ഇന്ത്യൻ ഫുട്ബാളിന് എന്താണ് സംഭവിക്കുന്നത്? ബൂട്ടിയയുടെ വിമർശനത്തിന് പിന്നിലെ യാഥാർഥ്യം

‘നമ്മുടെ ഇന്ത്യൻ ഫുട്​ബാൾ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താ?’ എന്ന് ഫുട്​ബാൾപ്രേമികളായ നാട്ടിൻപുറത്തെ പിള്ളാരോട്​ ചോദിച്ചാൽ ആവേശം പെട്ടെന്നൊരു ‘സൈലന്റ് മോഡിലേക്ക്’ മാറും. ചിലർ ദീർഘനിശ്വാസം വിടും; മറ്റു ചിലർ ‘അത് വിട്, നമുക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗോ സ്പാനിഷ് ലാ ലീഗോ കാണാം’ എന്ന് പറഞ്ഞ് തടിയൂരും. ചുരുക്കത്തിൽ, ലോകഫുട്ബാളിന്റെ ആഘോഷപ്പറമ്പിൽ കാണിയായി ഇരിക്കാൻ നമുക്ക് ഒരു മടിയുമില്ല; ഇഷ്ട ടീമിന്‍റെയും കളിക്കാരുടെയും ഏറ്റവും വലിയ ഫ്ലക്സ്​ വെക്കാൻ മത്സരിക്കും, എന്നാൽ സ്വന്തം ടീമിന്റെ കളിയുടെ കാര്യം വരുമ്പോൾ മാത്രം പലർക്കും പറയാൻ വാക്കുകളില്ലാതാകും! അത്​ കളി കാണുന്നവരുടെ കുഴപ്പമല്ല. ലോക കപ്പടുക്കുമ്പോൾ ഇന്ത്യക്കുവേണ്ടി ഫ്ലക്സ്​ വെക്കണമെന്ന ആഗ്രഹമൊന്നും ഈ നൂറ്റാണ്ടിൽ നടക്കുമെന്ന്​ തോന്നുന്നില്ല എന്നായിരിക്കും മറുപടി കിട്ടുക.

ബ്രസീൽ, ഉറുഗ്വേ തുടങ്ങിയ വമ്പൻ ടീമുകളുടെ താരങ്ങൾ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ പന്തുതട്ടുക എന്നതുതന്നെ വലിയ സംഭവമാണ്​. പനാമയോട് സമനില, ബ്രസീലിനോടും ഉറുഗ്വേയോടും കനത്ത തോൽവി, പിന്നാലെ ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും ഗോൾ നേടാനാകാതെ എട്ട് ഗോളുകൾ വഴങ്ങിയ പരാജയം. അഞ്ച് രാജ്യാന്തര സൗഹൃദ മത്സരങ്ങളിൽ ഇന്ത്യയുടെ വലയിൽ വീണത് 19 ഗോളുകൾ. ഇതിനിടെയാണ് ഇന്ത്യൻ ഫുട്ബാളിന്റെ ഇപ്പോഴത്തെ അവസ്ഥയെ ‘ദയനീയം’ എന്ന് വിശേഷിപ്പിച്ച് മുൻ നായകൻ ബൈച്ചുങ് ബൂട്ടിയ ഉൾപ്പെടെ 15 മുൻ രാജ്യാന്തര താരങ്ങൾ രംഗത്തെത്തിയത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ഭരണത്തിനെതിരെയും നേതൃത്വമാറ്റം ആവശ്യപ്പെട്ടും കായിക മന്ത്രിക്ക് നൽകിയ കത്ത് ഇന്ത്യൻ ഫുട്ബാളിലെ പ്രതിസന്ധി വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.

എന്നാൽ ഇതൊരു ഭരണപ്രതിസന്ധിയുടെ മാത്രം കഥയല്ല. രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം, താരങ്ങളുടെ നിലവാരം, ആഭ്യന്തര ലീഗുകളുടെ ഭാവി, യുവതാരങ്ങളുടെ വളർച്ച, ദേശീയ ടീമിന്റെ മത്സരസന്നാഹം എന്നിവയെല്ലാം ചേർത്തുവായിക്കുമ്പോഴാണ് യഥാർഥ പ്രശ്നങ്ങളുടെ വ്യാപ്തി മനസ്സിലാകുന്നത്. പെട്ടന്ന്​ ഒരു സുപ്രഭാതത്തിൽ വമ്പൻ ടീമുകളുമായി ഇന്ത്യക്ക്​ സൗഹൃദ മത്സരം ഏർപ്പാടാക്കിക്കൊടുത്താൽ ജയിക്കുന്നതുപോയിട്ട്​ തിരിച്ച്​ ഒരുഗോൾ പോലും എതിർ വലയിൽ എത്തിക്കാനാകില്ല എന്നതാണ്​ റിയാലിറ്റി.

ഇന്ത്യയുടെ സമീപകാല പ്രകടനം പരിശോധിക്കാൻ ഏറ്റവും നല്ല ഉദാഹരണമാണ് 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള രാജ്യാന്തര മത്സരങ്ങൾ. പനാമ, ബ്രസീൽ, ഉറുഗ്വേ, ന്യൂസിലൻഡ് എന്നീ ടീമുകൾക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഫലങ്ങൾ ഇന്ത്യൻ ടീമിന്റെ നിലവിലെ പരിമിതികൾ തുറന്നുകാട്ടുന്നു.

സെപ്റ്റംബർ 25ന് ബെംഗളൂരുവിൽ പനാമയുമായാണ് ഇന്ത്യയുടെ ഈ മത്സരപരമ്പര ആരംഭിച്ചത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള പനാമയ്ക്കെതിരെ 1–1 സമനില നേടാൻ ഇന്ത്യക്ക് കഴിഞ്ഞു. റയാൻ വില്യംസാണ് ഇന്ത്യക്കായി ഗോൾ നേടിയത്. മികച്ച എതിരാളികൾക്കെതിരെ പൊരുതിനിൽക്കാൻ ടീമിന് കഴിയുമെന്ന പ്രതീക്ഷ ഈ മത്സരം നൽകിയിരുന്നു. എന്നാൽ അതിനുശേഷമുള്ള മത്സരങ്ങളിൽ സ്ഥിതി മാറി.

ഒക്ടോബർ 3ന് ബ്രസീലിനെതിരെ കൊൽക്കത്തയിൽ ഇറങ്ങിയ ഇന്ത്യക്ക് 0–4ന്റെ തോൽവിയായിരുന്നു ഫലം. മത്സരത്തിന്റെ തുടക്കത്തിൽ പ്രതിരോധനിരയെ ഉപയോഗിച്ച് ബ്രസീലിന്റെ മുന്നേറ്റങ്ങളെ തടയാൻ ഇന്ത്യക്ക് സാധിച്ചെങ്കിലും 28-ാം മിനിറ്റിൽ എസ്തേവാവോ നേടിയ ഗോളോടെ മത്സരത്തിന്റെ നിയന്ത്രണം സന്ദർശകർ ഏറ്റെടുത്തു. പിന്നീട് ഇന്ത്യയുടെ പ്രതിരോധത്തിലെ വിടവുകൾ ബ്രസീൽ കൃത്യമായി മുതലെടുത്തു. ആദ്യത്തെ മിനിറ്റുകളിൽ ഓടിയ ഓട്ടം നിലനിർത്താൻ പോലുമാകാതെ കിതക്കുന്ന താരങ്ങളെയാണ്​ കാണാനായത്​.

ഒക്ടോബർ 6ന് ഉറുഗ്വേയ്ക്കെതിരായ മത്സരത്തിലും സമാനമായ പ്രശ്നങ്ങൾ ആവർത്തിച്ചു. 1–6നായിരുന്നു ഇന്ത്യയുടെ തോൽവി. അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയുടെ ആശ്വാസഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യക്ക് പ്രതിരോധത്തിൽ വലിയ സമ്മർദം നേരിടേണ്ടിവന്നു. രണ്ടാം പകുതിയിൽ തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഉറുഗ്വേയുടെ ആക്രമണങ്ങളെ നിയന്ത്രിക്കാനായില്ല.ഇതിനുശേഷം നവംബറിൽ ന്യൂസിലൻഡിനെതിരായ രണ്ട് സൗഹൃദ മത്സരങ്ങളിലാണ് ഇന്ത്യയുടെ സ്ഥിതി കൂടുതൽ ആശങ്കാജനകമായത്.നവംബർ 12ന് ഓക്ക്‌ലൻഡിൽ നടന്ന ആദ്യ മത്സരത്തിൽ 5–0, നവംബർ 15ന് ക്രൈസ്റ്റ്ചർച്ചിൽ നടന്ന രണ്ടാം മത്സരത്തിൽ 3–0 എന്നീ നിലയിൽ പരാജയപ്പെട്ടു.രണ്ടാം പകുതിയിൽ ഇന്ത്യയുടെ പ്രതിരോധം കുറച്ചുകൂടി സംഘടിതമായെങ്കിലും എതിർ ഗോൾമുഖത്ത് കാര്യമായ ഭീഷണി സൃഷ്ടിക്കാനായില്ല.ബ്രസീലിനെയും ഉറുഗ്വേയെയും പോലുള്ള ടീമുകളോട് കളിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വിലപ്പെട്ട അനുഭവമാകാം. ലോകത്തിലെ മികച്ച താരങ്ങൾക്കെതിരെ കളിക്കുമ്പോൾ സ്വന്തം പോരായ്മകൾ തിരിച്ചറിയാനും കളിയുടെ വേഗവും നിലവാരവും മനസ്സിലാക്കാനും അവസരമുണ്ട്.എന്നാൽ ഇത്തരം മത്സരങ്ങൾ സംഘടിപ്പിച്ചതുകൊണ്ടുമാത്രം ഒരു ടീമിന്റെ നിലവാരം ഉയരില്ല. അതിൽനിന്ന് എന്താണ് പഠിച്ചത്, അടുത്ത മത്സരത്തിൽ എന്ത് മാറ്റമാണ് വരുത്തിയത് എന്നതാണ് പ്രധാനം.ബ്രസീലിനെതിരായ മത്സരത്തിൽ ആദ്യ 25 മിനിറ്റോളം ഇന്ത്യക്ക് പ്രതിരോധത്തിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ആദ്യ ഗോൾ വഴങ്ങിയതോടെ കളിയുടെ നിയന്ത്രണം നഷ്ടമായി. എതിർ ടീമിന്റെ വേഗതയേറിയ മുന്നേറ്റങ്ങൾക്കും പന്ത് കൈമാറുന്ന രീതിക്കും അനുസരിച്ച് പ്രതിരോധനിരയെ പുനഃക്രമീകരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല.ഉറുഗ്വേയ്ക്കെതിരായ മത്സരത്തിലും പ്രതിരോധത്തിലെ ഏകോപനക്കുറവ് പ്രകടമായി. എതിരാളികൾക്ക് മുന്നേറ്റങ്ങൾ സൃഷ്ടിക്കാനും ഇന്ത്യൻ ബോക്സിനുള്ളിൽ അവസരങ്ങൾ കണ്ടെത്താനും താരതമ്യേന എളുപ്പമായി. ഒരു ഗോൾ നേടിയെങ്കിലും മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഇന്ത്യ പ്രതിരോധത്തിലേക്ക് ഒതുങ്ങുകയായിരുന്നു.ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങൾ ഈ പ്രശ്നത്തെ മറ്റൊരു തലത്തിൽ എത്തിച്ചു. ബ്രസീലിനെതിരായ തോൽവിയെ ലോകനിലവാരത്തിലുള്ള ടീമുമായുള്ള മത്സരത്തിലെ സ്വാഭാവിക വ്യത്യാസമായി വിശദീകരിക്കാമെങ്കിൽ, ന്യൂസിലൻഡിനെതിരായ പ്രകടനത്തെ അങ്ങനെ മാത്രം കാണാനാകില്ല. ലോകകപ്പ് കളിച്ച ടീമാണെങ്കിലും ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ മത്സരത്തിൽ പിടിച്ചുനിൽക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു.പ്രത്യേകിച്ച് രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ലെന്നാണ് മത്സരവിശകലനങ്ങൾ വ്യക്തമാക്കുന്നത്. മുന്നേറ്റനിര ഒറ്റപ്പെട്ടുപോകുകയും മധ്യനിരയിൽനിന്ന് ആവശ്യമായ പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്തു.ലോകോത്തര താരനിരയൊന്നുമല്ലാഞ്ഞിട്ടും ന്യൂസിലൻഡ്​ ടീമിന്‍റെ പ്രഫഷനലിസത്തിന്‍റെ അടുത്തെത്താൻ പോലും ഇന്ത്യക്ക്​ രണ്ടുകളിയിലും കഴിഞ്ഞില്ല.ഒരു മത്സരത്തിൽ രണ്ടോ മൂന്നോ ഗോളുകൾ വഴങ്ങുന്നത് വ്യക്തിഗത പിഴവുകളുടെയോ എതിരാളികളുടെ മികവിന്റെയോ ഫലമായിരിക്കാം. എന്നാൽ തുടർച്ചയായ മത്സരങ്ങളിൽ ഇതേ അവസ്ഥ ആവർത്തിക്കുമ്പോൾ പരിശീലനരീതിയെയും ടീമിന്റെ തന്ത്രങ്ങളെയും കുറിച്ച് ചോദ്യങ്ങളുയരും.

ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരത്തിൽ ആദ്യ ഗോൾ വഴങ്ങിയതിൽ ഗോൾകീപ്പർ വിഷാൽ കൈത്തിന്റെ പിഴവിനും പങ്കുണ്ടായിരുന്നു. കോർണർ കിക്ക് കൃത്യമായി കൈകാര്യം ചെയ്യാനാകാതിരുന്നതോടെ ഫിൻ സർമ്മന് ഹെഡറിലൂടെ വലകുലുക്കാൻ അവസരം ലഭിച്ചു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിയതോടെ ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത തന്നെ ഇല്ലാതായി. രാജ്യാന്തര മത്സരങ്ങളിൽ കളിച്ച്​ തഴക്കവും പഴക്കവുമുള്ള അർജന്‍റീന പോലുള്ള ടീമുകൾ പിന്നിൽ നിന്ന്​ തിരിച്ചടിച്ച്​ ജയിക്കും പോലെ എളുപ്പമല്ല ഇന്ത്യയെ പോലെ റാങ്കിങ്ങിൽ പിന്നിലുള്ള ടീമുകൾക്ക്​ കാര്യങ്ങൾ.

മറ്റൊരു പ്രധാന പ്രശ്നം മുന്നേറ്റനിരയാണ്. പന്ത് പ്രതിരോധത്തിൽനിന്ന് മധ്യനിരയിലേക്ക് എത്തിച്ചാലും അവിടെനിന്ന് എതിർ ടീമിന്റെ ബോക്സിലേക്ക് ഫലപ്രദമായി മുന്നേറാൻ ഇന്ത്യക്ക് പലപ്പോഴും കഴിയുന്നില്ല. മുന്നേറ്റതാരങ്ങൾക്ക് പന്ത് ലഭിക്കുമ്പോൾ ആവശ്യമായ പിന്തുണയില്ലാത്തതും അവസാന പാസുകളിലെ കൃത്യതക്കുറവും ഗോൾ അവസരങ്ങൾ കുറയ്ക്കുന്നു.പന്ത് തിരിച്ചുപിടിച്ചാൽ അത് എങ്ങനെ ആക്രമണമായി മാറ്റുന്നു എന്നതും പ്രധാനമാണ്. ഇന്ത്യയുടെ സമീപകാല മത്സരങ്ങളിൽ ഈ മാറ്റം ഫലപ്രദമായി കാണാനായില്ല.

ഫിഫ റാങ്കിങ്ങിലെ ഇടിവ്; മൂന്ന് വർഷം കൊണ്ട് പിന്നിലേക്ക്

മൈതാനത്തെ പ്രകടനങ്ങൾക്കൊപ്പം ഫിഫ റാങ്കിങ്ങിലെ ഇന്ത്യയുടെ സ്ഥാനവും ആശങ്കപ്പെടുത്തുന്നതാണ്. 2023ൽ ആദ്യ 100 സ്ഥാനങ്ങൾക്കുള്ളിലുണ്ടായിരുന്ന ഇന്ത്യൻ പുരുഷ ടീം പിന്നീട് തുടർച്ചയായി താഴേക്ക് പോയി.2023ൽ ഇന്ത്യ 99-ാം സ്ഥാനത്തുവരെ എത്തിയിരുന്നു. എന്നാൽ 2024ലും 2025ലും റാങ്കിങ് ഇടിഞ്ഞു. 2025 അവസാനത്തോടെ 142-ാം സ്ഥാനത്തേക്കും ഇന്ത്യ താഴ്ന്നിരുന്നു. 2026 ജൂലൈയിലെ ഔദ്യോഗിക ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 138-ാം സ്ഥാനത്തായിരുന്നു.മൂന്ന് സ്ഥാനങ്ങൾ കൂടി താഴ്ന്ന് 141-ാം സ്ഥാനത്താണ്​ (1,079.99 പോയിന്റ്) നിലവിൽ.എന്നാൽ റാങ്കിങ് മാത്രം ഉപയോഗിച്ച് ഒരു ടീമിന്റെ മുഴുവൻ നിലവാരവും അളക്കാനാകില്ല. കളിച്ച മത്സരങ്ങളുടെ എണ്ണം, എതിരാളികളുടെ റാങ്കിങ്, വിജയവും തോൽവിയും തുടങ്ങി നിരവധി ഘടകങ്ങൾ ഫിഫയുടെ കണക്കുകൂട്ടലിനെ സ്വാധീനിക്കുന്നു. എന്നിരുന്നാലും തുടർച്ചയായ ഇടിവ് അവഗണിക്കാവുന്ന കാര്യമല്ല.

ബൂട്ടിയയുടെ വിമർശനം; പ്രശ്നം കളിക്കളത്തിന് പുറത്തും

ഇന്ത്യൻ ഫുട്ബാളിലെ പ്രതിസന്ധി മൈതാനത്തെ പ്രകടനത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്ന ആരോപണമാണ് ബൈച്ചുങ് ബൂട്ടിയയും മറ്റ് മുൻ താരങ്ങളും ഉന്നയിക്കുന്നത്.അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെയുടെ നേതൃത്വത്തിനെതിരെ 15 മുൻ രാജ്യാന്തര താരങ്ങൾ ഒപ്പിട്ട കത്ത് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് നൽകിയിട്ടുണ്ട്. ഫെഡറേഷന്റെ നേതൃത്വത്തിൽ മാറ്റം വേണമെന്നും പരിചയസമ്പത്തും ഭരണപരമായ കഴിവുമുള്ള ഒരാൾക്ക് ഉത്തരവാദിത്തം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.ഇന്ത്യയുടെ റാങ്കിങ് ഇടിഞ്ഞത്, ആഭ്യന്തര ലീഗുകളുടെ നടത്തിപ്പിലെ അനിശ്ചിതത്വം, ക്ലബ്ബുകളുടെ സാമ്പത്തിക പ്രതിസന്ധി, താരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം എന്നിവയും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

ബ്രസീൽ, ഉറുഗ്വേ തുടങ്ങിയ ടീമുകളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാൻ വലിയ തുക ചെലവഴിച്ചപ്പോൾ ആഭ്യന്തര ലീഗുകൾ നടത്തുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും മുൻ താരങ്ങൾ ഉന്നയിക്കുന്നു. ഈ മത്സരങ്ങൾ വെറും പ്രചാരണ പരിപാടികളായി മാറിയെന്നും അവർ വിമർശിക്കുന്നു.ദേശീയ ടീമിന് ഉയർന്ന നിലവാരത്തിലുള്ള രാജ്യാന്തര മത്സരങ്ങൾ നൽകുന്നത് നല്ല കാര്യമാണ്. എന്നാൽ അതിനൊപ്പം രാജ്യത്തിനകത്തെ ഫുട്ബാൾ സംവിധാനവും ശക്തിപ്പെടണം. ക്ലബ്ബുകൾക്ക് സാമ്പത്തിക സ്ഥിരതയില്ലെങ്കിൽ, ലീഗുകൾ കൃത്യസമയത്ത് നടക്കാതിരുന്നാൽ, താരങ്ങൾക്ക് സ്ഥിരമായ വരുമാനവും മത്സരപരിചയവും ലഭിക്കാതെ വന്നാൽ ദേശീയ ടീമിന്റെ നിലവാരത്തെയും അത് ബാധിക്കും.ഫെഡറേഷന്റെ നേതൃത്വത്തിനെതിരായ ആരോപണങ്ങൾ സ്വതന്ത്രമായി പരിശോധിക്കേണ്ട വിഷയങ്ങളാണ്. എന്നാൽ കളിക്കളത്തിലെ മോശം പ്രകടനവും ഭരണരംഗത്തെ ആശങ്കകളും ഒരേസമയം ചർച്ചയാകുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ പ്രശ്നം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെയും ഐ-ലീഗിന്റെയും നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ, ലീഗ് മത്സരങ്ങൾ കൃത്യസമയത്ത് നടക്കാതിരിക്കുക, ക്ലബ്ബുകളുടെ സാമ്പത്തിക ബാധ്യതകൾ വർധിക്കുക, താരങ്ങളുടെ കരാറുകളും തൊഴിൽസുരക്ഷയും പ്രതിസന്ധിയിലാകുക തുടങ്ങിയ പ്രശ്നങ്ങൾ ഫുട്ബാൾ മേഖലയെ ബാധിക്കുന്നുണ്ട്​.സ്ഥിരമായി കളിക്കുമ്പോഴാണ് സമ്മർദങ്ങളെ നേരിടാനും വ്യത്യസ്ത കളിശൈലികളോട് പൊരുത്തപ്പെടാനും മത്സരപരിചയം നേടാനും കഴിയുന്നത്.വിദേശ രാജ്യങ്ങളിൽ ദേശീയ ടീമിന്റെ വളർച്ചയ്ക്ക് പിന്നിൽ ശക്തമായ ക്ലബ് സംവിധാനവും പ്രായവിഭാഗങ്ങൾ തിരിച്ചുള്ള മത്സരങ്ങളും പരിശീലന അക്കാദമികളും പങ്കുവഹിക്കുന്നുണ്ട്​ നമ്മുടെ അധികൃതർക്ക്​ അറിയാത്ത കാര്യമൊന്നുമല്ല.ഇന്ത്യയിലും അക്കാദമികളും പരിശീലന പദ്ധതികളും ഉണ്ടെങ്കിലും അവയുടെ നിലവാരത്തിലും വ്യാപ്തിയിലും സ്ഥിരതയിലും ഇനിയും പുരോഗതി വേണ്ടിയിരിക്കുന്നു.

പ്രതീക്ഷയുടെ മറുവശം; സാഫ് കിരീടം നേടിയ യുവതാരങ്ങൾ

ന്യൂസിലൻഡിൽ സീനിയർ ടീം സൗഹൃദ മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ, അണ്ടർ 23 താരങ്ങളെ ഉൾപ്പെടുത്തി നൗഷാദ് മൂസയുടെ നേതൃത്വത്തിൽ മറ്റൊരു ഇന്ത്യൻ സംഘം സാഫ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. നവംബർ 17ന് ധാക്കയിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെ 2–1ന് തോൽപ്പിച്ച് ഇന്ത്യ കിരീടം നേടി. ആദ്യ പകുതിയിൽ പിന്നിലായ ഇന്ത്യ തിരിച്ചുകയറി വന്നതോടെ തുടർച്ചയായ മൂന്നാം സാഫ് കിരീടമാണ്​ സ്വന്തമായത്​.എന്നാൽ സാഫ് മേഖലയിലെ വിജയം വൻ സംഭവമല്ല. ദക്ഷിണേഷ്യൻ ടീമുകൾക്കെതിരായ മത്സരവും ലോകകപ്പ് നിലവാരമുള്ള ടീമുകൾക്കെതിരായ മത്സരവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.അണ്ടർ 23 തലത്തിൽ കിരീടം നേടിയ താരങ്ങൾ സീനിയർ ടീമിലേക്ക് എത്തുമ്പോൾ അവരുടെ വളർച്ച തുടരാനുള്ള സാഹചര്യം ഒരുക്കുക എന്നത് ഫെഡറേഷന്റെയും ക്ലബ്ബുകളുടെയും ഉത്തരവാദിത്തമാണ്.രാജ്യാന്തര നിലവാരത്തിലേക്ക് ഉയരണമെങ്കിൽ ആദ്യം ആഭ്യന്തര സംവിധാനത്തിൽ മാറ്റം വേണം. ക്ലബ് ലീഗുകൾക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കണം. യുവതാരങ്ങൾക്ക് പ്രായത്തിനനുസരിച്ചുള്ള മത്സരങ്ങൾ നൽകണം. പരിശീലകരുടെ നിലവാരം ഉയർത്തണം. ദേശീയ ടീമിന്റെ മത്സരക്രമം മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ഓരോ മത്സരത്തിന്റെയും പ്രകടനം വിലയിരുത്തി തുടർപരിശീലനത്തിൽ മാറ്റങ്ങൾ വരുത്തുകയും വേണം.ദേശീയ ടീമിന് ലോകത്തിലെ മികച്ച ടീമുകളെ നേരിടാനുള്ള അവസരം നൽകുന്നതിനൊപ്പം ഇന്ത്യയുടെ നിലവാരത്തോട് അടുത്തുനിൽക്കുന്ന ടീമുകൾക്കെതിരെയും കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കണം. അത്തരം മത്സരങ്ങളിലാണ് ഇന്ത്യക്ക് ജയിക്കാനും തോൽക്കാതിരിക്കാനും ആവശ്യമായ സ്ഥിരത വളർത്തിയെടുക്കാൻ കഴിയുക.

മറ്റൊരു പ്രധാന വിഷയം ഭരണത്തിലെ സുതാര്യതയാണ്. ഫെഡറേഷന്റെ സാമ്പത്തിക ഇടപാടുകൾ, ലീഗ് നടത്തിപ്പിലെ തീരുമാനങ്ങൾ, ദേശീയ ടീമിന്റെ പദ്ധതികൾ എന്നിവയെല്ലാം വ്യക്തമായിരിക്കണം. നേതൃത്വമാറ്റം മാത്രം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെങ്കിലും ഉത്തരവാദിത്തമുള്ള ഭരണസംവിധാനം അനിവാര്യമാണ്.കഴിവുള്ള താരങ്ങളില്ലെന്നതല്ല പ്രശ്നം. കഴിവുകളെ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ കഴിയുന്ന സംവിധാനത്തിന്റെ കാര്യക്ഷമതയാണ് പ്രശ്നം.

ബൂട്ടിയയുടെ വിമർശനത്തെ ഒരു മുൻ താരത്തിന്റെ അതൃപ്തിയായി മാത്രം കാണാനാകില്ല. 19 ഗോളുകൾ വഴങ്ങിയ അഞ്ച് മത്സരങ്ങളും റാങ്കിങ്ങിലെ ഇടിവും ആഭ്യന്തര ഫുട്ബാളിലെ അനിശ്ചിതത്വങ്ങളും ചേർത്തുവായിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോളിന് മുന്നിലുള്ള വെല്ലുവിളി വ്യക്തമാണ്.ദക്ഷിണ കൊറിയയോടും ആസ്ട്രേലിയയോടും ഒരുകാലത്ത്​ ഇന്ത്യ ജയിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസമായിരിക്കും. 1956ലെ മെൽബൺ ഒളിമ്പിക്സിൽ കരുത്തരായ ആസ്ട്രേലിയയെ അവരുടെ നാട്ടിൽവെച്ച് 4–2ന് തകർത്ത്​ ഇന്ത്യ സെമിയിലെത്തിയിട്ടുണ്ട്​. 1962ലെ ഏഷ്യൻ ഗെയിംസ് ഫൈനലിൽ ദക്ഷിണ കൊറിയയെ 2–1ന് തോൽപ്പിച്ച് ഇന്ത്യ സ്വർണവും സ്വന്തമാക്കിയിട്ടുണ്ട്​. അന്ന് ഏഷ്യൻ ഫുട്ബാളിലെ കരുത്തുറ്റ ശക്തികളിലൊന്നായിരുന്നു ഇന്ത്യയെന്നത്​ കെട്ടുകഥയല്ല. ഒരിക്കൽ ഏഷ്യയിലെ വമ്പന്മാരെ വിറപ്പിച്ചിരുന്ന ഒരു ടീം ഇന്ന് ഇത്ര പിന്നിലായിപ്പോയിരിക്കുന്നു എന്ന ദുഃഖകരമായ റിയാലിറ്റിയാണ്​ ബാക്കി.

മുറിവിൽ ഉപ്പുതേച്ചിട്ട് കാര്യമില്ലെന്നതാണ് ഇന്ത്യൻ ഫുട്ബാളിന്റെ അവസ്ഥ. ബ്രസീലിനോടും ഉറുഗ്വേയോടും തോറ്റതിനെ മാത്രം പറഞ്ഞ് ഇന്ത്യൻ ടീമിനെ കുറ്റപ്പെടുത്തുന്നതിലും അർഥമില്ല. കാരണം ഇന്ത്യക്കെതിരെ ഇറങ്ങിയ ടീമുകളിൽ ലോകഫുട്ബാളിലെ വൻ താരങ്ങളുണ്ടായിരുന്നു. ബ്രസീലിന്റെ ആദ്യ ഇലവനിൽ ചെൽസിയുടെ എസ്തേവാവോ, റയൽ മാഡ്രിഡിൽ കളിക്കുന്ന വിനീഷ്യസ് ജൂനിയർ, പി.എസ്.ജിയുടെ നായകൻ മാർക്വിനോസ് തുടങ്ങിയവരുണ്ടായിരുന്നു. വിനീഷ്യസ് ആദ്യ പകുതിയിൽ ഇന്ത്യക്കെതിരെ മൂന്ന് ഷോട്ടുകൾ ഉതിർത്തു. അതിൽ രണ്ടെണ്ണം ഗുർപ്രീത് സിങ് സന്ധു തടഞ്ഞു. വിനീഷ്യസിന് ഗോൾ നേടാനായില്ലെങ്കിലും, ലോകോത്തര താരങ്ങളുടെ ആക്രമണത്തെ ചെറുക്കാൻ ഇന്ത്യക്ക് ചില ഘട്ടങ്ങളിൽ കഴിഞ്ഞിരുന്നു. ഉറുഗ്വേ നിരയിൽ ഡാർവിൻ നൂനസ്, ടോട്ടൻഹാമിന്റെ റോഡ്രിഗോ ബെന്റാങ്കൂർ, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജോസ് മരിയ ഹിമിനസ് തുടങ്ങിയ പ്രമുഖരും അണിനിരന്നു. സ്പോർട്ടിങ് സി.പിയുടെ മാക്സിമിലിയാനോ അറൗഹോ മത്സരത്തിൽ ഇരട്ടഗോൾ നേടുകയും ചെയ്തു.ഇത്രയും മികച്ച താരനിരയുള്ള ടീമുകളോട് തോൽക്കുന്നത് വലിയ അത്ഭുതമൊന്നുമല്ല. എന്നാൽ അത്തരം ടീമുകളോട് മത്സരിക്കാൻ ആവശ്യമായ വേഗവും ശാരീരികക്ഷമതയും പന്തടക്കവും തന്ത്രപരമായ മികവും ഇന്ത്യക്കും ഉണ്ടാകേണ്ടതുണ്ട്. ബ്രസീലിനെതിരെ ആദ്യ 25 മിനിറ്റോളം ഇന്ത്യ പ്രതിരോധത്തിൽ പിടിച്ചുനിന്നു.അവർക്കൊപ്പം കളിക്കാൻ ആവശ്യമായ നിലവാരത്തിലേക്ക് നമ്മുടെ താരങ്ങളെ എത്തിക്കാൻ എന്താണ് ചെയ്യുന്നത്? ഓരോ രാജ്യാന്തര മത്സരത്തിനും തൊട്ടുമുമ്പ് ക്യാമ്പ് നടത്തി ടീമിനെ ഒരുക്കുന്നതിലുപരി, വർഷം മുഴുവൻ മികച്ച നിലവാരത്തിലുള്ള മത്സരങ്ങൾ കളിക്കാനും അതിലൂടെ ആവശ്യമായ ശാരീരികക്ഷമതയും കളിമികവും നേടാനും കഴിയുന്ന സാഹചര്യം താരങ്ങൾക്ക് കിട്ടാത്തതാണോ​? ലോകത്തിലെ മികച്ച ടീമുകൾ ഇന്ത്യയിലെത്തി കളിച്ചു ജയിച്ച്​ അവര്​ പോകും; അവരുടെ മികവ് നേരിട്ട് കണ്ടതിന്റെ ആവേശം മാത്രമാകും നമുക്ക് ബാക്കിയാകുക.