‘ഞങ്ങൾ രാഷ്ട്രീയക്കാർക്ക് കരയാൻ പാടില്ലല്ലോ… അത് കള്ള കണ്ണീരാണെന്നു പറയും’ രാത്രി 11ന് വി.ഡി സതീശ​ൻ ഫോൺ വിളിച്ചത് പങ്കുവെച്ച് സന്തോഷ് ഏച്ചിക്കാനം

ഷാർജ: ‘മാതംഗലീല’ വായിച്ച് അഭിനന്ദിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് വിളിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം. തിരക്കുകൾക്കിടയിലും നോവൽ വായിച്ച് അതിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും കുറിച്ച് അരമണിക്കൂറോളം മുഖ്യമന്ത്രി സംസാരിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയമായി വിരുദ്ധ ചേരികളിലാണെങ്കിലും പുസ്തകങ്ങളോടും എഴുത്തുകാരോടും സതീശൻ പുലർത്തുന്ന സ്നേഹവും ജനാധിപത്യബോധവും അഭിനന്ദനാർഹമാണെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 11 മണിയോടെ ഷാർജയിൽ സുഹൃത്ത് ബിനോജ് കൊച്ചുമ്മൻ എബ്രഹാമിന്റെ ഫ്ലാറ്റിലായിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വാട്സ്ആപ് കോൾ എത്തിയത്. ആദ്യം ഫോൺ എടുക്കാൻ കഴിഞ്ഞില്ല. പിന്നാലെ ‘Santhosh I am V.D Satheesan give me your number there’ എന്ന സന്ദേശം ലഭിച്ചു. ഉടൻ തിരിച്ചുവിളിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം നേരിട്ട് കേൾക്കാനായത്.

‘ഇന്നലെ ഞാൻ നിങ്ങളുടെ മാതംഗലീല എന്ന നോവൽ വായിച്ചു. അതിഗംഭീരം. അതെന്നെ അടിമുടി പിടിച്ചുലച്ചു കളഞ്ഞു. വായിച്ചുകഴിഞ്ഞ ഉടനെത്തന്നെ നിങ്ങളെ വിളിക്കണമെന്ന് തോന്നി. മാതൃഭൂമിയിൽനിന്ന് നമ്പർ വാങ്ങി വിളിച്ചപ്പോൾ കിട്ടിയില്ല. ആ സമയത്ത് സന്തോഷിനെ ലൈനിൽ കിട്ടിയിരുന്നെങ്കിൽ എന്റെ പ്രശംസ കേട്ട് താങ്കൾ ബോധംകെട്ട് നിലത്തുവീണേനെ’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. നോവലിലെ ഓരോ കഥാപാത്രത്തെയും സംഭവത്തെയും മുഖ്യമന്ത്രി സൂക്ഷ്മമായി വിലയിരുത്തിയതായും സന്തോഷ് പറഞ്ഞു. കണ്ണദാസൻ എന്ന ദലിത് ബാലൻ സവർണരായ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയ ഗോളുകളുടെ എണ്ണംപോലും മുഖ്യമന്ത്രി ഓർത്തുപറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തി.

‘ഞാൻ അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു നോവൽ വായിച്ചിട്ടില്ല. ട്രെയിനിലിരുന്ന് ഒറ്റയിരിപ്പിന് വായിച്ചുതീർത്തു. ഹൈലി റീഡബിൾ. അവസാനത്തെ മുപ്പത് പേജിൽ എത്തിയപ്പോൾ കുറച്ചുപേർ വന്ന് ചുറ്റും കൂടി. അവരോട് വിശേഷങ്ങൾ ചോദിച്ചിരുന്നതുകൊണ്ട് ചെറിയൊരു ഇടവേള വന്നു. സ്വപ്നവും യാഥാർഥ്യവും കൂടിച്ചേർന്ന് വായനക്കാരനെ അജ്ഞാതമായ ഏതോ ലോകത്തേക്ക് എത്തിക്കുന്ന വല്ലാത്തൊരു നോവലാണിത്. അല്ലെങ്കിൽ ഈ തിരക്കിനിടയിലും സമയം കണ്ടെത്തി ഞാൻ ഈ രാത്രി നിങ്ങളെ വിളിക്കുമോ’ എന്നും സതീശൻ ചോദിച്ചതായി എഴുത്തുകാരൻ പറയുന്നു.

ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നതിനുമുമ്പ് തന്റെ ‘ബിരിയാണി’ എന്ന കഥയെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ‘സന്തോഷ്, ഞാൻ നിങ്ങളുടെ ബിരിയാണി വായിച്ച് കരഞ്ഞ ഒരാളാണ്. ഞങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാർക്ക് മനസ്സുതുറന്ന് സാധാരണ മനുഷ്യരെപ്പോലെ കരയാൻ പാടില്ലല്ലോ. കരഞ്ഞാൽ അത് കള്ളക്കണ്ണീരാണെന്ന് പറയും’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ചിരിച്ചതായും സന്തോഷ് കുറിച്ചു. നേരിട്ടുകാണണമെന്ന ആഗ്രഹവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഞാൻ ഷാർജയിൽ എൻ്റെ പ്രിയ സുഹൃത്ത് ബിനോജ് കൊച്ചുമ്മൻ എബ്രഹാമിൻ്റെ ഫ്ലാറ്റിലായിരുന്നു.

അസ്സൽ ഒരു പാചക പ്രേമികൂടിയായ ബിനോജ് അടുത്തിടെ ഈജിപ്‌തിൽ പോയപ്പോൾ പഠിച്ചെടുത്ത ഒരു റെസിപ്പി വെച്ച് എനിക്കൊരു സ്പെഷൽ കൊഞ്ച്

ഫ്രൈഉണ്ടാക്കികൊണ്ടിരിക്കുന്നതിനിടയിലാണ് മൊബൈൽ ശബ്ദിച്ചത്.വെളുത്തുള്ളി ഇടിച്ചു ചേർത്ത നെറുനെയ്യിൽ മാരിനേറ്റ് ചെയ്ത ടൈഗർ പ്രോൺസ് നിരത്തി വെക്കുമ്പോൾ പരന്ന കൊതിപ്പിക്കുന്ന മണം മൊബൈലിനടുത്തേക്ക് വിടാതെ

എന്നെ അടുക്കളയിൽ തന്നെ പിടിച്ചു നിർത്തി.

അപ്പോൾ അതാ വീണ്ടും ഫോൺ റിംഗ്

ചെയ്യുന്നു.

ചെന്നു നോക്കിയപ്പോൾ നാട്ടിൽ നിന്നൊരു വാട്സ് ആപ്പ് കോളാണ്.

DP നോക്കിയപ്പോൾ ചീഫ് മിനിസ്റ്ററുടെ സുന്ദരമായ ഫോട്ടോ.

അജ്ഞാത നമ്പർ.

കോൺ ഗ്രസ്സ് അനുഭാവിയായ ആരെങ്കിലും വിളിക്കുന്നതാവുമെന്നാണ് ആദ്യം കരുതിയത്. കോൾ കട്ടായതും ഉടൻ ഒരു മെസേജ് വന്നു.

Santhosh l am V.D Satheesan give me your

number there.

ചീഫ് മിനിസ്റ്റർ എന്നെ വിളിക്കുന്നോ ….?

അതും നാട്ടിലെ പതിനൊന്നു മണി നേരത്ത്.

അൽഭുതത്തിൻ്റെ വലിയൊരു പ്രകമ്പനം ഞരമ്പിലൂടെ എന്നെ കടന്നു പോയി.

” സർ …. ഞാൻ ഷാർജയിലാണ്.

അതാണ് കോൾ കണക്‌ടാവാത്തത്.

ഞാൻ തിരിച്ചു വിളിക്കാം”

ഉടൻ തന്നെ ഞാൻ മൊബൈൽ എടുത്ത്

മുഖ്യമന്ത്രിയുടെ നമ്പറിലേക്ക് വിളിച്ചു.

മറുവശത്തു നിന്നും “ഹലോ സന്തോഷ്”

എന്ന സ്നേഹമസൃണമായ ശബ്ദം.

“ഇന്നലെ ഞാൻ നിങ്ങളുടെ മാതംഗലീല എന്ന നോവൽ വായിച്ചു. അതിഗംഭീരം. അതെന്നെ അടിമുടി പിടിച്ചുലച്ചു കളഞ്ഞു. വായിച്ച് കഴിഞ്ഞ ഉടനെത്തന്നെ നിങ്ങളെ എനിക്കു വിളിക്കണമെന്നു തോന്നി. മാതൃഭൂമിയിൽ നിന്നും നമ്പർ വാങ്ങി ട്രൈ ചെയ്തപ്പോൾ കിട്ടിയില്ല. ആ സമയത്ത് സന്തോഷിനെ ലൈനിൽ കുട്ടിയിരുന്നെങ്കിൽ എൻ്റെ പ്രശംസ കേട്ട് താങ്കൾ ബോധം കെട്ട് നിലത്തുവീണേനെ” സി. എം. ഉറക്കെ ചിരിച്ചു. മറുപടിയായി ഞാനും.

” ഞാൻ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു നോവൽ വായിച്ചിട്ടില്ല. ട്രെയിനിലിരുന്ന് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു.ഹൈലിറീഡബിൾ .അവസാനത്തെ മുപ്പത്പേജിൽ എത്തിയപ്പോൾ കുറച്ച് പേർ വന്ന് ചുറ്റും കൂടി …. അവരോട് വിശേഷങ്ങൾ ചോദിച്ചിരുന്നത് കൊണ്ടു ചെറിയ ഒരു ഗ്യാപ്പ് വന്നു പോയി. സ്വപ്നവും യാഥാർത്ഥ്യവും എല്ലാം കൂടിച്ചേർന്ന് വായനക്കാരനെ അജ്ഞാതമായ ഏതോ ലോകത്തിലേക്ക് എത്തിക്കുന്ന വല്ലാത്തൊരു നോവല് തന്നെയാണ് ട്ടോ ഇത്…. അല്ലെങ്കിൽ പിന്നെ ഈ തിരക്കിനിടയിലും സമയം കണ്ടെത്തി ഞാൻ ഈ രാത്രി നിങ്ങളെ വിളിക്കുമോ…?”

” എനിക്കറിയാം സർ….” രാഷ്ട്രീയം പോലെ ത്തന്നെ വായനയെ അത്രയേറെ ഇഷ്ടത്തോടെ അതും ജീവശ്വാസം പോലെ കൂടെ കൊണ്ടു നടക്കുന്ന കേരളത്തിൻ്റെ ചീഫ് മിനിസ്റ്ററുടെ അഭിനന്ദനങ്ങൾക്ക് മുമ്പിൽ വിദൂരതയിലാണെങ്കിൽ പോലും ഞാൻ വിനയാന്വിതനായി. അദ്ദേഹം തന്നെ ഏറ്റവും ആകർഷിച്ച ആ നോവലിലെ ഓരോ വാചകവും സംഭാഷണത്തിനിടയിൽ എടുത്തു പറഞ്ഞു. കണ്ണദാസൻ എന്ന ദളിത് പയ്യൻ സവർണ്ണരായ എതിരാളിയുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയ ഗോളിൻ്റെ എണ്ണം വരെ. ഞാൻ ശരിക്കും ഞെട്ടി!

പല രാഷ്ട്രീയക്കാരും , എന്തിനേറെ എഴുത്തുകാരുപോലും ( എല്ലാവരുമല്ല) പ്രകാശനത്തിനായി കൈയ്യിൽ കിട്ടിയ പുസ്തകത്തിൻ്റെ ബ്ലർബ് മാത്രം ഓടിച്ച് നോക്കി അല്ലെങ്കിൽ പ്രസ്തുത കൃതി വായിക്കാൻ മറ്റുള്ളവരെ ഏല്പിച്ച്

അതിൻ്റെ കുറിപ്പുമായി സദസ്സിനു മുന്നിൽ വന്നു നിന്ന് സ്വയം വലിയൊരു വായനക്കാരനായി അവതാര രൂപമെടുക്കുന്നവരാണ്. അവർക്കിടയിൽ വി .ഡി സതീശൻ എന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നത് പുസ്തകളോട് അദ്ദേഹം കാണിക്കുന്ന ഈ സത്യസന്ധതയും സ്നേഹവുമാണ്.

മാതംഗ ലീല വായിച്ച് അസംഖ്യം ആളുകൾ എന്നെ വിളിച്ചിട്ടുണ്ട്. പക്ഷേ ഇദ്ദേഹം അങ്ങനെ ഒരാളല്ല. കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്. കേരളത്തിൻ്റെ സാരഥിയായ ഈ നേതാവിൻ്റെ ജീവിതത്തിലെ ഓരോ മിനിട്ടും വളരെ വിലപ്പെട്ടതാണ് . ഈ തിരക്കിനിടയിലും മാതംഗലീല എന്ന നോവലിനു വേണ്ടി സമയം കണ്ടെത്തി അത് വായിച്ച് റൈറ്ററെ നേരിട്ടു വിളിച്ചു അഭിപ്രായം പറയുമ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ ഈ മുഹൂർത്തം എൻ്റെ ജീവിതത്തിലെ അനർഘ നിമിഷങ്ങളിൽ ഒന്നാണ്.

‘സന്തോഷ്, ഒടി അന്ധവിശ്വാസമാണ് നിങ്ങളതിനെ നോവലിലേക്ക് കൊണ്ടു വന്നു എന്നൊക്കെ വിമർശനങ്ങൾ വന്നേക്കാം. നിങ്ങളതൊന്നും മൈൻഡ് ചെയ്യരുത്. കൃത്യമായ ഒരു പൊളിറ്റിക്സ് ഈ കൃതിയിലുണ്ട്. തെച്ചോരൻ തന്നെ മരണത്തിനു വിട്ടുകൊടുക്കും മുമ്പ് മകൾ കുറിഞ്ഞിയോടു പറയുന്ന ഒരു വാചകമുണ്ടല്ലോ; ‘കുറിഞ്ഞി, എൻ്റെ മകളേ, വേറവ്‌ര്ക്ക് വ്വേണ്ടി ജീവിച്ചു മരിക്കണതിൻ്റെ പേരാണ് ഒടി’

ഇതാണ് ഈ നോവലിന്റെ രാഷ്ട്രീയം. ദളിതന്റെ പ്രതിരോധമായി ഒടിക്ക് പുതിയൊരു ഭാഷ്യം നൽകിയിരിക്കുകയാണ് ഈ നോവലിൽ. വിമർശനങ്ങളെ ഭയക്കാതെ ധൈര്യ പൂർവ്വം മുന്നോട്ടു പോവുക. പിന്നെ മറ്റൊരു കാര്യം കൂടി പറയാം. ഔദ്യോഗികമായ തിരക്കിലും സംഘർഷങ്ങളിലും പെട്ടു കിടക്കുന്ന സമയത്ത് നിങ്ങളുടെ മാതംഗലീല വായിച്ചു കഴിഞ്ഞപ്പോൾ സത്യം പറയാലോ സന്തോഷ് എനിക്ക് വലിയ ആശ്വാസം തോന്നി”

അരമണിക്കൂറോളം വിഡി സതീശൻ സർ ഈ നോവലിനെപ്പറ്റി എന്നോടു സംസാരിച്ചു. അതിനിടയിൽ ഈ നോവലിലെ പാർവ്വതിയും ഗാരിഞ്ചയും കടമ്പനും താഴമ്പൂവും ബാലകൃഷ്ണനും ആര്യയും ഹൈദരലിയും കടന്നു വന്നു. അദ്ദേഹത്തിന്റെ സൂഷ്മമായ വിലയിരുത്തൽ കേട്ട് ‘ ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം’ എന്ന രീതിയിൽ ഞാൻ ആ ശബ്ദത്തിലേക്ക് ചെവി ചേർത്ത് നിശബ്ദനായി ഇരുന്നു. ഇടയ്ക്ക് ആ മനുഷ്യന്റെ അപാരമായ ഓർമ്മശക്തിയെ കുറിച്ചാലോചിച്ച് അൽഭുതപ്പെട്ടു.

ഫോൺ കട്ട് ചെയ്യും മുമ്പ് അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു: ” സന്തോഷ് ഞാൻ നിങ്ങടെ ബിരിയാണി വായിച്ച് കരഞ്ഞ ഒരാളാണ്. ഞങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാർക്ക് മനസ്സു തുറന്ന് സാധാരണ മനുഷ്യരെപ്പോലെ കരയാൻ പാടില്ലല്ലോ….. കരഞ്ഞാൽ അത് കള്ള കണ്ണീരാണെന്നു പറയും’ അതും പറഞ്ഞ് CM ഉറക്കെ ചിരിച്ചു.

“സന്തോഷ് എനിക്ക് നിങ്ങളെ നേരിട്ട് ഒന്നു കാണണം വരണം.” ” തീർച്ചയായും ഞാൻ വരും സർ… കാണും.”

ഒരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം; ഞാൻ വ്യക്തിപരമായി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. ചിലപ്പോൾ ഇക്കാര്യം ബഹുമാനപ്പെട്ട വി.ഡി. സതീശൻ സാറിനും അറിയുമായിരിക്കാം ( ഇല്ലെങ്കിലും കുഴപ്പമില്ല). വിരുദ്ധ ചേരികളിലായിരിക്കുമ്പോഴും പുസ്തകങ്ങളുടെ കാര്യത്തിൽ, എഴുത്തുകാരോട് കാണിക്കുന്ന സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും കാര്യത്തിൽ അദ്ദേഹം പുലർത്തുന്ന ഈ ജനാധിപത്യ ബോധത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ഒരു പൗരന്റെ വിശ്വാസവും പ്രതീക്ഷയുമാണ് ഒരു രാഷ്ട്രീയ നേതാവിനെ സൃഷ്ടിക്കുന്നത്, അതുപോലെ ഒരു യഥാർത്ഥ വായനക്കാരനാണ് ഒരു എഴുത്തുകാരനെ ഉണ്ടാക്കുന്നത്. രാഷ്ട്രീയമായി വിരുദ്ധ ചേരികളിലാണെങ്കിലും പുസ്തകങ്ങളുടെ അഴിമുഖത്ത് വിഭാഗീയതകൾ ഒന്നുമില്ലാതെ സ്നേഹത്തിന്റെ തിരകൾ വീണു നനഞ്ഞ ഈ ഒറ്റകല്ലിൽ ശ്രീ വി.ഡി സതീശൻ എന്ന വലിയ ഒരു വായനക്കാരന്റെ മുന്നിൽ ഞാനെന്ന ചെറിയ എഴുത്തുകാരൻ ഇരിക്കുന്നു.

കുഞ്ഞുണ്ണി മാഷ് ഒരിടത്ത് പറഞ്ഞിട്ടുണ്ട് ‘ഒരാൾ മറ്റൊരാളുടെ ഓർമ്മയാണ്’ എന്ന്. അതെ വായനക്കാരന്റെ ഓർമ്മയാണ് എഴുത്തുകാരൻ. പ്രിയപ്പെട്ട വി.ഡി . സതീശൻ സർ ഹൃദയം നിറഞ്ഞ നന്ദി ……

തങ്കളുടെ വിലയേറിയ വാക്കുകൾക്ക് …. എൻ്റെ പുസ്തകത്തിനുവേണ്ടി ചിലവഴിച്ച നിമിഷങ്ങൾക്ക് ….