'പെട്രോളിൽ എഥനോളിൻറെ അളവ് കാലക്രമേണ കൂട്ടും'; ശാസ്ത്രീയ പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി

തൃശൂർ: പെട്രോളിൽ എഥനോൾ കലർത്തുന്നതിന് ശാസ്ത്രീയ പിന്തുണയുണ്ടെന്നും ഭാവിയിൽ ഇതിന്റെ അളവ് വർധിപ്പിക്കുമെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. കർണാടകയിൽ പെട്രോളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനാണ് അംഗീകാരം നൽകിയിട്ടുള്ളതെന്നും ശാസ്ത്രീയ സാധ്യതകൾ പരിശോധിച്ചശേഷം ഘട്ടംഘട്ടമായി അളവ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെയും കേരളത്തിലെയും സർക്കാറുകൾക്ക് ഇക്കാര്യത്തിൽ പരിശോധന നടത്താമെന്നും അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. ശാസ്ത്രീയമായ പഠനങ്ങളുടെയും സാധ്യതകളുടെയും അടിസ്ഥാനത്തിലായിരിക്കും എഥനോൾ മിശ്രിതത്തിന്റെ അളവ് കൂട്ടുകയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കർണാടകയിലെ ഏഴ് ജില്ലകളിൽനിന്ന് സംസ്ഥാന സർക്കാർ ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കണ്ടെത്തിയെന്ന റിപ്പോർട്ടാണ് വിവാദത്തിന് വഴിവെച്ചത്. ചില പെട്രോൾ പമ്പുകളിൽനിന്നുള്ള സാമ്പിളുകളിൽ എഥനോളിന്റെ അളവ് 30 ശതമാനത്തിലധികമാണെന്നായിരുന്നു കണ്ടെത്തൽ. ഇതോടെ ഇ20 ഇന്ധനത്തിന്റെ ഗുണനിലവാരവും വാഹനങ്ങളിലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളും സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു.
എന്നാൽ, സാമ്പിളുകൾ ശേഖരിച്ചതിലും പരിശോധന നടത്തിയതിലും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ഇതുസംബന്ധിച്ച് വിശദമായ മറുപടി നൽകുമെന്നും കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് അറിയിച്ചിരുന്നു.
കർണാടകയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശനുമായി നടത്തിയ ചർച്ചക്കുശേഷം ഇതിനുള്ള നിർദേശം മന്ത്രി അനൂപ് ജേക്കബ് നൽകിയിരുന്നു. കേരളത്തിലെ ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
