‘ബിജെപിയിൽ പോയത് എടുത്തുചാട്ടം’; പത്മജക്കു പിന്നാലെ പദ്മിനിയും പാർട്ടി വിട്ടു, കോൺഗ്രസിൽ മടങ്ങിയെത്തും

തിരുവനന്തപുരം: പത്മജ വേണുഗോപാലിനു പിന്നാലെ, മുൻ കായിക താരം പദ്മിനി തോമസും ബി.ജെ.പി വിട്ടു. തെറ്റ് തിരുത്തുകയാണെന്നും കോൺഗ്രസിലേക്ക് മടങ്ങുമെന്നും അവർ അറിയിച്ചു. ഇതു സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റുമായി കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ചിട്ടുണ്ടെന്നും പദ്മിനി വ്യക്തമാക്കി.

അർജുന അവാർഡ് ജേതാവും സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പദ്മിനി കോൺഗ്രസിൽ നിന്നാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. രണ്ടുവർഷം മുമ്പ് ബി.ജെ.പിയിൽ ചേർന്ന ഇവർ, ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

ബി.ജെ.പി.യിലേക്ക് പോയത് തന്റെ എടുത്തുചാട്ടമായിരുന്നെന്നും ആ തീരുമാനത്തിൽ കടുത്ത വിഷമമുണ്ടെന്നും പദ്മിനി പറഞ്ഞു. ബി.ജെ.പിയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ല. ​

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കായിക രംഗത്തോടുള്ള താല്പര്യം കണ്ട് പാർട്ടിയിൽ ചേർന്നെങ്കിലും, കായിക രംഗത്തിന് വേണ്ടി ഒന്നും ചെയ്യാൻ അവസരം ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടി വിടാനുള്ള പ്രധാന കാരണമെന്നാണ് സൂചന.

പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ബി.ജെ.പി വിടാനുള്ള തീരുമാനം. തന്റെ കായികരംഗത്തെ അറിവും അനുഭവസമ്പത്തും സംസ്ഥാന, ദേശീയ തലങ്ങളിൽ പ്രയോജനപ്പെടുത്താമെന്ന ബി.ജെ.പി നേതൃത്വത്തിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. അഞ്ചുവർഷം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി പ്രവർത്തിച്ച പരിചയസമ്പത്തുണ്ടായിട്ടും പാർട്ടി അത് ഉപയോഗപ്പെടുത്തിയില്ല -പദ്മിനി വ്യക്തമാക്കി.

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിൽപോലും തനിക്ക് പ്രാതിനിധ്യം നൽകിയില്ല. പല പാർട്ടി യോഗങ്ങളിൽനിന്നും തന്നെ ഒഴിവാക്കി. പാർട്ടി വിടുന്ന കാര്യം ബി.ജെ.പി നേതാക്കളെ മുൻകൂട്ടി അറിയിച്ചില്ലെന്നും തന്നോട് ഒരു കൂടിയാലോചനകളും നടത്താത്ത പാർട്ടിയോട് അത് പറയേണ്ടതില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തോളമായി പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നെന്നും വ്യക്തമാക്കി.