പൊരുതി വീണ് ഇന്ത്യ; അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാകിസ്താന് മൂന്നു വിക്കറ്റ് ജയം

മസ്കത്ത്: അണ്ടർ 19 ഏഷ്യാ കപ്പ് ഗ്രൂപ്പ് റൗണ്ടിലെ ആവേശപ്പോരിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് വീഴ്ത്തി നിലവിലെ ജേതാക്കളായ പാകിസ്താൻ. ഇന്ത്യ മുന്നോട്ടുവെച്ച 209 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു.
ഹംസ സഹൂറിന്റെ അപരാജിത സെഞ്ച്വറി പ്രകടനമാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. 108 പന്തിൽ മൂന്നു സിക്സും 10 ഫോറുമടക്കം 100 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. സ്കോർ: ഇന്ത്യ 46.3 ഓവറിൽ 208 റൺസിന് ഓൾ ഔട്ട്. പാകിസ്താൻ 48.1 ഓവറിൽ ഏഴു വിക്കറ്റിന് 209. തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിരക്ക് കരുത്തായത് അർജുൻ രാജ്പുതിന്റെ സെഞ്ച്വറിയാണ്. 85 പന്തിൽ 107 റൺസെടുത്ത രാജ്പുത് 11 ഫോറും അഞ്ച് സിക്സും നേടി. മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. അർജുനെ കൂടാതെ ആര്യവീർ സെവാഗ് (40 പന്തിൽ 22), അൻവയ് ദ്രാവിഡ് (16 പന്തിൽ 10), മനാൽ ചൗഹാൻ (19 പന്തിൽ 11), കാവ്യ പരേഷ് പട്ടേൽ (45 പന്തിൽ 23) എന്നിവർ മാത്രമാണ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. പാകിസ്താനായി റിസ്വാനുല്ലയും അലി റസയും നിഖാബ് ഷഫീഖും മൂന്ന് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. ഒരുഘട്ടത്തിൽ 14.4 ഓവറിൽ അഞ്ചു വിക്കറ്റിന് 61 റൺസെന്ന നിലയിലായിരുന്നു പാകിസ്താൻ. എന്നാൽ, ആറാം വിക്കറ്റിൽ ഹസ്നെയിൻ അബ്ബാസും ഹംസ സഹൂറും ചേർന്ന് നേടിയ 107 റൺസ് കൂട്ടുകെട്ടാണ് ടീമിന്റെ വിജയത്തിൽ നിർണായകമായത്. 67 പന്തിൽ രണ്ടു ഫോറടക്കം 38 റൺസെടുത്താണ് അബ്ബാസ് പുറത്തായത്.
ഇന്ത്യക്കുവേണ്ടി മനാൽ ചൗഹാൻ 10 ഓവറിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. രണ്ടുവർഷം മുമ്പ് പാകിസ്താന് മുന്നിൽ തോറ്റ് കിരീടം കൈവിട്ടതിന്റെ നിരാശ മാറ്റാൻ കളത്തിലിറങ്ങിയ ഇന്ത്യൻ കൗമാരത്തിന് വീണ്ടും നിരാശ. ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ 10 വിക്കറ്റിന് തോൽപിച്ചിരുന്നു. പാകിസ്താൻ യു.എ.ഇയെ ഒമ്പത് വിക്കറ്റിനും തകർത്തു.
