സർവകലാശാലകളിൽ ഏകാധിപത്യം അനുവദിക്കില്ല; എംജിയിലെ മാധ്യമ വിലക്ക് പിൻവലിക്കണമെന്ന് മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ മാധ്യമങ്ങളെ വിലക്കിയ വൈസ് ചാൻസിലറുടെ നടപടി പിൻവലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ.
സർവകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
നടപടി ഏകാധിപത്യ പ്രവണതയാണ് വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുക തന്നെ ചെയ്യും. ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർവകലാശാല അധികൃതർ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ മാധ്യമങ്ങൾക്ക് കർശന വിലക്കുമായി നവംബർ 13നാണ് വൈസ് ചാൻസലർ പ്രഫ. ഡി. മാവൂത്ത് ഉത്തരവിറക്കിയത്.
പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, വാർത്തകൾക്കും മറ്റുമായി സർവകലാശാലയിലെത്തുന്ന മാധ്യമപ്രവർത്തകർ വി.സിയിൽനിന്ന് മുൻകൂർ അനുവാദം വാങ്ങണം. മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണിതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനാധിപത്യ വിരുദ്ധമാണ്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് മാധ്യമ സ്വാതന്ത്ര്യം.
പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതും, പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ സുതാര്യത ഇല്ലാതാക്കുന്നതുമായ ഇത്തരം നിയന്ത്രണങ്ങൾ ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്.
സർവ്വകലാശാലകൾ സ്വതന്ത്രമായ ചിന്തകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും വേദികളാകേണ്ട ഇടങ്ങളാണ്. അവിടെ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ഏകാധിപത്യ പ്രവണതയാണ് വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുക തന്നെ ചെയ്യും.
ജനാധിപത്യ വിരുദ്ധമായ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർവ്വകലാശാലാ അധികൃതർ തയ്യാറാകണം. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മാത്രമല്ല, കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം ഏകാധിപത്യ നടപടികൾ നടപ്പിലാക്കാൻ സർക്കാർ അനുവദിക്കില്ല.
