വരുന്നു, ആദിവാസികളുടെ ആരോഗ്യം കാക്കാൻ ഗോത്രവർഗ വൈദ്യസംഘം

കൽപറ്റ: സംസ്ഥാനത്തെ ആദിവാസികൾക്ക് മെച്ചപ്പെട്ട ആരോഗ്യപരിചരണം ഉറപ്പാക്കാനും ആശുപത്രി സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാനുമായി ഗോത്രവർഗക്കാരുടെ പ്രത്യേക ആരോഗ്യസംഘം തയാറാകുന്നു. പട്ടിക ജാതി-വർഗ വികസനവകുപ്പിന് കീഴിലാണ് 5.7 കോടിയുടെ പ്രത്യേക ‘ട്രൈബൽ പാരാമെഡിക്സ് സ്കീം’ ഒരുങ്ങുന്നത്.
ഗോത്രവർഗക്കാരിൽ നിന്നുള്ള നഴ്സിങ്, ഫാർമസി, ജനറൽ നഴ്സിങ്, എ.എൻ.എം യോഗ്യതയുള്ള 250പേരെ സർക്കാർ ആശുപത്രികളിൽ കരാർ വ്യവസ്ഥയിൽ നിയമിക്കും. ഗോത്രഭാഷയിൽ പ്രാവീണ്യമുള്ള ഇവരിലൂടെ ആദിവാസികളെ സർക്കാറിന്റെ ആരോഗ്യസംവിധാനങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഗോത്രവർഗമേഖലയിൽ മെച്ചപ്പെട്ട ആരോഗ്യസൗകര്യങ്ങൾ എത്തിക്കാനുമാകും.
അറിവില്ലായ്മ, അവഗണന തുടങ്ങിയ കാരണങ്ങളാൽ ആദിവാസികൾ കൃത്യമായ സമയത്ത് ചികിത്സ തേടാൻ തയറാകാത്ത അവസ്ഥയുണ്ട്. പുതിയ പദ്ധതി വഴി ആശുപത്രികളിൽനിന്ന് തങ്ങളുടെ തന്നെ ഭാഷയിൽ ചികിത്സ സംബന്ധമായും മറ്റുമുള്ള വിവരങ്ങൾ ലഭിക്കുന്നതോടെ ഈ അവസ്ഥക്ക് മാറ്റംവരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സെപ്റ്റംബറിൽ ചേർന്ന വകുപ്പുതല വർക്കിങ് ഗ്രൂപ്പ് ആണ് ഇത്തരമൊരു സംവിധാനം രൂപകൽപന ചെയ്ത് സർക്കാറിന് ശിപാർശ നൽകിയത്. സർക്കാർ ഇത് അംഗീകരിച്ചു. ഭരണാനുമതി നൽകാൻ തത്വത്തിൽ തീരുമാനവുമായിട്ടുണ്ട്.
ട്രൈബൽ പാരാമെഡിക്സ് സ്കീമിന് ആകെ 5,07,75,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. നഴ്സിങ്, ഫാർമസി യോഗ്യതയുള്ളവർക്ക് മാസം 18,000 രൂപയായിരിക്കും വേതനം. 150 പേരെയാണ് നിയമിക്കുക. ജി.എൻ.എം, എ.എൻ.എം, മറ്റ് പാരാമെഡിക്കൽ ഡിേപ്ലാമയുള്ളവർക്ക് 15,000 രൂപയാണ് നൽകുക. ഇത്തരത്തിൽ 100 പേരെയും നിയമിക്കും.
250 പേർക്കും പ്രത്യേക യൂനിഫോമും തിരിച്ചറിയൽ കാർഡുകളും നൽകും. പട്ടികജാതി-വർഗ വികസന വകുപ്പിന്റെ സമഗ്ര ആരോഗ്യ പരിചരണ പദ്ധതിയിൽനിന്നാണ് ഫണ്ട് വകയിരുത്തുക.
