ഏലംകുളത്ത് ഒരാൾക്ക് കൂടി ഷിഗല്ലെ; നിരീക്ഷണ പട്ടികയിൽ 115 പേർ

പെരിന്തൽമണ്ണ: ഏലംകുളത്ത് ഷിഗല്ലെ രോഗവ്യാപനത്തിനെതിരെ പ്രതിരോധം ഊർജിതമാക്കിയിരിക്കെ തിങ്കളാഴ്ച ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവർ ആറുപേരായി. ഇവരടക്കം ആകെ 115 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഏലംകുളത്ത് സ്കൂളുകൾ, അംഗനവാടികൾ, മദ്റസകൾ എന്നിവിടങ്ങളിൽനിന്ന് കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. ചൊവ്വാഴ്ച കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ നടത്തും.
ജനപ്രതിനിധികളുടെയും ആരോഗ്യ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പ്രസിഡന്റ് ഷഹീന അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജി. എൽ. ഷിബുവിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രതിനിധികൾക്കായി ബോധവത്കരണവും പ്രതിരോധ നിർദ്ദേശങ്ങളും നൽകും. ബുധനാഴ്ച സ്കൂളുകളിൽ പ്രത്യേക അസംബ്ലിയിൽ ബോധവത്കരണം നടത്തും.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ മാണിത്തൊടി, പഞ്ചായത്ത് സെക്രട്ടറി വി. ജഗദീഷ് എന്നിവർ സംസാരിച്ചു. സ്വകാര്യ ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് സന്ദർശനം നടത്തി. ഭക്ഷ്യവസ്തുക്കൾ വിൽക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടി ആരോഗ്യവകുപ്പിനെ അറിയിക്കണം.
