കോടിയുടെ നിക്ഷേപത്തിൽ നികുതിവെട്ടിച്ചെന്ന ആരോപണം; ജി.എസ്.ടി ഇന്റലിജൻസ് അന്വേഷിക്കും

കാഞ്ഞങ്ങാട്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (ആർ.ബി.സി) അക്കൗണ്ടിലെത്തിയ നിക്ഷേപത്തെക്കുറിച്ച് ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം അന്വേഷിക്കും. മെസ്സിയെയും അർജന്റീനാ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്കയച്ച 126 കോടിയുടെ നികുതിവെട്ടിച്ചെന്ന ആരോപണത്തിൽ സമൻസ് നൽകിയതിന് പിന്നാലെയാണ് നടപടി. 2024-25 സാമ്പത്തികവർഷം 549.22 കോടിയാണ് ആർ.ബി.സിയുടെ വിവിധ ബാങ്ക് അക്കൗണ്ടിലെത്തിയത്. ഇതിൽ ഗോകുലം ചിറ്റ്സിന്റെ 137.75 കോടിയും ഹിന്ദുജ ഫിനാൻസ് കമ്പനി നൽകിയ 75 കോടിയും ഉൾപ്പെടും. ഈ 212.75 കോടിയുടെ കണക്കാണ് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലൂള്ളത്. ബാക്കി 336.47 കോടിയുടെ ഉറവിടത്തെക്കുറിച്ചാണ് അന്വേഷണം നടത്തുക.
ജി.എസ്.ടി തിരുവനന്തപുരം ജോയിന്റ് കമീഷണറുടെ മേൽനോട്ടത്തിൽ കൊല്ലം യൂണിറ്റാണ് അന്വേഷിക്കുന്നത്. രണ്ടു വർഷത്തിനിടെ എസ്.ബി.ഐ കാക്കനാട് ശാഖ അക്കൗണ്ടിൽ മാത്രം വന്നത് 436 കോടിയാണ്. ആക്സിസ് ബാങ്കിന്റെയും ഐ.സി.ഐ.സി.ഐ ബാങ്കിന്റെയും കളമശ്ശേരി ശാഖകളിലെ അക്കൗണ്ടുകളിൽ 111.80 കോടിയും വന്നു. ഈ പണമെല്ലാം അതതു സമയത്ത് പിൻവലിച്ചിട്ടുമുണ്ട്. ആർ.ബി.സിക്ക് പണമെടുക്കാൻ ഹിന്ദുജ ഫിനാൻസ് ലിമിറ്റഡിൽ ജാമ്യക്കാരനായത് വ്യവസായി ഗോകുലം ഗോപാലനാണെന്ന് എസ്.ഐ.ടിക്ക് ഹിന്ദുജ ഫിനാൻസ് നൽകിയ മറുപടിയിൽ പറയുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി, ടി.ബി.സി എന്റർപ്രൈസസ്, എമരാജ് കോർപ്പറേഷൻ, മെൽബി ജോസ്, ബില തെരേസ, കെ.ജെ. ജോസ്, റോജി എം. അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ പേരുകളിലാണ് 75 കോടി രൂപ വായ്പയെടുത്തത്. എല്ലാ പണവും എത്തിയത് ആർ.ബി.സിയുടെ ഒറ്റ അക്കൗണ്ടിലേക്കാണ്.
അതേസമയം, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി എസ്.ഐ.ടി കണ്ടെത്തിയിരുന്നു. നികുതി ഈടാക്കാത്തത് ഗുരുതര വീഴ്ചയാണെന്നും ഉദ്യോഗസ്ഥർ നടപടി മനഃപൂർവം വൈകിച്ചതായും റിപ്പോർട്ടിലുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിനായി അവരുടെ കലക്ഷൻ ഏജന്റുവഴി അയച്ച 126.04 കോടിക്ക് റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം നൽകേണ്ട 22.69 കോടി ഐ.ജി.എസ്.ടി അടച്ചില്ല. കൂടാതെ, വിവിധ വിദേശ നിയമ/മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടിക്ക് 34.15 ലക്ഷം തുകയുടെ നികുതി വെട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണ പ്രവൃത്തികൾ, ക്ലബ് മെംബർഷിപ്പ് ഫീസ് എന്നിവയുമായി ബന്ധപ്പെട്ട് നിയമ ലംഘനം നടത്തി 2.75 കോടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനധികൃതമായി കൈപ്പറ്റിയെന്നും എസ്.ഐ.ടി കണ്ടെത്തി. കലൂർ സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവഴിച്ചെന്നാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടതെങ്കിലും ജി.സി.ഡി.എ എൻജിനീയറിങ് വിഭാഗത്തിന്റെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം 8.42 കോടി മാത്രമാണ്. ആർ.ബി.സി സമർപ്പിച്ച രേഖകളിൽ ഇത് 14.5 കോടിയും.
ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റായ 549.22 കോടിയിൽ വായ്പ തുകയായ 212.75 കോടി കഴിച്ചുള്ള 336.47 കോടിയിൽ ജി.എസ്.ടി റിട്ടേണിൽ വെളിപ്പെടുത്തിയത് 102.06 കോടി മാത്രമാണ്. ബാക്കി 234.31 കോടിയുടെ തുകക്ക് ഒരു കണക്കുമില്ല. 2025 ഒക്ടോബർ 8ന് ഇന്റലിജൻസ് ഡെപ്യൂട്ടി കമീഷണർ അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിൽ വാക്കാൽ നിർദേശം നൽകിയതായി കണ്ടെത്തി. ഇത് അന്വേഷണത്തിൽ അനാവശ്യ കാലതാമസത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
