ആലിൻ കീഴിൽ ഒരുക്കിയ പ്രസംഗവേദിയിൽ എത്തിയത്. അന്ന് അച്യുതമേനോന്റെ എതിർ സ്ഥാനാർഥിക്ക് വേണ്ടിയാണ് പ്രതിപക്ഷ നേതാവായിരുന്ന ഇ.എം.എസ് ഇതേ ആലിൻ കീഴിൽ പ്രസംഗിക്കാൻ എത്തിയത്. കെ. കരുണാകരൻ, പി.കെ. വാസുദേവൻ നായർ, ഇ.കെ. നായനാർ എന്നിവർ മുഖ്യമന്ത്രിയായിരിക്കെ ഓടനാവട്ടത്തെ ആലിൻ ചുവട്ടിൽ നടന്ന മഹാസമ്മേളനങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്.
