ഐ.സി.സി തലപ്പത്ത് ജയ് ഷായുടെ രണ്ടാം ഇന്നിങ്സ്; ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ചെയർമാൻ സ്ഥാനത്ത് രണ്ടാം ഊഴം ഉറപ്പിച്ച് ജയ് ഷാ. എതിരില്ലാതെയാണ് മുൻ ബി.സി.സി.ഐ സെക്രട്ടറി കൂടിയായ ജയ് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ഐ.സി.സി ബോർഡ്, കമ്മിറ്റി യോഗങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തിങ്കളാഴ്ച (നവംബർ 16) ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപനം നടത്തി.

ഐ.സി.സി ഡയറക്ടർമാർ മുന്നോട്ടുവെച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജയ് ഷായുടെ പുനർനിയമനം. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസമാണ് തീരുമാനത്തിന് പിന്നിലെന്ന് ഐ.സി.സി വ്യക്തമാക്കി. ക്രിക്കറ്റിന്റെ ആഗോള വളർച്ചയും വാണിജ്യ വികസനവും ലക്ഷ്യമിട്ടുള്ള നിർണായക ഘട്ടത്തിൽ നേതൃത്വത്തിലെ തുടർച്ച ഉറപ്പാക്കുന്നതാണ് നടപടിയെന്നും ഐ.സി.സി അറിയിച്ചു.

2024 ഡിസംബറിലാണ് ജയ് ഷാ ആദ്യമായി ഐ.സി.സി ചെയർമാനായി ചുമതലയേറ്റത്. അന്ന് 35 വയസ്സുകാരനായിരുന്ന അദ്ദേഹം ഐ.സി.സി ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചെയർമാനായിരുന്നു. ഗ്രെഗ് ബാർക്ലേയുടെ പിൻഗാമിയായാണ് ജയ് ഷാ ഐ.സി.സിയുടെ തലപ്പത്തെത്തിയത്. നേരത്തേ ബി.സി.സി.ഐ സെക്രട്ടറിയായും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടാം ഊഴത്തിൽ ക്രിക്കറ്റിന്റെ ആഗോള വ്യാപനത്തിനും പുതിയ തലമുറയെ കളിയിലേക്ക് ആകർഷിക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന് ജയ് ഷാ വ്യക്തമാക്കി. 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത് കായികരംഗത്തിന്റെ വളർച്ചയിൽ നിർണായക വഴിത്തിരിവാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഐ.സി.സി ബോർഡ് എന്നിൽ അർപ്പിച്ച വിശ്വാസം വലിയ അംഗീകാരമാണ്. തുടർന്നും പിന്തുണ നൽകുന്ന എല്ലാ ഡയറക്ടർമാരോടും നന്ദിയുണ്ട്. ഐ.സി.സി ചെയർമാൻ സ്ഥാനത്ത് പ്രവർത്തിക്കുന്നത് അഭിമാനവും വലിയ ഉത്തരവാദിത്തവുമാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനും വളർച്ച ഉറപ്പാക്കാനും അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കും’ -ജയ് ഷാ പറഞ്ഞു.

ഒളിമ്പിക്സിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവ് പുതിയ പ്രേക്ഷകരിലേക്ക് എത്താനും യുവതലമുറയെ പ്രചോദിപ്പിക്കാനുമുള്ള അസാധാരണ അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയകരമായി ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിൽ മാത്രം ഐ.സി.സിയുടെ ഉത്തരവാദിത്തം ഒതുങ്ങുന്നില്ല. താരങ്ങൾക്കും ആരാധകർക്കും വാണിജ്യ പങ്കാളികൾക്കും ഗുണകരമാകുന്ന, ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുന്ന ക്രിക്കറ്റ് സംവിധാനമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വനിത ക്രിക്കറ്റിന്റെ വളർച്ച, അസോസിയേറ്റ് അംഗരാജ്യങ്ങൾക്ക് കൂടുതൽ അവസരങ്ങൾ, രാജ്യാന്തര ക്രിക്കറ്റിന്റെ വിശ്വാസ്യത സംരക്ഷിക്കൽ, സാമ്പത്തിക സ്ഥിരത ഉറപ്പാക്കൽ തുടങ്ങിയ മേഖലകൾക്കും ഐ.സി.സി മുൻഗണന നൽകും.

ക്രിക്കറ്റിന് ലോകമെമ്പാടുമുള്ള ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കരുത്തുണ്ടെന്നും വലിയ ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുന്നതിനപ്പുറം അവ പ്രാവർത്തികമാക്കുകയാണ് പ്രധാനമെന്നും ജയ് ഷാ പറഞ്ഞു. ഭാവിതലമുറകൾക്ക് ഗുണകരമാകുന്ന മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.