റണ്ണോടു റൺ! ടെസ്റ്റ് ചരിത്രത്തിൽ ആദ്യം! സിംബാബ്വെയുടെ അപൂർവ റെക്കോഡ്

ഷാർജ: ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റർമാരുടെ വിരുന്നൊരുക്കിയ അഞ്ച് ദിനങ്ങൾക്കൊടുവിൽ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് സിംബാബ്വെ. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും 500 റൺസിലധികം നേടിയാണ് സിംബാബ്വെ പുതിയ റെക്കോഡ് കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നര നൂറ്റാണ്ടിലേറെ നീളുന്ന ചരിത്രത്തിൽ മറ്റൊരു ടീമിനും സാധിക്കാത്ത നേട്ടമാണിത്. എന്നാൽ റൺമഴ പെയ്ത പോരാട്ടം സമനിലയിൽ അവസാനിച്ചു.ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 504 റൺസാണ് ഒന്നാം ഇന്നിങ്സിൽ നേടിയത്. ബ്രണ്ടൻ ടെയ്ലറുടെയും ക്യാപ്റ്റൻ ബ്രയാൻ ബെന്നറ്റിന്റെയും സെഞ്ചുറികളായിരുന്നു ടീമിന്റെ കുതിപ്പിന് കരുത്തായത്. ടെയ്ലർ 131 റൺസെടുത്തപ്പോൾ ബെന്നറ്റ് 128 റൺസുമായി മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും ഒട്ടും പിന്നോട്ടുപോയില്ല. മൂന്ന് സെഞ്ചുറികളുടെ കരുത്തിൽ 514 റൺസാണ് ടീം അടിച്ചെടുത്തത്. റഹ്മത് ഷാ 173 റൺസുമായി അഫ്ഗാൻ നിരയിലെ ടോപ് സ്കോററായി. റഹ്മാനുള്ള 113 റൺസും സെദിറുള്ള അതൽ 105 റൺസും നേടി. ഇതോടെ ഒന്നാം ഇന്നിങ്സിൽ അഫ്ഗാന് 10 റൺസിന്റെ നേരിയ ലീഡും ലഭിച്ചു.എന്നാൽ രണ്ടാം ഇന്നിങ്സിലും സിംബാബ്വെ ബാറ്റർമാർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇത്തവണ ടീമിന്റെ പോരാട്ടത്തിന് നേതൃത്വം നൽകിയത് 41-കാരനായ ക്രെയ്ഗ് ഇർവിനായിരുന്നു. ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി കുറിച്ച ഇർവിൻ പുറത്താകാതെ 206 റൺസെടുത്തു. 279 പന്തുകൾ നേരിട്ട ഇന്നിങ്സിൽ 23 ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു.മറുവശത്ത് വെസ്ലി മാധവെരെയും ഉറച്ച പിന്തുണ നൽകി. 108 പന്തിൽ നിന്ന് 100 റൺസുമായി താരം പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 208 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതോടെ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 523 റൺസെന്ന നിലയിൽ സിംബാബ്വെ എത്തി. ചരിത്രത്തിലെ ആദ്യ 500 പ്ലസ് നേട്ടത്തിനൊപ്പം മറ്റൊരു അപൂർവത കൂടി ഈ മത്സരത്തിലുണ്ടായി. 41 വർഷവും 82 ദിവസവും പ്രായമുള്ളപ്പോഴാണ് ഇർവിൻ ടെസ്റ്റിലെ ഇരട്ട സെഞ്ചുറി നേടിയത്. ടെസ്റ്റ് ചരിത്രത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ താരമെന്ന നേട്ടവും ഇതോടെ ഇർവിനെ തേടിയെത്തി. സിംബാബ്വെയ്ക്കായി താരത്തിന്റെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ചുറിയാണിത്. മാധവെരെയുടെ സെഞ്ചുറിയാകട്ടെ ടെസ്റ്റ് കരിയറിലെ ആദ്യത്തേതും.
റൺമഴ!
മത്സരത്തിൽ ആകെ പിറന്നത് 1,541 റൺസ്. ഏഴ് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും ഉൾപ്പെടെ ബാറ്റർമാർ കളം നിറഞ്ഞപ്പോൾ അഞ്ച് ദിവസത്തിനിടെ വീണത് 25 വിക്കറ്റുകൾ മാത്രം. ബൗളർമാർക്ക് കാര്യമായ സഹായം നൽകാത്ത പിച്ചിൽ അഫ്ഗാൻ ബൗളർമാർക്ക് സിംബാബ്വെയുടെ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്താനായത്.രണ്ടാം ഇന്നിങ്സിൽ സിംബാബ്വെ ഡിക്ലയർ ചെയ്യാതെ ബാറ്റിങ് തുടരുകയായിരുന്നു. അഞ്ച് ദിവസവും ബാറ്റർമാർക്ക് അനുകൂലമായി നിന്ന പിച്ചിൽ വിജയത്തിനായി ശ്രമിക്കുന്നതിനേക്കാൾ സമനില ഉറപ്പാക്കാനായിരുന്നു ഇരുടീമുകളുടെയും നീക്കം. നവംബർ 13ന് ഷാർജയിൽ തന്നെയാണ് രണ്ടാം ടെസ്റ്റ്.
