ചീഫ് ജസ്റ്റിസിനെതിരായ വിവാദപോസ്റ്റ്: നിരുപാധികം മാപ്പുപറഞ്ഞ് കെ.പി.സി.സി, സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് സത്യവാങ്മൂലം നൽകി. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടാണ് വിവാദ പോസ്റ്റിൽ അദ്ദേഹം സത്യവാങ്മൂലം സമർപ്പിച്ചത്. സമൂഹമാധ്യമത്തിലെ പോസ്റ്റുകളിൽ ഇനി ജാഗ്രതയുണ്ടാകുമെന്നും കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നുമാണ് സത്യവാങ്മൂലത്തിൽ അദ്ദേഹം ആവശ്യപ്പെട്ടത്.

അഭിഭാഷകരായ വിനീത് ജിൻഡാൽ, ശ്രീജേഷ് എസ്.ആർ എന്നിവരാണ് കേസിൽ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിനെതിരെ കെ.പി.സി.സി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലായിരുന്നു പരാതി. വിവാദമായതിന് പിന്നാലെ കെ.പി.സി.സി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. പിന്നാലെ പോസ്റ്റിട്ടവരെ നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. അനുമതിയില്ലാതെയാണ് പോസ്റ്റിട്ടതെന്നും കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും സണ്ണി ജോസഫ് അറിയിച്ചിരുന്നു.