മലപ്പുറം ‘ലോഗിൻ’ ചെയ്ത ഇ-വിപ്ലവം; ‘അക്ഷയ’ക്കുതിപ്പ് കാൽനൂറ്റാണ്ടിലേക്ക്… ഇന്ന് കേരളത്തിന്റെ ഡിജിറ്റൽ അടിത്തറയുടെ നട്ടെല്ല്

തിരുവനന്തപുരം: സാധാരണക്കാരന്റെ വിരൽത്തുമ്പിലേക്ക് ഭരണകൂടത്തെയും ഡിജിറ്റൽ സേവനങ്ങളെയും കണ്ണിചേർത്ത കേരളത്തിന്റെ സ്വന്തം ‘അക്ഷയ’ പദ്ധതി കാൽനൂറ്റാണ്ടിന്റെ നിറവിലേക്ക്.
2002 നവംബർ 18ന് മലപ്പുറം ജില്ലയിൽ ഇ-സാക്ഷരത പദ്ധതിയായി തുടക്കം കുറിച്ച അക്ഷയ കേന്ദ്രങ്ങൾ ഇന്ന് സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിത്തറയുടെ നട്ടെല്ലാണ്. ഒപ്പം, സാങ്കേതികവിദ്യ എങ്ങനെ ഒരു സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുമെന്നതിന്റെ തെളിവുമായി. രണ്ടര പതിറ്റാണ്ടിന്റെ തിളക്കത്തോടെയാണ് അക്ഷയ സിൽവർ ജൂബിലി വർഷത്തിലേക്ക് കാലൂന്നുന്നത്.
ഒരു കുടുംബത്തിലെ ഒരാളെയെങ്കിലും കമ്പ്യൂട്ടർ സാക്ഷരനാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം, ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഇ-ഗവേണൻസ് മാതൃകയാണ്. മലപ്പുറം ജില്ലയെ ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ-സാക്ഷരതാ ജില്ലയാക്കി മാറ്റിയാണ് അക്ഷയ ചരിത്രം കുറിച്ചത്.
പിന്നീട് സംസ്ഥാനത്തുടനീളം വ്യാപിച്ച അക്ഷയ കേന്ദ്രങ്ങൾ, സർക്കാർ ഓഫിസുകളിലെ നീണ്ട ക്യൂവിനും ചുവപ്പുനാടകൾക്കും അറുതി വരുത്തി. ജനന-മരണ സർട്ടിഫിക്കറ്റുകൾ മുതൽ ഭൂനികുതി അടക്കൽ, ആധാർ സേവനങ്ങൾ, വിവിധ ക്ഷേമ പെൻഷൻ അപേക്ഷകൾ തുടങ്ങി നൂറുകണക്കിന് സർക്കാർ-സർക്കാരേതര സേവനങ്ങൾ ഇന്ന് അക്ഷയയിലൂടെ ലഭിക്കുന്നു.
ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുന്നതിനൊപ്പം പ്രാദേശിക തലത്തിൽ ആയിരക്കണക്കിന് ഐ.ടി സംരംഭകർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചു.
നിലവിൽ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സേവനങ്ങൾക്കായി പ്രതിമാസം ആശ്രയിക്കുന്നത് 30 ലക്ഷം പേരാണ്. സംസ്ഥാനത്ത് 3,009 അക്ഷയ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ 2,496ഉം ആധാർ കേന്ദ്രങ്ങളായിട്ടുണ്ട്. 1,837 കേന്ദ്രങ്ങൾ ബ്രാൻഡിങ് സർട്ടിഫിക്കറ്റും സ്വന്തമാക്കി.
ഇ-ഗവേണൻസ് മേഖലയിൽ നൈപുണ്യമുള്ള 15,000 ജീവനക്കാരാണ് അക്ഷയ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നത്.നിലവിലെ 3,009ന് പുറമെ പുതിയ 1,000 കേന്ദ്രങ്ങൾ കൂടി അനുവദിക്കാനുള്ള തീരുമാനത്തിലാണ് ഐ.ടി വകുപ്പ്.
കെ-സ്മാർട്ട് നടപ്പായതോടെ കൂടുതൽ പേർ അക്ഷയ സെന്ററുകളെ ആശ്രയിക്കാൻ തുടങ്ങിയെന്നാണ് വിലയിരുത്തൽ. 2026-27 സാമ്പത്തിക വർഷം 60 ലക്ഷം ക്ഷേമ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കിയതാണ് സമീപകാലത്തെ ഏറ്റവും വലിയ അക്ഷയ ദൗത്യം.
60 ലക്ഷത്തിൽ മൂന്നര ലക്ഷം പേർ കിടപ്പുരോഗികളായിരുന്നു. റേഷൻ കാർഡിനുള്ള ഓൺലൈൻ അപേക്ഷകളിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ അംഗീകാരം ലഭിച്ചാലുടൻ കാർഡിന്റെ കളർ പ്രിന്റ് അക്ഷയയിലൂടെ ലഭ്യമാകുന്നുണ്ട്. സിൽവർ ജൂബിലിയിലേക്ക് കാലൂന്നുന്നതിന് മുന്നോടിയായി അക്ഷയ സ്ഥാപക ദിനാചരണം ബുധനാഴ്ച തലസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
25ാം വർഷത്തിലേക്ക് കടക്കുമ്പോൾ, നിർമിത ബുദ്ധി, ബ്ലോക്ക്ചെയിൻ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യവുമാക്കാനുള്ള തയാറെടുപ്പിലാണ് ഐ.ടി മിഷനും അക്ഷയ പ്രോജക്ട് ഓഫിസും.
