ഹാലോവീന്‍ പാര്‍ട്ടിക്കിടെ ലൈംഗികാതിക്രമം; മദ്യസൽക്കാരത്തിൽ പങ്കെടുത്തത് പ്രായപൂർത്തിയാകാത്തവർ

ആലുവ: ഹാലോവീന്‍ പാര്‍ട്ടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായ റിസോർട്ടിന്റെ പ്രവർത്തനങ്ങളിൽ ദുരൂഹത. ആലുവക്കടുത്ത് വെളിയത്തുനാടുള്ള ഒ.എച്ച് റിസോർട്ടിൽ ഇത്തരം ലഹരി പാർട്ടികൾ പല തവണ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഇതിനെതിരെ നാട്ടുകാർ പലതവണ പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
പ്രായപൂർത്തിയാകാത്ത വിദ്യാർഥികളടക്കം ഇത്തരം പാർട്ടികളിൽ പങ്കെടുക്കാറുണ്ടത്രെ. മദ്യത്തിന് പുറമെ മറ്റു ലഹരി വസ്തുക്കളും പാർട്ടികളിൽ ഉപയോഗിക്കാറുണ്ടെങ്കിലും റിസോർട്ട് അധികൃതർ അത് വിലക്കാറില്ല. മദ്യസൽക്കാരങ്ങളിൽ പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടുത്തുന്ന വിവരം പൊലീസിനെ അറിയിക്കാറില്ല. കഴിഞ്ഞ മാസം നടന്ന ഹാലോവിൻ പാർട്ടിയിലുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് പരാതി വന്നതോടെയാണ് റിസോർട്ടിലെ ദുരൂഹതകളെ കുറിച്ചും ആരോപണം ശക്തമായിരിക്കുന്നത്.
സംഭവത്തില്‍ കടവന്ത്രയിൽ താമസിക്കുന്ന കോട്ടയം പെരുന്ന കരിപ്പമറ്റം വീട്ടില്‍ അലക്സ് (20) എന്നയാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ 31നായിരുന്നു ഹാലോവീന്‍ പാര്‍ട്ടി. എറണാകുളത്തെ വിവിധ സ്കൂൾ, കോളജ് വിദ്യാർഥികൾ അടക്കം 15 പേർ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടികള്‍ മാത്രമാണ് പാർട്ടിയിൽ പങ്കെടുക്കുന്നതെന്ന് പറഞ്ഞാണ് പല പെൺകുട്ടികളും വീട്ടിൽ നിന്ന് പോന്നത്.എന്നാൽ, ആൺകുട്ടികളും പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളും ഉള്‍പ്പെടെ പങ്കെടുത്ത പാര്‍ട്ടിയില്‍ മദ്യവും മറ്റ് ലഹരിവസ്തുക്കളും യഥേഷ്ടം വിളമ്പുകയായിരുന്നുവത്രെ. ഇതിനെ തുടർന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതിയെ കോടതി റിമാൻറ് ചെയ്തിരുന്നു. തുടർ നടപടികളുടെ ഭാഗമായി റിസോർട്ട് മാനേജരെ പൊലീസ് ചോദ്യം ചെയ്തു. ഇവിടുത്തെ രജിസ്റ്ററുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
മദ്യസൽക്കാരത്തിൽ പ്രായപൂർത്തിയാകാത്തവർ പങ്കെടുക്കുന്ന വിവരം പൊലീസിനെ അറിയിക്കാതിരുന്ന വിഷയത്തിൽ റിസോർട്ടിനെതിരെ നടപടിയുണ്ടാകും. റിസോർട്ടിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതായി സി.ഐ ഷമീർ പറഞ്ഞു. നിലവിൽ റിസോർട്ട് അടച്ചിട്ടിരിക്കുകയാണ്.
