70-ാമത് സീനിയർ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരവും പത്തനംതിട്ടയും ജേതാക്കൾ

തലശ്ശേരി: ആവേശകരമായ 70-ാമത് സീനിയർ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് തലശ്ശേരിയിൽ കൊടിയിറങ്ങി. വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം കിരീടം നിലനിർത്തിയപ്പോൾ, പുരുഷ വിഭാഗത്തിൽ ഡബിൾ ഓവർടൈം നീണ്ട ക്ലാസിക് പോരാട്ടത്തിൽ കണ്ണൂരിനെ കീഴടക്കി പത്തനംതിട്ട ചാമ്പ്യന്മാരായി.
വനിതകളുടെ ഫൈനലിൽ ആലപ്പുഴയെ 80-66 എന്ന സ്കോറിന് തോൽപ്പിച്ചാണ് തിരുവനന്തപുരം കിരീടം തലസ്ഥാനത്ത് തന്നെ നിലനിർത്തിയത്. 34 പോയിന്റുകൾ അടിച്ചുകൂട്ടിയ ശ്രീകല ആർ. തിരുവനന്തപുരത്തിന്റെ വിജയശിൽപ്പിയായപ്പോൾ സുസൻ ഫ്ലോറന്റീന, കവിത ജോസ്, അനീഷ ക്ലീറ്റസ് എന്നിവർ മികച്ച പിന്തുണ നൽകി. ആലപ്പുഴയ്ക്കായി ജയലക്ഷ്മി വി. ജെ. 27 പോയിന്റും അമൃത ഇ. കെ., ജീന പി. എസ്. എന്നിവർ പോയിന്റുകൾ നേടി പൊരുതിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. വനിതകളുടെ ലൂസേഴ്സ് ഫൈനലിൽ കണ്ണൂരിനെ 59-52 ന് തോൽപ്പിച്ച് കോട്ടയം വെങ്കല മെഡൽ സ്വന്തമാക്കി.
ബാസ്കറ്റ്ബോൾ പ്രേമികളെ ആവേശത്തിന്റെ മുനയിൽ നിർത്തിയ പുരുഷന്മാരുടെ ഫൈനലിൽ കണ്ണൂരിനെ 85-76 ന് കീഴടക്കിയാണ് പത്തനംതിട്ട കിരീടം ചൂടിയത്. നിശ്ചിത സമയത്തും ആദ്യ ഓവർടൈമിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം രണ്ടാം ഓവർടൈമിലേക്ക് നീളുകയായിരുന്നു. പത്തനംതിട്ടയ്ക്കായി അഭിനന്ദു എ. 23 പോയിന്റും മുഹമ്മദ് ഷിറാസ് നൗഷാദ് 21 പോയിന്റും നേടി തിളങ്ങി. കണ്ണൂരിനായി ആരോൺ വി. ബി., ജെറോം പ്രിൻസ്, ശരത് കൃഷ്ണ എന്നിവർ മികച്ച പോരാട്ടം പുറത്തെടുത്തു. പുരുഷന്മാരുടെ വെങ്കല മെഡൽ മത്സരത്തിൽ തിരുവനന്തപുരത്തെ 88-54 എന്ന സ്കോറിന് തകർത്ത് എറണാകുളം മൂന്നാം സ്ഥാനം നേടി.
ചാമ്പ്യൻഷിപ്പിലെ മികച്ച താരങ്ങളായി പത്തനംതിട്ടയുടെ ജോഷ്വ സുനിൽ ഉമ്മനെയും തിരുവനന്തപുരത്തിന്റെ ശ്രീകല ആറിനെയും തിരഞ്ഞെടുത്തു. ഇരുവരും എം.വി.പി. പുരസ്കാരവും ഫീസ്റ്റോ ക്ലബ് സ്വർണ്ണ മെഡലും സ്വന്തമാക്കി. കണ്ണൂരിന്റെ ആരോൺ ബ്ലെസ്സൻ, ആലപ്പുഴയുടെ ജയലക്ഷ്മി വി. ജെ. എന്നിവർ ടോപ് സ്കോറർ അവാർഡുകൾ നേടിയപ്പോൾ കോട്ടയത്തിന്റെ ചാർളി വി. എസ്., കോഴിക്കോടിന്റെ വർഷ എന്നിവർ പ്രോമിസിംഗ് പ്ലെയർ പുരസ്കാരങ്ങൾക്ക് അർഹരായി.
സമാപന ചടങ്ങിൽ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ്, ചെയർമാൻ മുസ്തഫ സഹീർ, സി.ഡി.ബി.എ. പ്രസിഡന്റ് ഡോ. ജാസിം ഉസ്മാൻ, ഡോ. റസിൽ തുടങ്ങിയവർ സംസാരിക്കുകയും വിജയികൾക്കുള്ള ട്രോഫികളും സ്മരണാർത്ഥമുള്ള പ്രത്യേക അവാർഡുകളും വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രശസ്ത പരിശീലകരായ സണ്ണി, സി.വി. സണ്ണി എന്നിവർ ചേർന്ന് കേരള ടീമിന്റെ പ്രൊബബിൾസ് പട്ടിക പ്രഖ്യാപിച്ചു.
